പിറന്നാളാഘോഷം എങ്ങനെയും വ്യത്യസ്തമാക്കാന്‍ മിക്കവരും ശ്രമിക്കാറുണ്ട്. സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയുമെല്ലാം പങ്കെടുപ്പിച്ചുകൊണ്ടുള്ള പാര്‍ട്ടി, കേക്ക് കട്ടിംഗ്, ഭക്ഷണം, പാട്ട്, നൃത്തം അങ്ങനെ പരമാവധി രസകരമായ രീതിയില്‍ തന്നെ പിറന്നാളാഘോഷിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ ഏറെയാണ്. 

അടുത്തകാലത്തായി ഇത്തരം ആഘോഷങ്ങളെല്ലാം വീഡിയോ ആയും ചിത്രങ്ങളായും പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതും പതിവാണ്. എന്നാല്‍ ഇത്തരത്തില്‍ പിറന്നാളാഘോഷത്തിന്റെ ദൃശ്യം പങ്കുവച്ച രണ്ട് യുവാക്കള്‍ വീഡിയോ വൈറലായതോടെ പൊലീസ് പിടിയിലായിരിക്കുകയാണ്. 

ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം നടന്നിരിക്കുന്നത്. പിറന്നാളിന് കേക്ക് മുറിക്കാന്‍ കൈത്തോക്ക് ഉപയോഗിക്കുകയും ഇതിന്റെ ദൃശ്യം പിന്നീട് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തതിനാണ് യുവാക്കള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

20 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യം വരുന്ന വീഡിയോയില്‍ യുവാക്കള്‍ തോക്കുകൊണ്ട് കേക്ക് മുറിക്കുന്നത് വ്യക്തമായി കാണാം. കേക്ക് മുറിക്കുന്ന സമയത്ത് ചുറ്റും നില്‍ക്കുന്ന ഒരു സംഘം യുവാക്കള്‍ ആരവമുയര്‍ത്തുന്നതും വീഡിയോയില്‍ കാണാം. 

വീഡിയോ വൈറലായതോടെ പൊലീസ് ഇവരെ തേടിയെത്തുകയായിരുന്നു. ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്ന് വീഡിയോയില്‍ കണ്ട തോക്കും രണ്ട് പെട്ടി ഉണ്ടകളും കണ്ടെടുത്തതായും പൊലീസ് അറിയിച്ചിട്ടുണ്ട്.

 

 

Also Read:- ഒരു പ്ലം കേക്കില്‍ എത്ര കലോറി ഉണ്ടെന്ന് അറിയാമോ?...