ഭൂമിയില്‍ കണ്ടെത്തപ്പെട്ടിട്ടുള്ള ഏറ്റവും വലിയ അഞ്ച് പാമ്പുകളില്‍ ഒന്നാണ് 'ബര്‍മീസ് പെരുമ്പാമ്പ്'. വളര്‍ച്ചയെത്തിയവയ്ക്ക് പന്ത്രണ്ട് അടി മുതല്‍ 19 അടി വരെ നീളവും ശരാശരി 90 കിലോ ഭാരവും കാണും. ഒന്നോര്‍ത്തുനോക്കൂ, എത്ര ഭീമനാകാരനായിരിക്കും ഈ പാമ്പെന്ന്. മനുഷ്യരെ വരെ 'ഈസി'യായി വിഴുങ്ങാനാകും ഈ വമ്പന്മാര്‍ക്ക്.

വലിയ ഇരകളെ അകത്താക്കുന്നതിന് ഇവര്‍ക്ക് പ്രത്യേകം സൂത്രമുണ്ട്. ആദ്യം ഇരയെ വട്ടം പിടിക്കും. പിന്നീട് അതിനെ ബലമായി ചുറ്റിവരിയും. ഈ ചുറ്റിവരിയലിനിടെ ഇരയുടെ ശരീരത്തിലെ സകല എല്ലുകളും പൊട്ടിത്തകരും. എല്ലുകള്‍ പൊട്ടിയാല്‍ പിന്നെ എത്ര വലിയ മൃഗമാണെങ്കിലും പാമ്പിന് അതിനെ സുഗമമായി അകത്താക്കാനാകും. മാത്രമല്ല ഇവയുടെ കീഴ്ത്താടിയിലുള്ള അസ്ഥിബന്ധങ്ങള്‍ (Ligaments) നന്നായി വലിയാന്‍ കഴിവുള്ളവയാണ്. അതായത്, എത്ര വലിയ ഇരയാണെങ്കിലും അതിനെ മെരുക്കി വായിലേക്കാക്കാന്‍ ഇവയ്ക്കാകുമെന്ന് സാരം.

അത്തരത്തില്‍ സാമാന്യം വലിപ്പമുള്ള ഒരു മാനിനെ 'ബര്‍മീസ് പെരുമ്പാമ്പ്' വിഴുങ്ങുന്നതിന്റെ ഒരു വീഡിയോ ആണിപ്പോള്‍ ട്വിറ്ററില്‍ തരംഗമാകുന്നത്. 'വൈല്‍ഡ് ലെന്‍സ് ഇന്ത്യ' സംഘം കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശിലെ 'ദുദ്വ നാഷണല്‍ പാര്‍ക്കി'ല്‍ നിന്ന് പകര്‍ത്തിയ വീഡിയോ ആണിത്. 'ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്' ഉദ്യോഗസ്ഥനായ പര്‍വീണ്‍ കാസ്വാന്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വീണ്ടും ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് ഈ വീഡിയോ വീണ്ടും ചര്‍ച്ചയാകുന്നത്. 

 

 

നിരവധി പേരാണ് വീഡിയോക്ക് പ്രതികരണമറിയിച്ചിരിക്കുന്നതും വീണ്ടും പങ്കുവച്ചിരിക്കുന്നതും. ഇതിനൊപ്പം തന്നെ ചിലര്‍ വീഡിയോയുമായി ബന്ധപ്പെട്ട സംശയങ്ങളും പങ്കുവച്ചു. ഇവയ്‌ക്കെല്ലാം 'വൈല്‍ഡ് ലെന്‍സ് ഇന്ത്യ' സംഘം തന്നെ മറുപടിയും നല്‍കി. 

Also Read:- ലോക്ക്ഡൌണ്‍ ലംഘിച്ച് വീട്ടിലെത്തിയ 'അതിഥി'യെ കയ്യിലെടുത്ത് പ്രവീണ; അനുകരിക്കരുതെന്ന് മുന്നറിയിപ്പും...

മാനിനെ മുഴുവനായി വിഴുങ്ങിയാല്‍ അതിന്റെ കൊമ്പും രോമങ്ങളുമെല്ലാം ദഹിക്കുമോയെന്ന സംശയമായിരുന്നു ഇക്കൂട്ടത്തിലൊരാള്‍ ചോദിച്ചത്. തീര്‍ച്ചയായും അതിന് കഴിവുള്ള ദഹനരസം 'ബര്‍മീസ് പെരുമ്പാമ്പി'ന്റെ വയറ്റിലുണ്ടെന്നായിരുന്നു 'വൈല്‍ഡ് ലെന്‍സ് ഇന്ത്യ'യുടെ മറുപടി. എന്തായാലും ഏറെ കൗതുകത്തോടെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയ സ്വകരിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള വീഡിയോകള്‍ പതിവായി പങ്കുവയ്ക്കുന്ന വ്യക്തിയാണ് പര്‍വീണ്‍ കാസ്വാന്‍.