മുടി പകുത്തുനോക്കുമ്പോള്‍ നൂറുകണക്കിന് പേനുകളും ഇവയുടെ മുട്ടയുമാണ് കാണുന്നത്. തലയില്‍ ഇടം തികയാതെ പേനുകള്‍ കഴുത്തിലേക്കും മുതുകിലേക്കും പെണ്‍കുട്ടി ധരിച്ചിരിക്കുന്ന വസ്ത്രത്തിലേക്കുമെല്ലാം ധാര പോലെ ഊര്‍ന്നുവീഴുന്നു

മുടി നീട്ടിവളര്‍ത്തുന്നവരെ ( Long Hair ) സംബന്ധിച്ച് അവര്‍ നിത്യജീവിതത്തില്‍ നേരിട്ടേക്കാവുന്നൊരു വെല്ലുവിളിയാണ് പേന്‍ശല്യം. അശ്രദ്ധ ( Lack of care ) , ശുചിത്വമില്ലായ്മ എന്നിങ്ങനെയുള്ള ഘടകങ്ങളാണ് പ്രധാനമായും തലയില്‍ പേന്‍ വര്‍ധിക്കുന്നതിലേക്ക് നയിക്കുന്നത്. മുടി വളര്‍ത്തുന്നവര്‍ നിര്‍ബന്ധമായും, അത് കുട്ടികളായാലും ശരി മുതിര്‍ന്നവരായാലും ശരി വൃത്തിയായി കൊണ്ടുനടക്കേണ്ടതുണ്ട്. 

ഇതില്‍ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് മാതാപിതാക്കളാണ്. മുതിര്‍ന്നവരെ പോലെ സ്വയം വൃത്തിയാകാനുള്ള പക്വത കുട്ടികള്‍ക്കുണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ കുട്ടികളുടെ തലയിലാണ് അധികവും പേന്‍ശല്യം കാണാറുമുള്ളത്. 

ഇക്കാര്യങ്ങള്‍ വളരെ ഗൗരവതരമായിത്തന്നെ മുതിര്‍ന്നവര്‍ ശ്രദ്ധിക്കണമെന്നോര്‍മ്മിപ്പിക്കുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. തലയില്‍ മുടിയിഴ കാണാന്‍ പറ്റാത്ത വിധം പേന്‍ നിറഞ്ഞിരിക്കുന്ന ഒരു പന്ത്രണ്ടുകാരിയുടെ അവസ്ഥയാണ് വീഡിയോയിലുള്ളത്. പേന്‍ നീക്കം ചെയ്യുന്നതില്‍ വൈദഗ്ധ്യമുള്ള പ്രമുഖ ഹെയര്‍ഡ്രസര്‍ റേച്ചല്‍ മെറൂണ്‍ ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 

മുടി പകുത്തുനോക്കുമ്പോള്‍ നൂറുകണക്കിന് പേനുകളും ഇവയുടെ മുട്ടയുമാണ് കാണുന്നത്. തലയില്‍ ഇടം തികയാതെ പേനുകള്‍ കഴുത്തിലേക്കും മുതുകിലേക്കും പെണ്‍കുട്ടി ധരിച്ചിരിക്കുന്ന വസ്ത്രത്തിലേക്കുമെല്ലാം ധാര പോലെ ഊര്‍ന്നുവീഴുന്നു. സാധാരണഗതിയില്‍ നമുക്ക് കണ്ട് നില്‍ക്കാന്‍ തന്നെ വിഷമം തോന്നുന്ന അവസ്ഥ തന്നെ! 

View post on Instagram

ഇത്തരം കേസുകളില്‍ മുടി പറ്റെ ഷേവ് ചെയ്യുന്നതാണ് പതിവ് രീതിയെന്നും. എന്നാല്‍ പന്ത്രണ്ട്- പതിമൂന്ന് വയസുള്ള പെണ്‍കുട്ടി ആയതിനാല്‍ ഇത് വൃത്തിയാക്കാന്‍ തന്നെയാണ് താന്‍ തീരുമാനിച്ചതെന്നും റേച്ചല്‍ പറയുന്നു. തുടര്‍ന്ന് 9 മണിക്കൂര്‍ നീണ്ട ചികിത്സയിലൂടെ ബാലികയുടെ തല വൃത്തിയാക്കിയെടുത്തിരിക്കുകയാണിവര്‍. 

കെമിക്കല്‍ ലായനി പുരട്ടിയ ശേഷം പേനിനെയും മുട്ടകളെയും നിര്‍ജീവമാക്കി, അത് ചീപ്പ് കൊണ്ട് ചീകിക്കളയുകയാണ് ചെയ്യുന്നത്. ഇതിന്റെ വീഡിയോയും റേച്ചല്‍ പങ്കുവച്ചിട്ടുണ്ട്.

View post on Instagram

നിരവധി പേരാണ് വീഡിയോകള്‍ കണ്ടിരിക്കുന്നത്. കുട്ടികളുള്ളവരെ സംബന്ധിച്ചിടത്തോളം വലിയ ഓര്‍മ്മപ്പെടുത്തലാണ് ഈ വീഡിയോകളെന്ന് മിക്കവരും പറയുന്നു. ഒപ്പം തന്നെ ജോലിയായി ചെയ്യുന്നതാണെങ്കില്‍ കൂടിയും ഇതിന് നല്ലൊരു മനസ് വേണമെന്നും റേച്ചലിന് മാനുഷികമായ ആ പരിഗണന ഉണ്ടെന്നും ഏവരും അഭിപ്രായപ്പെടുന്നു. 

മുമ്പും റേച്ചല്‍ ഇത്തരത്തിലുള്ള വീഡിയോ പങ്കുവച്ചിട്ടുണ്ട്. പേന്‍ വര്‍ധിച്ച കാരണം തലയോട്ടി മുഴുവന്‍ മുറിവുകളുമായെത്തിയ ഏഴുവയസുകാരിയുടെ ദുരവസ്ഥയായിരുന്നു അന്ന് വീഡിയോയില്‍ കണ്ടത്.

Also Read:- പേൻ ഇത്രയും അപകടകാരിയോ? നിങ്ങൾ ഇതുവരെയും അറിയാത്ത ഒരു കാര്യം

തല നിറയെ പേന്‍, മുറിവുകള്‍ ; പേന്‍ കൂടിയപ്പോള്‍ ഏഴ് വയസുകാരിയ്ക്ക് സംഭവിച്ചത്... പേന്‍ശല്യം കൂടി ചികിത്സക്കായി എത്തിയ ഒരു കുട്ടിയുടെ വീഡിയോ ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്നുള്ള ഹെയര്‍ഡ്രെസ്സര്‍ റേച്ചല്‍ മറൂണ്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ' കുട്ടി കാണാന്‍ വരുമ്പോള്‍ തല നിറയെ പേനായിരുന്നു. പേന്‍ കടിയേറ്റ് തലയില്‍ മുറിവുകളും ഉണ്ടായിരുന്നു...'- റേച്ചല്‍ മറൂണ്‍ പറഞ്ഞു. ഏഴ് വയസുള്ള കുട്ടി തല ഷോള്‍ കൊണ്ട് മൂടിയാണ് കാണാന്‍ എത്തിയതെന്നും റേച്ചല്‍ പറഞ്ഞു... Read More...