മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കുമെല്ലാം കാഴ്ചക്കാരേറെയാണ്. എപ്പോഴും നമ്മളില്‍ കൗതുകം നിറയ്ക്കുന്നതാണ് ഇത്തരത്തിലുള്ള ദൃശ്യങ്ങളും ഫോട്ടോകളുമെല്ലാം. അത്തരത്തിലുള്ളൊരു വീഡിയോയെ കുറിച്ചാണിനി പറയുന്നത്. 

ഇന്ത്യയിലെ തന്നെ ഏതോ വന്യമൃഗസംരക്ഷണകേന്ദ്രമാണ് സ്ഥലം. വനത്തിനകത്ത് കൂടി രണ്ട് കടുവകള്‍ ശാന്തരായി, സമാന്തരമായി നടന്നുപോകുന്നു. സമീപത്ത് തന്നെ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിലെ യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. 

പെടുന്നനെ രംഗം ആകെ മാറി. അത്രയും നേരം വെറുതെ നടന്നുപോവുകയായിരുന്ന കടുവകള്‍ മുഖാമുഖം നിന്ന് കടുത്ത പോര്. മുന്‍കാലുകളുയര്‍ത്തി തീര്‍ത്തും അക്രമാസക്തമായിട്ടാണ് പോര്. കടുവകളുടെ പേടിപ്പെടുത്തുന്ന മുരള്‍ച്ചയും വീഡിയോയില്‍ കേള്‍ക്കാം. 

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗ്സ്ഥനായ പര്‍വീണ്‍ കസ്വാനാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ചത്. വാട്ട്‌സ് ആപിലൂടെ കിട്ടിയ വീഡിയോ ആണിതെന്നും ഇന്ത്യയില്‍ മാത്രം കാണാന്‍ കഴിയുന്ന കാഴ്ചയെന്നും ചേര്‍ത്തെഴുതിയാണ് പര്‍വീണ്‍ കസ്വാന്‍ വീഡിയോ പങ്കുവച്ചത്. 

ലോകത്തെ ആകെ കടുവകളുടെ എണ്ണത്തില്‍ എഴുപത് ശതമാനവും ഇന്ത്യയിലാണുള്ളത്. കടുവകളുടെ ക്ഷേമകാര്യത്തില്‍ രാജ്യം മുന്നോട്ട് തന്നെയാണെന്ന് സൂചിപ്പിക്കുന്ന കണക്കുകളും ഈ അടുത്ത് പുറത്തുവന്നിരുന്നു. 2014ല്‍ 2,226 കടുവകളാണ് ഉണ്ടായിരുന്നതെങ്കില്‍ 2019 ജൂലൈ ആയപ്പോഴേക്ക് ഇത് 2,967 ആയി ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്ക്. 

വൈറലായ വീഡിയോ കാണാം...

 

 

Also Read:-വെള്ളം നിറച്ച പാത്രത്തിൽ കടുവയുടെ നീരാട്ട്; വീഡിയോ...