ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും ഒരുമിച്ച് ചെയ്യുന്ന വീഡിയോകള്‍ എപ്പോഴും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. പാചകവുമായി ബന്ധപ്പെട്ട വീഡിയോകളാണ് ഇവര്‍ അധികവും പങ്കുവയ്ക്കാറ്

നിത്യവും രസകരമായ എത്രയോ വീഡിയോകളും ( Viral Video ) വാര്‍ത്തകളുമാണ് നമ്മെ തേടി സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) എത്താറ്. ഇവയില്‍ മൃഗങ്ങളുമായോ കുട്ടികളുമായോ എല്ലാം ബന്ധപ്പെട്ട വീഡിയോകള്‍ക്ക് കാഴ്ചക്കാരേറെയാണ്. 

കൗതുകമുണര്‍ത്തുന്ന ഉള്ളടക്കം എന്ന നിലയില്‍ മാത്രമല്ല ഇവയെ നാം ഇഷ്ടപ്പെടുന്നത്. ചിലപ്പോഴെങ്കിലും നമ്മെ അമ്പരപ്പിക്കുന്ന രീതിയില്‍ മികച്ചതും ആയിരിക്കും ഇവയെല്ലാം. 

കുട്ടികളുടെ വീഡിയോകളില്‍ മിക്കപ്പോഴും അവരുടെ കുസൃതികളോ അബദ്ധങ്ങളോ എല്ലാമായിരിക്കും ഉള്ളടക്കമായി വരിക. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ മുതിര്‍ന്നവരെ വെല്ലുവിളിക്കുന്ന രീതിയിലുള്ള ബുദ്ധിശക്തിയാലും ഓര്‍മ്മശക്തിയാലും കലാപരമായ പ്രകടനങ്ങളാലും എല്ലാം കുട്ടികള്‍ നമ്മെ അത്ഭുതപ്പെടുത്താറുണ്ട് എന്നതാണ് സത്യം. 

അത്തരത്തിലൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വിവിധ രീതിയില്‍ അറിയപ്പെടുന്ന വ്യക്തികളുണ്ട്. സെലിബ്രിറ്റി നടന്മാര്‍/ നടിമാര്‍, ആരോഗ്യവിദഗ്ധര്‍, അധ്യാപകര്‍, എഴുത്തുകാര്‍, ഷെഫുമാര്‍ ഇങ്ങനെ പല മേഖലകളിലും അറിയപ്പെടുന്നവരുണ്ടായിരിക്കും. എന്നാല്‍ ഒരു മേഖലയിലും സെലിബ്രിറ്റി ആയില്ലെങ്കിലും വ്യത്യസ്തമായ വീഡിയോകളും മറ്റും ചെയ്ത് ശ്രദ്ധ പിടിച്ചുപറ്റുന്നവരുണ്ട്. 

അങ്ങനെയൊരു അമ്മയും മകനുമാണ് സോണിക ബാസിനും മൂന്നുവയസുകാരനായ ആബിര്‍. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും ഒരുമിച്ച് ചെയ്യുന്ന വീഡിയോകള്‍ എപ്പോഴും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. പാചകവുമായി ബന്ധപ്പെട്ട വീഡിയോകളാണ് ഇവര്‍ അധികവും പങ്കുവയ്ക്കാറ്.

ഇപ്പോഴിതാ ആബിറിന്റെ ഒരു വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടുകയാണ്. സ്‌പൈസുകളും പയറുവര്‍ഗങ്ങളുമെല്ലാം വില്‍ക്കുന്ന കടയില്‍ പോയപ്പോള്‍, അവിടെ കാണുന്ന ഓരോന്നിന്റെയും പേരുകള്‍ തെറ്റാതെ കൃത്യമായി പറയുകയാണ് ആബിര്‍.

മുപ്പത് വയസുള്ളവര്‍ക്ക് പോലും അറിയാത്ത സ്‌പൈസുകളും മറ്റുമാണ് മൂന്ന് വയസുള്ള ആബിര്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നതും പേര് പറയുന്നത്. ഏത് വിഷയവുമായി ബന്ധപ്പെട്ടായാലും ഇത്രയും ഓര്‍മ്മശക്തിയും പാടവവും കാണിക്കുന്നു എന്നത് കുഞ്ഞിന്റെ മിടുക്ക് തന്നെയാണ് കാണിക്കുന്നതെന്ന് വീഡിയോക്ക് താഴെ നരവധി പേര്‍ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നു. 

മാതാപിതാക്കള്‍ക്ക് ഒരുപാട് അഭിമാനിക്കാനുള്ള വക നല്‍കുന്ന കുഞ്ഞാണ് ആബിറെന്നും ഇതെല്ലാം കാണുന്നതില്‍ സന്തോഷമുണ്ടെന്നും പലരും അഭിപ്രായമായി കുറിച്ചിരിക്കുന്നു. എന്തായാലും വൈറലായ ആ വീഡിയോ ഒന്ന് കാണാം...

View post on Instagram

നേരത്തെ ആബിർ പാചകം ചെയ്യുന്നത് അടക്കമുള്ള വീഡിയോകളും പലപ്പോഴായി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അമ്മ മാത്രമല്ല, അച്ഛനും ആബിറിന്റെ വ്യത്യസ്തമായ ഈ അഭിരുചിയെ ഇഷ്ടപ്പെടുന്നയാളാണ്. സോണികയ്ക്കും ആബിറിനും പിന്തുണയായി ഇദ്ദേഹവും വീഡിയോകളിലും മറ്റും വരാറുണ്ട്. പാചകത്തിന് പുറമെ മറ്റ് വീട്ടുകാര്യങ്ങളിലും അമ്മയ്ക്കൊപ്പം എപ്പോഴും ഉണ്ട് ആബിർ. ഇത്തരം വീഡിയോകളും ഇരുവരും ചെയ്ത് പങ്കുവയ്ക്കാറുണ്ട്.

View post on Instagram

Also Read:- ടിവിയോ ലാപ്‌ടോപോ കണ്ടുകൊണ്ടാണോ ഭക്ഷണം കഴിക്കാറ്?