ആഴക്കടലില്‍ സധൈര്യം ഇറങ്ങി നീന്തുന്ന ധാരാളം സാഹസികരുണ്ട്. 'ത്രില്‍' പിടിപ്പിക്കുന്ന ഇത്തരം അനുഭവങ്ങള്‍ക്കിടെ ചിലപ്പോഴെങ്കിലും അപ്രതീക്ഷിതമായ സംഭവവികാസങ്ങളും തിരിച്ചടികളും അപകടങ്ങളുമെല്ലാം സംഭവിക്കാം. പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയുന്നവരാണ് ഏറെ പേരും. 

അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ട് വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. ജപ്പാനിലെ ഒകിനാവാ ദ്വീപിനടുത്ത്, കടലില്‍ വച്ച് നടന്ന യഥാര്‍ത്ഥ സംഭവമാണ് വീഡിയോയിലുള്ളത്. 

പാട്രിക് ഡേവിസ് എന്ന ഫോട്ടോഗ്രാഫറും അദ്ദേഹത്തിന്റെ ഭാവിവധുവും ചില സുഹൃത്തുക്കളുമടങ്ങുന്ന സംഘം കടലില്‍ ബോട്ടിംഗ് നടത്തുകയായിരുന്നു. ഇതിനിടെ പാട്രികും പങ്കാളിയും മറ്റ് ചിലരും അണ്ടര്‍വാട്ടര്‍ സാഹസികതയ്ക്ക് ഒരുങ്ങുകയായിരുന്നു. പാട്രിക് തന്റെ ക്യാമറ സഹിതമായിരുന്നു കടലിലേക്കിറങ്ങിയത്. 

സംഘം വളരെ ശാന്തമായി കടലിനടിയിലൂടെ കാഴ്ചകള്‍ കണ്ട് നീന്തിക്കൊണ്ടിരിക്കുന്നതിനിടെ പക്ഷേ, തീര്‍ത്തും അപ്രതീക്ഷിതമായി ഒരു സംഭവം ഉണ്ടാവുകയായിരുന്നു. കൂറ്റനൊരു തിമിംഗലം, അത് സംഘത്തിന്റെ ഏതാണ്ട് അടുത്തെത്തിയിരുന്നു. എന്നാലിക്കാര്യം ആരും അറിഞ്ഞില്ല. തിമിംഗലം വെള്ളത്തില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് പൊങ്ങിച്ചാടുമ്പോള്‍ മാത്രമാണ് സംഘം സംഭവം മനസിലാക്കുന്നത്. 

ചാടിയ ശേഷം തിമിംഗലം തിരിച്ച് വെള്ളത്തിലേക്കെത്തുമ്പോള്‍ അതിന് തൊട്ടടുത്ത് തന്നെ പാട്രികും സംഘവുമുണ്ടായിരുന്നു. എന്നാല്‍ തലനാരിഴയ്ക്കാണ് ആര്‍ക്കും ഒരപകടവും സംഭവിക്കാതിരുന്നത്. ഈ സംഭവമെല്ലാം നടക്കുന്നത് സെക്കന്‍ഡുകളുടെ ദൈര്‍ഘ്യത്തിലാണ്. ഇതെല്ലാം പാട്രികിന്റെ ക്യാമറയില്‍ പതിയുകയും ചെയ്തു. 

ഈ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് സാഹസികമായ സംഭവത്തിന്റെ വീഡിയോ പങ്കുവയ്ക്കുന്നതും. 

വീഡിയോ കാണാം...

 

Also Read:- നാടകീയരംഗങ്ങളുമായി സൗന്ദര്യമത്സരത്തിന്റെ സമാപനം; വൈറലായ വീഡിയോ...