തലമുടി കൊഴിച്ചിലിനെ കുറിച്ച് ആലോചിച്ച് ദുഃഖിച്ചിരുന്നിട്ടു കാര്യമില്ല. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം. 

തലമുടി കൊഴിച്ചിലും താരനുമാണ് ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നം. തലമുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. എത്ര ഹെയർ കെയർ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിച്ചിട്ടും ഫലമൊന്നും കിട്ടുന്നില്ല എന്ന് പരാതി പറയുന്നവര്‍ ഏറെയാണ്.

പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. മുടി കൊഴിച്ചിലിനെ കുറിച്ച് ആലോചിച്ച് ദുഃഖിച്ചിരുന്നിട്ടു കാര്യമില്ല. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം. ഒപ്പം തലമുടി സംരക്ഷണത്തിന് ചെയ്യേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. വീട്ടിലുള്ള ചില വസ്തുക്കൾ മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും ഉപയോഗപ്രദമാണ്.

അത്തരത്തില്‍ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില ഹെയർ മാസ്കുകളെ പരിചയപ്പെടാം... 

ഒന്ന്...

മുട്ട കൊണ്ടുള്ള ഹെയര്‍ മാസ്ക് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് മുട്ട. തലമുടിയുടെ ഘടനയെ സ്വാധീനിക്കാനും മുടി കൊഴിച്ചിൽ തടയാനുമെല്ലാം മുട്ടയിലെ പോഷകങ്ങൾ സഹായിക്കും. ഇതിനായി മുട്ട ഉപയോഗിച്ച് വീട്ടിൽ എളുപ്പം തയാറാക്കാവുന്ന ഒരു ഹെയർ മാസ്ക് പരിചയപ്പെടാം. ഒരു പാത്രത്തില്‍ ഒരു മുട്ടയും മൂന്ന് ടീസ്പൂണ്‍ ഒലീവ് ഓയിലും എടുത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ തല കഴുകണം. മുടിയുടെ സംരക്ഷണത്തിന് ഉത്തമമായ മാർഗമാണിത്. തലമുടി കൊഴിച്ചില്‍ തടയാനും മുടിക്ക് തിളക്കവും കരുത്തും ലഭിക്കാനും ഇത് സഹായിക്കും.

രണ്ട്...

ബനാന മാസ്ക് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിനുകൾ എന്നിവയുടെ കലവറയാണ് നേന്ത്രപഴം. ഇത് തലമുടി കൊഴിച്ചിൽ തടയാനും താരനെ അകറ്റാനും സഹായിക്കും. ഇതിനായി ആദ്യം പഴുത്ത പഴം രണ്ടെണ്ണം ചെറിയ കഷണങ്ങളായി അരിഞ്ഞതിലേയ്ക്ക് ഒരു കപ്പ് തൈര് ചേര്‍ക്കുക. ശേഷം അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ കറ്റാർവാഴ ജെല്ലും രണ്ട് വിറ്റാമിന്‍ ഇ ഗുളികകള്‍ കൂടി ചേര്‍ത്ത് മിക്സിയിലടിക്കുക. ശേഷം ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കാം. 15 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഈ ഹെയര്‍ മാസ്ക് ഉപയോഗിക്കാം.

മൂന്ന്...

തലമുടി വളർച്ച കൂട്ടുന്ന ആന്റി ഓക്സിഡന്റുകൾ ഗ്രീൻ ടീയിൽ ധാരാളമായുണ്ട്. മുട്ടയുടെ മഞ്ഞയും രണ്ട് ടീസ്പൂൺ ഗ്രീൻടീയും നന്നായി മിക്സ് ചെയ്യുക. ഒരു ബ്രഷ് ഉപയോഗിച്ച് ഇത് മുടിയിഴകളിൽ നന്നായി തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

നാല്...

കറ്റാര്‍വാഴയുടെ ഗുണങ്ങളെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. തലമുടി കൊഴിച്ചിലും താരനും അകറ്റാനുള്ള മികച്ച പ്രതിവിധിയാണ് കറ്റാര്‍വാഴ. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ കറ്റാര്‍വാഴയുടെ ജെൽ മുടിയുടെ വളർച്ചയ്ക്കും തലയോട്ടിയിലെ ചൊറിച്ചിൽ തടയുന്നതിനും താരൻ അകറ്റുന്നതിനും സഹായിക്കും. രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെൽ എടുത്ത് നന്നായി ഇളക്കി മൃദുവാക്കി മാറ്റുക. ഇത് ശിരോചർമത്തിൽ തേച്ചു പിടിപ്പിക്കണം. 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ തല കഴുകാം. ആഴ്ചയിൽ രണ്ടു തവണ ഇതു ചെയ്യാം.

അഞ്ച്...

തലമുടിയുടെ ആരോഗ്യത്തിന് ഏറേ നല്ലതാണ് ഉലുവ. ഒരു രാത്രി വെള്ളത്തിലിട്ട് ഉലുവ കുതിർത്ത് എടുക്കുക. രാവിലെ ഇതെടുത്ത് അരച്ച് കുഴമ്പ് രൂപത്തിലാക്കണം. ശേഷം ഈ കുഴമ്പ് തലയില്‍ പുരട്ടാം. 30 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. 

Also Read: തലമുടിയുടെ ആരോഗ്യത്തിന് ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona