ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തിളക്കമുള്ള ചര്‍മ്മം നിലനിര്‍ത്താനും തലമുടി ആരോ​​ഗ്യത്തോടെ തഴച്ച് വളരാനും അടുക്കളയിലുള്ള ചില വസ്തുക്കള്‍ സഹായിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം.

ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യവും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തിളക്കമുള്ള ചര്‍മ്മം നിലനിര്‍ത്താനും തലമുടി ആരോ​​ഗ്യത്തോടെ തഴച്ച് വളരാനും അടുക്കളയിലുള്ള ചില വസ്തുക്കള്‍ സഹായിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ഒലീവ് ഓയിലാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒലീവ് ഓയിലിൽ വിറ്റാമിൻ എ, ഡി, ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിന്‍റെ ഇലാസ്തികത നിലനിർത്തുകയും മൃദുലവും തിളക്കമുള്ളതുമായ ചര്‍മ്മത്തെ നിലനിർത്തുകയും ചെയ്യുന്നു. മുഖത്തെ ബ്ലാക്ക് ഹെഡ്സ് ഒഴിവാക്കാനും ചര്‍മ്മത്തിലെ ചുളിവുകളെ കുറയ്ക്കാനുമൊക്കെ ഒലീവ് ഓയില്‍ സഹായിക്കുന്നു. ഇതിനായി രണ്ട് ടീസ്പൂൺ തക്കാളി നീരും ഒരു ടീസ്പൂൺ ഒലീവ് ഓയിലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. 

താരനെ അകറ്റാനും തലമുടി കൊഴിച്ചിലിനെ തടയാനും മുടി വളരാനും ഒലീവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്. അതിനായി രണ്ട് മുട്ടയുടെ വെള്ളയും രണ്ട് ടീസ്പൂൺ ഒലീവ് ഓയിലും ഒരു ബൗളിലെടുത്ത് നന്നായി മിക്സ് ചെയ്യാം. ശേഷം ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. 

രണ്ട്...

പോഷകങ്ങള്‍ ധാരാളം അടങ്ങിയതും വി​റ്റാ​മി​ൻ സി​ ഏറ്റവും കൂടുതൽ അടങ്ങിയതുമായ ഒന്നാണ് നെല്ലിക്ക.നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ മുടി വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു. താരന്‍ അകറ്റാനും ഏറേ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. ഇതിനായി രണ്ട് നെല്ലിക്ക കുരുകളഞ്ഞ് അരച്ചെടുക്കുക. ശേഷം ഇതിൽ കുറച്ച് തൈര് ചേർത്ത് തലയോട്ടിയിൽ പുരട്ടാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.

ചർമ്മത്തിന്‍റെ യുവത്വവും സൗന്ദര്യവും നിലനിർത്താനും നെല്ലിക്ക ഗുണം ചെയ്യും. മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ്, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിന് നെല്ലിക്ക കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിക്കും. അതിനായി രണ്ട് ടീസ്പൂണ്‍ നെല്ലിക്ക അരച്ചത്, ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

Also Read: വൈകി സംസാരിക്കാന്‍ തുടങ്ങിയ കുരുന്ന് അമ്മയോട് 'ഐ ലവ് യൂ' പറഞ്ഞപ്പോള്‍; വൈറലായി വീഡിയോ