Asianet News MalayalamAsianet News Malayalam

'വാക്‌സിന്‍ സ്വീകരിച്ച വരനെ ആവശ്യമുണ്ട്'; വൈറലായ വിവാഹ പരസ്യത്തിന്‍റെ സത്യമിതാണ്...

ഇവിടെ ഒരു യുവതി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച യുവാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു എന്നാണ് പരസ്യം നല്‍കിയിരിക്കുന്നത്. 

Vaccinated bride seeks vaccinated groom viral matrimonial ad
Author
Thiruvananthapuram, First Published Jun 9, 2021, 9:30 PM IST

വധൂവരന്മാരെ തേടിയുള്ള പരസ്യങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. വരന് വേണ്ടിയോ വധുവിന് വേണ്ടിയോ നിരത്തുന്ന യോഗ്യതകളുടെ പേരിലാവും പലപ്പോഴും ഇത്തരത്തിലുള്ള വിവാഹ പരസ്യങ്ങള്‍ വൈറലാകുന്നത്. അത്തരത്തിലൊരു പരസ്യമാണ് ഇപ്പോള്‍ ട്വിറ്ററിലൂടെ പ്രചരിക്കുന്നത്. 

ഇവിടെ ഒരു യുവതി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച യുവാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു എന്നാണ് പരസ്യം നല്‍കിയിരിക്കുന്നത്. 24 കാരിയായ റോമൻ കത്തോലിക്കാ യുവതി, കൊവിഷീൽഡിന്റെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ബിരുദാനന്തര ബിരുദധാരികളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നുവെന്നാണ് പരസ്യം. 

സംഭവം സൈബര്‍ ലോകത്ത് വൈറലായതോടെ മികച്ച  പ്രതികരണങ്ങളുമായി ആളുകളും രംഗത്തെത്തി. ഈ വിവാഹ പരസ്യത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം  കോൺഗ്രസ് നേതാവ് ശശി തരൂറും തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. “വാക്‌സിന്‍ സ്വീകരിച്ച യുവതി വാക്‌സിനെടുത്ത യുവാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഇങ്ങനെയൊരു പരസ്യം ഇനി സാധാരണയായി മാറുമോ "- ചിത്രം പങ്കുവച്ച് ശശി തരൂർ കുറിച്ചത് ഇങ്ങനെ. 

 

 

 

വൈറലായ പോസ്റ്റിന് താഴെ രസകരമായ നിരവധി കമന്‍റുകളാണ് വന്നത്. ചിലർ ഈ പരസ്യം സത്യമാണോയെന്നും സംശയിച്ചു. എന്നാൽ ഈ പരസ്യം ഒരു ക്യാമ്പയിനിന്‍റെ ഭാഗമായിരുന്നു. കൊവിഡ് വാക്സിൻ സ്വീകരിക്കാൻ കഴിയുന്നത്ര ആളുകളെ എത്തിക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി ഗോവയിൽ നിന്ന് സാവിയോ ഫിഗ്യൂറെഡോ എന്നയാളാണ് ഈ വിവാഹപരസ്യത്തിന് പിന്നില്‍.

“മാട്രിമോണിയലുകളുടെ ഭാവി” എന്ന തലക്കെട്ടിലുള്ള അദ്ദേഹത്തിന്റെ യഥാർത്ഥ പോസ്റ്റ് ഫേസ്ബുക്കിലൂടെയാണ് ആദ്യം പ്രചരിച്ചത്. ഒരു വാക്സിനേഷൻ സെന്ററിന്റെ കോൺടാക്റ്റ് നമ്പറിനൊപ്പമാണ് ഇത് പങ്കുവച്ചത്. 

 

'വാക്‌സിന്‍ എടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാൻ ഈ പരസ്യം സൃഷ്ടിച്ചത്. അത് എന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇത് യഥാർത്ഥമാണെന്ന് പലരും കരുതി. അങ്ങനെ വൈറലാവുകയും ചെയ്തു'- ഇന്ത്യൻ എക്സ്പ്രസിനോട് സാവിയോ പറഞ്ഞു.

Also Read: വിവാഹദിനത്തില്‍ മദ്യപിച്ച് ലക്കുകെട്ട് വരനും സുഹൃത്തുക്കളും; വധു വിവാഹത്തില്‍ നിന്ന് പിന്മാറി...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios