നമുക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാല്‍, ഉടനെ ചികിത്സ തേടാനും അതിനായി ആശുപത്രിയിലേക്ക് പോകാനുമെല്ലാമുള്ള വിവേകമുണ്ട്. ഈ വിവേകത്തിന്റെ കാര്യത്തിലാണ് മനുഷ്യരും മൃഗങ്ങളും വ്യത്യസ്തരാകുന്നത് എന്നാണ് വയ്പ്. 

എന്നാല്‍ അല്‍പസ്വല്‍പം വിവേകം മൃഗങ്ങള്‍ക്കുമുണ്ട് എന്ന് ചിന്തിക്കാവുന്ന, അത്തരത്തിലൊരു സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന എത്രയോ സംഭവങ്ങള്‍ നമ്മള്‍ വാര്‍ത്തകളിലൂടെ അറിയാറുണ്ട്, അല്ലേ? 

സമാനമായൊരു വാര്‍ത്തയാണ് ഇന്നും പങ്കുവയ്ക്കാനുള്ളത്. കര്‍ണാടകയില്‍, പരിക്കേറ്റ ഒരു കുരങ്ങിനെ ആശുപത്രിയില്‍ കണ്ടെത്തിയെന്നതാണ് വാര്‍ത്ത. ദന്തേലിയലുള്ള 'പാട്ടീല്‍ ഹോസ്പിറ്റലി'ലാണ് പരിക്കേറ്റ് അവശനിലയിലായ കുരങ്ങിനെ കണ്ടെത്തിയത്. 

ആശുപത്രിയിലുണ്ടായിരുന്ന ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം വാര്‍ത്താശ്രദ്ധ പിടിച്ചുപറ്റിയത്. ഡോക്ടറുടെ മുറിക്ക് പുറത്ത്, പടിക്കെട്ടിലായി ക്ഷമയോടെ കാത്തിരിക്കുന്ന കുരങ്ങന്‍. അതിനിടെ ആരോ അടുത്തുവന്ന് കുരങ്ങിന്റെ പരിക്കുകള്‍ പരിശോധിക്കുന്നുണ്ട്. 

പിന്നീട് ദൃശ്യങ്ങളില്‍ കാണുന്നത്, വാഷ്‌ബേസിന് മുകളില്‍ കയറ്റിയിരുത്തിയ കുരങ്ങിന് മരുന്ന് പുരട്ടിക്കൊടുക്കുന്ന ആശുപത്രി ജീവനക്കാരനെയാണ്. വളരെയധികം സ്‌നേഹത്തോടും കരുണയോടും കൂടിയാണ് ആശുപത്രി ജീവനക്കാര്‍ കുരങ്ങിനോട് പെരുമാറുന്നത്. ഇതുതന്നെയാണ് ഇവര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കയ്യടി കിട്ടാന്‍ കാരണമായതും.

 

 

മനുഷ്യത്വത്തിന്റെ ഉദാത്തമായ മാതൃകയാണിതെന്നും, മൃഗങ്ങളോട് ഇത്തത്തില്‍ ദയയും കരുതലും കാണിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് പലരും കുറിച്ചു. 

Also Read:- മക്കൾ മരിച്ചാൽ മനുഷ്യർ സങ്കടപ്പെടും, കുരങ്ങുകളോ..? ആരുടെയും കണ്ണ് നനയുന്ന ചില ദൃശ്യങ്ങള്‍...