മനുഷ്യര്‍ക്ക് ജീവിക്കാന്‍ അടിസ്ഥാനമായി വേണ്ട കാര്യങ്ങളെന്തെല്ലാമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ശുദ്ധമായ വായു, വെള്ളം, ഭക്ഷണം, താമസം, വസ്ത്രം- അങ്ങനെയൊക്കെ... അല്ലേ?

ഈ ആവശ്യങ്ങളെല്ലാം തന്നെ പ്രകൃതിയെ ആശ്രയിച്ചാണ് ഏറെയും നടന്നുപോകുന്നത്. എന്നാല്‍ ഇത്തരം ജൈവികമായ സ്രോതസ്സുകള്‍ എല്ലാക്കാലത്തേക്കും വറ്റാതെ നിലനില്‍ക്കുമോ? 

എടുക്കുന്നതിന് അനുസരിച്ച് ഒരു പരിധി വരെ വീണ്ടും പ്രകൃതി, അതിന്റെ സ്രോതസ്സുകളെ നിറച്ചുവയ്ക്കുന്നു. എന്നാല്‍ അമിതമായ ഉപയോഗം അല്ലെങ്കില്‍, ചൂഷണം പ്രകൃതിയെ എന്നെന്നേക്കുമായി വറ്റിക്കുകയേ ഉള്ളൂവെന്ന് നമ്മള്‍ പാഠപുസ്തകങ്ങളില്‍ത്തന്നെ പഠിച്ചിട്ടുണ്ട്. 

മനുഷ്യന്റെ ആവശ്യങ്ങള്‍ കൂടിവരുന്നു, അതോടൊപ്പം മനുഷ്യരുടെ എണ്ണവും ക്രമാതീതമായി വര്‍ധിക്കുന്നു. ലോകം ഇതെങ്ങോട്ടാണ് പോകുന്നതെന്നാണ് ഐക്യരാഷ്ട്രസഭ (യുഎൻ) ചോദിക്കുന്നത്. 

അതെ, ഞെട്ടിക്കും വിധത്തിലാണത്രേ ആഗോളതലത്തില്‍ ജനസംഖ്യയിലുണ്ടാകുന്ന വര്‍ധനവ്. ആയിരം വര്‍ഷങ്ങളെടുത്തിട്ടാണത്രേ ലോകത്തെ ആകെ ജനസംഖ്യ 500 കോടിയിലെത്തിയത്. 1987ലായിരുന്നു ഇത്. കേവലം 32 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ 800 കോടിയിലേക്കാണ് ജനസംഖ്യ നീങ്ങുന്നതെന്നാണ് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നത്. 

ഇതൊട്ടും ആരോഗ്യകരമായ പോക്കല്ലെന്നാണ് യുഎന്നില്‍ നിന്നുള്ള വിദഗ്ധര്‍ വിലയിരുത്തുന്നത്. അതായത്, ഇത്രയും മനുഷ്യര്‍ക്ക് ആവശ്യമായ പ്രകൃതി സ്രോതസ്സുകള്‍ ഇപ്പോഴേ ലഭ്യമല്ല. ഇനിയും ഇതേ അവസ്ഥയില്‍ തുടര്‍ന്നാല്‍ നാളത്തെ ഗതിയെന്താകുമെന്ന് ആലോചിക്കാന്‍ പോലും വയ്യെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. 

പല രാജ്യങ്ങളിലും വന്ധ്യതാനിരക്ക് കൂടിയതിനെ തുടര്‍ന്ന് കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുള്‍പ്പെടെ ഒരുപിടി രാജ്യങ്ങള്‍ ജനസംഖ്യയുടെ കാര്യത്തില്‍ മുന്‍പന്തിയിലാണ്. അതേസമയം ദരിദ്രരാഷ്ട്രങ്ങളിലും, വികസനം പൂര്‍ണ്ണമാകാത്ത രാജ്യങ്ങളിലും ആളുകളുടെ ആയുര്‍ദൈര്‍ഘ്യം കുറയുന്നുണ്ടെന്നും യുഎന്‍ ഓര്‍മ്മിപ്പിക്കുന്നു. 

വായു മലിനീകരണം, ജലമലിനീകരണം, സാംക്രമിക രോഗങ്ങള്‍, പോഷകാഹാരക്കുറവ് - തുടങ്ങിയ പ്രശ്‌നങ്ങള്‍ അപകടകരമാം വിധത്തില്‍ വര്‍ധിക്കുന്നതിന്റെ പ്രധാനകാരണവും ജനസംഖ്യയിലെ വര്‍ധനവ് തന്നെയാണെന്നാണ് യുഎന്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം പ്രശ്‌നങ്ങളെല്ലാം മൂലം പ്രതിവര്‍ഷം പൊലിഞ്ഞുപോകുന്ന ജീവനുകളുടെ എണ്ണവും ഞെട്ടിക്കുന്നത് തന്നെയെന്ന് ഇവര്‍ പറയുന്നു.