മൃഗങ്ങളുടെ രസകരമായ പല വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. പലപ്പോഴും നമ്മുടെ മനസിനെ ഒന്ന് 'റിലാക്‌സ്' ചെയ്യിക്കാനും, അതുവഴി നമ്മളെയൊന്ന് സന്തോഷിപ്പിക്കാനുമെല്ലാം ഇത്തരം വീഡിയോകള്‍ സഹായിക്കാറുണ്ട്.

അത്തരത്തിലൊരു വീഡിയോ ആണ് ട്വിറ്ററില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സംഗതി അല്‍പം പഴയതാണ്, എങ്കിലും ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധ രാമന്‍ വീണ്ടും പങ്കുവച്ചതോടെ വീഡിയോ രണ്ടാമതും ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. 

ബുദ്ധിമാനായ ഒരു ആട് ആണ് വീഡിയോയിലെ താരം. വിശന്നുവലഞ്ഞുനടക്കുകയായിരുന്നു നമ്മുടെ താരം. അപ്പോഴാണ് അടുത്തുള്ളൊരു മരം നിറയെ നല്ല പച്ചയില കാണുന്നത്. പക്ഷേ മരത്തിലേക്ക് എത്ര ഏന്തിവലിഞ്ഞാലും എത്താത്ത അത്രയും ഉയരത്തിലാണ് ഇലകളുടെ നില്‍പ്. 

വൈകിയില്ല, ഉടനെ അടുത്ത 'ഐഡിയ'യിലേക്ക് കടക്കുകയാണ് ആട്. മരത്തിന് താഴെയായി നില്‍ക്കുന്ന പോത്തിന്റെ ദേഹത്തേക്ക് ചാടിക്കയറുന്നു. അതിന്റെ പുറത്ത് പിന്‍കാലുകളുറപ്പിച്ച് മുന്‍കാലുകള്‍ മരത്തിലേക്ക് ഉയര്‍ത്തി ഇല കടിച്ചുപറിച്ച് തിന്നുന്നു. 

 

 

അവരവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ മനുഷ്യരെപ്പോലെ തന്നെ കഴിവുള്ളവരാണ് മൃഗങ്ങളും എന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ. ഒരുപക്ഷേ, നമ്മുടെ ചെറിയ ചെറിയ ഉപായങ്ങളെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ള കിടിലന്‍ ചുവടുവയ്പുകളാണ് അവര്‍ നടത്തുകയെന്ന് കൂടി വേണമെങ്കില്‍ പറയാം. എന്തായാലും ആയിരക്കണക്കിന് പേരാണ് 'സ്മാര്‍ട്ട്' ആയ ആടിന്റെ വീഡിയോ ട്വിറ്ററില്‍ മാത്രം കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് റീട്വീറ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു. 

Also Read:- 'വല്ലാത്ത ബുദ്ധി തന്നെ'; പഴക്കച്ചവടക്കാരന്റെ 'ടെക്‌നോളജി'ക്ക് ട്വിറ്ററില്‍ കയ്യടി...