Asianet News MalayalamAsianet News Malayalam

ബുദ്ധിസ്റ്റ് 'ട്രംപ്'; തമാശയ്ക്ക് തയ്യാറാക്കിയ പ്രതിമകള്‍ക്ക് ഇന്ന് 'ഡിമാന്‍ഡ്'

ചൈനയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി ഇരൂന്നൂറോളം ഓര്‍ഡറുകളാണത്രേ ഹോങിന് ലഭിച്ചത്. സുഹൃത്തായ മറ്റൊരു ശില്‍പിയുടെ കൂടെ സഹായത്തോടെ മാസങ്ങളെടുത്താണ് ഹോങ്, ട്രംപിന്റെ പ്രതിമകള്‍ നിര്‍മ്മിക്കുന്നത്. കാര്യങ്ങളിത്രത്തോളം ആയെങ്കിലും ട്രംപ് ഇതുവരെ ഇങ്ങനെയൊരു പ്രതിമയെ കുറിച്ച് അറിഞ്ഞിട്ടുണ്ടോയെന്നത് ഹോങിന് അറിയില്ല

trump buddha statue made by chinese furniture maker comes in demand
Author
China, First Published Mar 31, 2021, 8:33 PM IST

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന സമയം. വെറുതെ ഒരു തമാശയ്ക്ക് വേണ്ടി ധ്യാനനിരതനായിരിക്കുന്ന ബുദ്ധപ്രതിമകളുടെ മാതൃകയില്‍ ചൈനീസ് ശില്‍പിയായ ഹോങ് ജിന്‍ഷി ട്രംപിന്റെ ചെറു പ്രതിമകള്‍ നിര്‍മ്മിച്ചു. ബുദ്ധനും ട്രംപും തമ്മിലുള്ള വൈരുധ്യം എന്നതായിരുന്നു ഈ പ്രോജക്ടിലേക്ക് ജിന്‍ഷിയെ എത്തിച്ചത്. 

എന്നാല്‍ ഇപ്പോള്‍ ഒരു വര്‍ഷത്തിനിപ്പുറം ഈ പ്രതിമകള്‍ക്ക് ആവശ്യക്കാരെത്തുന്നുവെന്നാണ് ഹോങ് പറയുന്നത്. 'ഫണ്‍' എന്നത് മാത്രമായിരുന്നു ഈ പ്രതിമകള്‍ നിര്‍മ്മിക്കുമ്പോള്‍ താന്‍ ഓര്‍ത്തിരുന്നതെന്നും എന്നാല്‍ ഇതിന് ആവശ്യക്കാരെത്തുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും ഹോങ് പറയുന്നു.

'പ്രായമായ ആളുകള്‍ അവരുടെ ജീവിതാനുഭവങ്ങള്‍ വച്ച് പാകതയിലെത്തുകയും ധ്യാനാത്മകമായ അവസ്ഥയിലേക്ക് എത്തുകയും ചെയ്യുമെന്നൊരു സങ്കല്‍പം നമ്മുടെ സമൂഹത്തിലുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് വിപരീതമായി വാര്‍ധക്യത്തിലും എപ്പോഴും പൊട്ടിത്തെറിക്കുകയും ബാലിശമായി പെരുമാറുകയും ചെയ്യുന്ന ആളായിരുന്നു ട്രംപ്. വൈരുധ്യത്തെ ആസ്പദമാക്കിയാണ് ഞാന്‍ പ്രതിമകളുണ്ടാക്കിയത്...'- ഹോങ് പറയുന്നു. 

ചൈനയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി ഇരൂന്നൂറോളം ഓര്‍ഡറുകളാണത്രേ ഹോങിന് ലഭിച്ചത്. സുഹൃത്തായ മറ്റൊരു ശില്‍പിയുടെ കൂടെ സഹായത്തോടെ മാസങ്ങളെടുത്താണ് ഹോങ്, ട്രംപിന്റെ പ്രതിമകള്‍ നിര്‍മ്മിക്കുന്നത്. കാര്യങ്ങളിത്രത്തോളം ആയെങ്കിലും ട്രംപ് ഇതുവരെ ഇങ്ങനെയൊരു പ്രതിമയെ കുറിച്ച് അറിഞ്ഞിട്ടുണ്ടോയെന്നത് ഹോങിന് അറിയില്ല. 

അദ്ദേഹം ഇതെക്കുറിച്ച് അറിയണമെന്നാണ് തന്റെ ആഗ്രഹമെന്നും അങ്ങനെയെങ്കിലും സന്തോഷം എന്നത് എന്താണെന്നതിനെ കുറിച്ച് അദ്ദേഹം ചിന്തിക്കട്ടെ എന്നുമാണ് ഹോങ് പറയുന്നത്. 

'ധ്യാനം എന്നത് അവനവന്റെ അകത്തേക്ക് തന്നെയുള്ള നോട്ടമാണ്. പ്രശസ്തിക്കും പദവിക്കും വേണ്ടി കടിപിടി കൂടുന്നത് അവസാനിപ്പിക്കാന്‍ ഇതുകൊണ്ട് സാധിക്കും. ട്രംപിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് അല്‍പം ധ്യാനം യോജിക്കുന്നതാണ്...'- ഹോങ് സ്വതസിദ്ധമായ ആക്ഷേപഹാസ്യത്തിന്റെ ഭാഷയില്‍ പറയുന്നു. 

Also Read:- പ്രസിഡന്റിന് 'പണി'യുണ്ടാക്കി വളര്‍ത്തുനായ; വൈറ്റ്ഹൗസില്‍ നിന്ന് തിരിച്ചയച്ചു...

Follow Us:
Download App:
  • android
  • ios