Asianet News MalayalamAsianet News Malayalam

നാല് വയസുകാരനെ നായ്ക്കള്‍ കടിച്ചുകീറി കൊന്ന സംഭവം; വീഡിയോ വൈറല്‍, പ്രതിഷേധം ശക്തം

മലപ്പുറത്ത് വ്യാപകമായ തെരുവനായ ശല്യമാണ് അടുത്തിടെയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന്. ഇവിടെ ഈ വിഷയത്തില്‍ കാര്യമായ പ്രതിഷേധങ്ങളും നടന്നുവരികയാണ്. മലപ്പുറത്ത് തെരുവുനായ ആക്രമണത്തില്‍ മൂന്ന് വയസുകാരിക്കും പരുക്കേറ്റിരുന്നു. ഈ കുട്ടിക്ക് അടക്കം ഒമ്പത് പേര്‍ക്കാണ് അന്ന് കടിയേറ്റത്. കൊണ്ടോട്ടിയില്‍ 16 പേരെ തെരുവുനായ കടിച്ചതും വലിയ വാര്‍ത്തയായിരുന്നു. എല്ലാം ദിവസങ്ങളുടെ വ്യത്യാസത്തിലാണ് നടന്നിരിക്കുന്നത്.

video of boy attacked by street dogs going viral and protests ongoing in social media hyp
Author
First Published Feb 21, 2023, 1:58 PM IST

ഹൈദരാബാദില്‍ നാല് വയസുകാരനെ തെരുവുനായ്ക്കള്‍ സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിന്‍റെ സിസിടിവി വീഡിയോ വൈറലയതോടെയാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം കാര്യമായ രീതിയില്‍ പ്രതിഷേധം ശക്തമായത്.

തെരുവുനായ്ക്കള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ ഈ വീഡിയോ ഒന്ന് കാണുക എന്ന അടിക്കുറിപ്പോടെയാണ് മിക്കവരും വീഡിയോ പങ്കുവയ്ക്കുന്നത്. എന്നാല്‍ ഈ വീഡിയോ അധികപേര്‍ക്കും കാണാൻ സാധിക്കുകയില്ല. അത്രമാത്രം പേടിപ്പെടുത്തുന്നതും ദുഖിപ്പിക്കുന്നതുമായ കാഴ്ചയാണിത്. 

ഹൈദരാബാദിലെ അംബേര്‍പേട്ടിലാണ് സംഭവം നടന്നിരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരനായ അച്ഛൻ ജോലി ചെയ്യുന്ന ഹൗസിംഗ് സൊസൈറ്റിയുടെ പാര്‍ക്കിംഗ് ഏരിയയിലൂടെ നടക്കുകയായിരുന്നു കുഞ്ഞ്. ഇതിനിടെ അപ്രതീക്ഷിതമായാണ് നായ്ക്കളുടെ സംഘം കുഞ്ഞിന് നേരെ പാഞ്ഞടുത്തത്.

തുടര്‍ന്ന് മൂന്ന് നായ്ക്കള്‍ മാറിമാറി കുഞ്ഞിനെ കടിച്ചുകീറുന്നതാണ് വീഡിയോയില്‍ കാണുന്നത്. വീണിടത്ത് നിന്ന് എഴുന്നേറ്റ് രക്ഷപ്പെടാനായി ഓടാൻ കുഞ്ഞ് ശ്രമിക്കുന്നുണ്ടെങ്കിലും വീണ്ടും വീണ്ടും നായ്ക്കള്‍ ആക്രമണം തുടരുകയാണ്.  ഹൃദയം മുറിപ്പെടുത്തുംവിധത്തിലുള്ള ഈ രംഗത്തിന്‍റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. 

എന്നാല്‍ ഈ വീഡിയോ ഇത്തരത്തില്‍ പങ്കുവയ്ക്കരുതെന്നും ആവശ്യമെങ്കില്‍ മാത്രമേ വീഡിയോ പ്രദര്‍ശിച്ചാല്‍ മതിയെന്നുമാണ് നിരവധി പേര്‍ ആവശ്യപ്പെടുന്നത്. 

നായ്ക്കളുടെ ആക്രമണത്തില്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മൃതപ്രായനായ കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് അച്ഛൻ ഗംഗാധര്‍ ഓടിയെത്തിയെങ്കിലും ആശുപത്രിയിലേക്ക് എത്തിക്കും മുമ്പ് തന്നെ കുഞ്ഞിന്‍റെ അന്ത്യം സംഭവിച്ചു. 

