ഓരോ ദിവസവും സമൂഹമാധ്യമങ്ങളില്‍ പല തരം വീഡിയോകള്‍ വൈറലാകാറുണ്ട്, അല്ലേ? ഇവയില്‍ പലതും അക്ഷരാര്‍ത്ഥത്തില്‍ നമ്മെ ഞെട്ടിക്കുന്നതോ ഭയപ്പെടുത്തുന്നതോ കൗതുകത്തിലാഴ്ത്തുന്നതോ ഒക്കെ ആകാറുണ്ട്. പ്രത്യേകിച്ച് മൃഗങ്ങളുമായോ ജീവികളുമായോ ബന്ധപ്പെട്ട വീഡിയോകളാണ് ഇത്തരത്തില്‍ നമ്മെ ഏറെയും അമ്പരപ്പിക്കാറ്. 

അങ്ങനെയൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തായ്‌ലാന്‍ഡില്‍ നിന്നാണ് ഈ വീഡിയോ വന്നിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ഹാന്‍ഡിലില്‍ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന പാമ്പിനെയാണ് വീഡിയോയില്‍ കാണുന്നത്. പാമ്പിനെ കണ്ടയുടന്‍ പേടിച്ചുവിരണ്ട റൈഡറുടെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. 

പാമ്പിനെ കണ്ട് വിരണ്ടുവെങ്കിലും ബൈക്ക് ഒതുക്കുന്ന സമയത്തിനുള്ളില്‍ അത് വീഡിയോ ആയി പകര്‍ത്തിയതും റൈഡര്‍ തന്നെയാണ്. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഹാന്‍ഡിലില്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുകയായിരുന്ന പാമ്പ് പതിയെ എഴുന്നേറ്റ് കളി തുടങ്ങുന്നതാണ് വീഡിയോയിലുള്ളത്. അതേ സമയം റൈഡര്‍ കഷ്ടപ്പെട്ട് വണ്ടി ഒതുക്കി കഴിയുമ്പോള്‍ പാമ്പ് പഴയപടി അനങ്ങാതെ ഹാന്‍ഡിലില്‍ തന്നെ കിടക്കുന്നതും കാണാം. 

 

 

തായ്‌ലാന്‍ഡില്‍ ഇത്തരം കാഴ്ചകളൊക്കെ സാധാരണമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമന്റുകള്‍ സൂചിപ്പിക്കുന്നത്. 200ലധികം ഇനത്തിലുള്ള പാമ്പുകളുടെ വൈവിധ്യമാണ് തായ്‌ലാന്‍ഡിന് സ്വന്തമായിട്ടുള്ളത്. ഇതില്‍ മൂന്ന് ഡസനോളം വരുന്ന പാമ്പുകള്‍ വളരെയധികം വിഷമുള്ള ഇനങ്ങളാണ്.

 

 

എവിടെയൊക്കെ കാട് കയ്യേറി മനുഷ്യര്‍ കെട്ടിടങ്ങളും ജനവാസ കേന്ദ്രങ്ങളും കച്ചവടസ്ഥാപനങ്ങളും പട്ടണങ്ങളും പണിഞ്ഞുവോ അവിടെയെല്ലാം ഇപ്പോഴും പാമ്പുകള്‍ സജീവമായി തുടരുന്നുവെന്നാണ് തായ്‌ലാന്‍ഡുകാര്‍ തന്നെ പറയുന്നത്. 

Also Read:- ശബ്ദം കേട്ട് ഉണർന്ന വീട്ടമ്മ കിടക്കയിൽ കണ്ടത് കൂറ്റന്‍ രാജവെമ്പാലയെ; പിന്നീട് സംഭവിച്ചത്....

അതിനാല്‍ തന്നെ മുമ്പും പലപ്പോഴും ഇങ്ങനെയുള്ള പാമ്പുകളുടെ വീഡിയോകള്‍ തായ്‌ലാന്‍ഡില്‍ നിന്ന് പുറത്തുവന്നിരുന്നു. ഏതായാലും വലിയൊരു സംഘം കാഴ്ചക്കാരെയാണ് ഈ വീഡിയോയ്ക്കും ലഭിച്ചിരിക്കുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona