പുരസ്‌കാരവേദികള്‍ ഏതുമാകട്ടെ, വസ്ത്രധാരണത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ മിടുക്കിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഇക്കുറി 'ഗ്രാമി' പുരസ്‌കാര സദസ്സിലും തന്റെ വ്യത്യസ്തമായ ഗൗണിലൂടെ പ്രിയങ്ക ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

വെളുത്ത മുഴുനീള ഗൗണില്‍ ആഴത്തിലുള്ള 'വി' നെക്ക് ആയിരുന്നു ഏറ്റവുമധികം ആകര്‍ഷിക്കപ്പെട്ടത്. വയറുവരെ നീളുന്ന 'കട്ട്' അത്ര സാധാരണമായി ഗൗണിന് വേണ്ടി തെരഞ്ഞെടുക്കപ്പെടാറില്ല. നീണ്ടുകിടക്കുന്ന നെക്കിന് ചുറ്റും വെളുത്ത കല്ലുകള്‍ കൊണ്ട് പല നിരയിലായി ഡിസൈന്‍. 

 

 
 
 
 
 
 
 
 
 
 
 
 
 

So proud of this fam. Congratulations @jonasbrothers you guys crushed it today. #grammys

A post shared by Priyanka Chopra Jonas (@priyankachopra) on Jan 26, 2020 at 7:10pm PST

 

പതിവ് പോലെ തന്നെ പ്രിയങ്കയുടെ 'ലുക്ക്' സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്രാവശ്യം, കടുത്ത വിമര്‍ശനമാണ് പ്രിയങ്കക്കെതിരെ ഫാഷന്‍ പ്രേമികള്‍ ഉയയര്‍ത്തുന്നത്. 20 വര്‍ഷം മുമ്പ് പ്രമുഖ നടിയും ഗായികയും നര്‍ത്തകിയുമെല്ലാമായ ജെന്നിഫര്‍ ലോപസ് 'ഗ്രാമി' വേദിയെ ഞെട്ടിച്ച അതേ 'ഗൗണ്‍' ഡിസൈനല്ലേ പ്രിയങ്കയുടേതും എന്നാണ് ഇവരുടെ ചോദ്യം

 

 

വയറ് വരെ നീളുന്ന ആഴത്തിലുള്ള 'വി' കട്ട് നെക്ക് തന്നെയായിരുന്നു ജെന്നിഫര്‍ ലോപസിന്റെ ഗൗണിന്റേയും പ്രത്യേകത. എന്നാല്‍ ഏറെക്കുറെ മുഴുവനായും കാലുകള്‍ കൂടി അനാവൃതമാകുന്ന തരത്തിലായിരുന്നു ജെന്നിഫര്‍ ലോപസിന്റെ പച്ച ഗൗണ്‍ ഡിസൈന്‍ ചെയ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തില്‍ മാത്രമാണ് പ്രിയങ്കയുടെ ഗൗണ്‍ വേറിട്ടുനില്‍ക്കുന്നത്. 

2000ത്തിലായിരുന്നു ലോകത്തെ ആകെ ഫാഷന്‍ പ്രേമികളേയും അമ്പരപ്പിച്ചുകൊണ്ട് വ്യത്യസ്തമായ 'ലുക്കി'ല്‍ ജെന്നിഫര്‍ ലോപസ് 'ഗ്രാമി'യില്‍ തിളങ്ങിയത്. അക്കാലത്ത് അത്രയും പുതുമയോടെ സ്വയം അവതരിപ്പിക്കാന്‍ ചങ്കൂറ്റമെടുക്കുന്ന താരങ്ങള്‍ കുറവായിരുന്നു എന്ന് കൂടി പറയാം. ഇത്രയും ആഘോഷിക്കപ്പെട്ട ഒരു 'ലുക്ക്' പ്രിയങ്ക അതേ വേദിക്ക് വേണ്ടിത്തന്നെ കടമെടുക്കരുതായിരുന്നു എന്നാണ് മിക്കവരും ചൂണ്ടിക്കാട്ടുന്നത്. 

 

 

മാത്രമല്ല, ഇന്നും നിരവധി ആരാധകരുള്ള ഒരു താരമാണ് ജെന്നിഫര്‍ ലോപസ്. തങ്ങളുടെ ആരാധനാപാത്രത്തെ പകരം വയ്ക്കാനാണ് പ്രിയങ്കയുടെ ശ്രമമെങ്കില്‍ അത് നടപ്പില്ലെന്നാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെടുന്നത്. ഭര്‍ത്താവും ഗായകനുമായ നിക്ക് ജൊനാസിനൊപ്പമായിരുന്നു പ്രിയങ്ക 'ഗ്രാമി'പുരസ്‌കാരച്ചടങ്ങിനെത്തിയത്. നിക്കിന്റേയും സഹോദരന്മാരുടേയും സംഗീത ആല്‍ബം മികച്ച പോപ്- സംഘത്തിന് വേണ്ടി നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചില്ല.