തെരുവുനായ്ക്കളുടെ ആക്രമണം തടയാൻ അതത് പ്രദേശങ്ങളില്‍ ഭരണസംവിധാനങ്ങള്‍ കാര്യക്ഷമമായ നടപടികള്‍ കൈക്കൊള്ളണമെന്നാണ് എവിടെയും ഈ വിഷയത്തില്‍ ഉയര്‍ന്നുകേള്‍ക്കാറുള്ള ആവശ്യം. ദാരുണമായ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഇപ്പോഴും ഈ പ്രശ്നത്തിന് ഒരു പരിഹാരവും കാണാൻ ഉത്തരവാദപ്പെട്ടവര്‍ക്ക് സാധിക്കുന്നില്ല- അല്ലെങ്കില്‍ അവരതിന് തയ്യാറാകുന്നില്ല എന്നത് ഖേദകരം തന്നെയാണ്.

കേരളത്തിലാണെങ്കില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വ്യാപകമായ രീതിയിലാണ് തെരുവുനായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. വീടിനരികില്‍ വച്ച് ഒരു കുഞ്ഞിനെ നായ ആക്രമിക്കുന്ന വീഡിയോ ഇതുപോലെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ധാരാളം ചര്‍ച്ചകളുയര്‍ത്തുകയും ചെയ്തിരുന്നു. 

2023ലേക്ക് കടന്ന് രണ്ട് മാസം പിന്നിടാൻ ഇനിയും ദിവസങ്ങള്‍ ബാക്കിയിരിക്കെ തന്നെ നിരവധി തെരുവുനായ ആക്രമണങ്ങളാണ് പല ജില്ലകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും ഒടുവിലായി മലപ്പുറം കോട്ടപ്പടിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ തെരുവനായ ആക്രമിക്കാൻ വരികയും ഇതില്‍ നിന്നൊഴിഞ്ഞുമാറിയ വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതുമായ വീഡിയോ വൈറലായിരുന്നു. 

മലപ്പുറത്ത് വ്യാപകമായ തെരുവനായ ശല്യമാണ് അടുത്തിടെയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന്. ഇവിടെ ഈ വിഷയത്തില്‍ കാര്യമായ പ്രതിഷേധങ്ങളും നടന്നുവരികയാണ്. മലപ്പുറത്ത് തെരുവുനായ ആക്രമണത്തില്‍ മൂന്ന് വയസുകാരിക്കും പരുക്കേറ്റിരുന്നു. ഈ കുട്ടിക്ക് അടക്കം ഒമ്പത് പേര്‍ക്കാണ് അന്ന് കടിയേറ്റത്. കൊണ്ടോട്ടിയില്‍ 16 പേരെ തെരുവുനായ കടിച്ചതും വലിയ വാര്‍ത്തയായിരുന്നു. എല്ലാം ദിവസങ്ങളുടെ വ്യത്യാസത്തിലാണ് നടന്നിരിക്കുന്നത്.

ഇതിനിടെ കൊല്ലത്ത് ഒന്നര വയസുകാരനും തിരുവനന്തപുരത്ത് ഒമ്പത് വയസുകാരനും തെരുവുനായ്ക്കളുടെ കടിയേറ്റിരുന്നു. ഇതും ദിവസങ്ങളുടെ വ്യത്യാസത്തില്‍.

നായ്ക്കള്‍ ഏറ്റവുമധികം ആക്രമിക്കുന്നത് കുട്ടികളെയാണെന്നത് ഏറെ ശ്രദ്ധേയമാണ്. പലയിടങ്ങളിലും സ്കൂള്‍ കുട്ടികള്‍ ഇക്കാര്യത്തില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വളര്‍ത്തുമൃഗങ്ങളെയും നായ്ക്കള്‍ ആക്രമിക്കുന്നുണ്ട്. എന്തായാലും തെരുവുനായ ആക്രമണങ്ങള്‍ക്ക് അറുതി വരുത്താൻ ഫലപ്രദമായ നടപടികള്‍ അധികാരികളുടെ ഭാഗത്ത് നിന്ന് ഓരോ പ്രദേശത്തും ഉണ്ടാകണമെന്ന ആവശ്യം തന്നെയാണ് ഈ അവസ്ഥയില്‍ ശക്തമാകുന്നത്. ഇനിയും ദുരന്തങ്ങള്‍ സംഭവിക്കും വരെ കാത്തിരിക്കാതെ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുകയാണ് വേണ്ടത്.

ഹൈദരാബാദില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലേക്ക്.... ശ്രദ്ധിക്കുക ഇതില്‍ ആക്രമണത്തിന്‍റെ രംഗങ്ങള്‍ അടങ്ങിയിരിക്കുന്നു...

Also Read:- സ്‌കൂൾ വിദ്യാർഥിയെ തെരുവ് നായ ഓടിച്ചു, ഓടിയത് ഓട്ടോക്ക് മുന്നിലേക്ക്; അപകടം ഒഴിവായത് തലനാരിഴക്ക്- വീഡിയോ

 

Follow Us:
Download App:
  • android
  • ios