Asianet News MalayalamAsianet News Malayalam

തലമുടി കൊഴിച്ചിൽ എന്ന പരാതി ഇനി വേണ്ട; പരീക്ഷിക്കാം ഈ ഹെയർ മാസ്കുകൾ...

തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം. ഒപ്പം തലമുടി സംരക്ഷണത്തിന് ചെയ്യേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. 

try out these hair masks to get rid of hair fall
Author
Thiruvananthapuram, First Published Oct 31, 2021, 3:32 PM IST

തലമുടി കൊഴിച്ചില്‍ (hair fall) ആണ് പലരുടെയും പ്രധാന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ (lifestyle) ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. 

തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം. ഒപ്പം തലമുടി സംരക്ഷണത്തിന് ചെയ്യേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. വീട്ടിലുള്ള ചില വസ്തുക്കൾ മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും ഉപയോഗപ്രദമാണ്.

അത്തരത്തില്‍ ചില ഹെയർ മാസ്കുകളെ പരിചയപ്പെടാം...     

ഒന്ന്...

തലമുടിയുടെ സംരക്ഷണത്തിനായി പാലക്  ചീര കൊണ്ടുള്ള ഹെയര്‍ മാസ്ക് ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. ചീരയിലുള്ള വിറ്റാമിൻ എ, സി എന്നിവ തലയോട്ടിയിലെ ഓയിലുകളുടെ അമിതോൽപാദനം നിയന്ത്രിക്കുകയും മുടിയെ 'മോയസ്ച്വറൈസ്' ചെയ്യുകയും ചെയ്യുന്നു. വിറ്റാമിൻ സി 'കൊളീജിൻ' ഉത്പാനം വർധിപ്പിക്കുന്നു. ഇത് തലമുടിയുടെ വളർച്ചയ്ക്ക് സഹായകരമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്‍റുകള്‍ മുടി കൊഴിച്ചിലിനെയും തടയും. 

ഒരു കപ്പ് പാലക് ചീര (ഇലകള്‍ മാത്രം), ഒരു ടീസ്പൂൺ തേൻ,  ഒരു ടീസ്പൂൺ വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലീവ് ഓയില്‍ തുടങ്ങിയവയാണ് ചീര ഹെയർ മാസ്ക് തയ്യാറാക്കാന്‍ ആവശ്യമുള്ള വസ്തുക്കൾ. ആദ്യം ചീരയില, തേൻ, വെളിച്ചെണ്ണ എന്നിവയെടുത്ത്  മിക്സിയിലടിക്കുക. ശേഷം ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ഈ മാസ്ക് തലയില്‍ വയ്ക്കാം. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ ഒരു തവണ ഈ ഹെയർ മാസ്ക് ഉപയോഗിക്കാം.

രണ്ട്...

ബനാന ഹെയര്‍‌ മാസ്ക് ആണ് അടുത്തത്. പൊട്ടാസ്യം, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിനുകൾ എന്നിവയുടെ കലവറയാണ് നേന്ത്രപഴം. ഇത് തലമുടി കൊഴിച്ചിൽ തടയാനും താരനെ അകറ്റാനും സഹായിക്കും. ഇതിനായി ആദ്യം പഴുത്ത പഴം രണ്ടെണ്ണം ചെറിയ കഷണങ്ങളായി അരിഞ്ഞതിലേയ്ക്ക്  ഒരു കപ്പ് തൈര് ചേര്‍ക്കുക. ശേഷം അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ കറ്റാർവാഴ ജെല്ലും രണ്ട് വിറ്റാമിന്‍ ഇ ഗുളികകള്‍ കൂടി ചേര്‍ത്ത് മിക്സിയിലടിക്കുക. ഇനി ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. 

മൂന്ന്...

മുടിയിഴകളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഒരു മാന്ത്രിക ചേരുവയാണ് കറിവേപ്പില. അതുകൊണ്ടാണ് പണ്ടുകാലത്തുള്ളവര്‍ കറിവേപ്പില ഇട്ട് കാച്ചിയ എണ്ണ തലമുടിയിൽ പുരട്ടുന്നത്. അതുപോലെ തന്നെ തലമുടിയുടെ തിളക്കത്തിന് സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി പൂക്കൾ. ഈ ഹെയര്‍ മാസ്ക് തയ്യാറാക്കാന്‍ ആദ്യം 8-10 ചെമ്പരത്തി പൂക്കൾ എടുത്ത് ദളങ്ങൾ വേർതിരിക്കുക. കുറച്ച് ചെമ്പരത്തി ഇലകളും എടുക്കുക. അവ നന്നായി കഴുകി മിക്സിയിൽ ഇടുക. ഇനി ഒരു പിടി കറിവേപ്പിലയും കുറച്ച് വെള്ളവും ചേർത്ത ശേഷം മിക്സിയിലിട്ട് അടിച്ചെടുക്കുക. ഈ ഹെയർ മാസ്ക് ശിരോചർമ്മത്തിലും മുടിയിലും പുരട്ടുക. ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. 

നാല്...

തലമുടി കൊഴിച്ചിലും താരനും അകറ്റാനുള്ള മികച്ച പ്രതിവിധിയാണ് കറ്റാര്‍വാഴ. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ കറ്റാര്‍വാഴയുടെ  ജെൽ മുടിയുടെ വളർച്ചയ്ക്കും തലയോട്ടിയിലെ ചൊറിച്ചിൽ തടയുന്നതിനും താരൻ അകറ്റുന്നതിനും സഹായിക്കും. രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെൽ എടുത്ത് നന്നായി ഇളക്കി മൃദുവാക്കി മാറ്റുക. ഇത് ശിരോചർമത്തിൽ തേച്ചു പിടിപ്പിക്കണം. 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ തല കഴുകാം. ആഴ്ചയിൽ രണ്ടു തവണ ഇതു ചെയ്യാം.

Also Read: രാത്രിയില്‍ മേക്കപ്പ് നീക്കം ചെയ്യാന്‍ മറന്നോ? എങ്കില്‍, രാവിലെ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ മറക്കേണ്ട...

 


 

Follow Us:
Download App:
  • android
  • ios