പ്രണയബന്ധം തകരുമ്പോള്‍ പരസ്പരം നഷ്ടബോധം തോന്നുന്നതും ദുഖം തോന്നുന്നതുമെല്ലാം സ്വാഭാവികമാണ്. എന്നാല്‍ ഇതിന്റെ പേരില്‍ ഒരാള്‍ മറ്റൊരാളെ ഏതെങ്കിലും തരത്തില്‍ ശല്യപ്പെടുത്തുന്നതോ, ആക്രമിക്കുന്നതോ ഒന്നും ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. അത് പാകതയുള്ളതോ ആരോഗ്യകരമായതോ ആയ പ്രതികരണവും അല്ല. 

എങ്കിലും ചിലരെങ്കിലും ഇത്തരത്തില്‍ മോശമായ പ്രതികരണങ്ങള്‍ക്ക് മുതിരാറുമുണ്ട്. അത്തരത്തില്‍ കാമുകി 'തേച്ചു' എന്ന കാരണവും ചൂണ്ടിക്കാട്ടി, അവളോട് പ്രതികാരം തീര്‍ത്ത കാമുകന്റെ ചില വീഡിയോകള്‍ അടുത്തിടെ ഏറെ ശ്രദ്ധ നേടുകയുണ്ടായി. 

മറ്റൊന്നുമല്ല, അല്‍പം വ്യത്യസ്തമായിരുന്നു ഈ പ്രതികാരം എന്നത് കൊണ്ട് തന്നെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. സത്തേണ്‍ യുഎസിലെ ഒരു പട്ടണത്തിലാണ് ഇരുപത്തിയൊന്നുകാരനായ ഇവാന്‍ സെര്‍വാന്റസ് താമസിക്കുന്നത്. ഇവാനല്ല, ഈ കഥയിലെ താരം. ഇവാന്റെ സുഹൃത്താണ് നഷ്ടപ്രണയത്തെ തുടര്‍ന്ന് പ്രതികാരത്തിനിറങ്ങിയത്. 

കാര്യങ്ങള്‍ ഇത്രത്തോളമെത്തിയിട്ടും ഈ കാമുകന്റെ പേര് മാത്രം അധികമാരും അറിഞ്ഞിട്ടില്ല. എന്തായാലും കാമുകി 'തേച്ചു' എന്ന വാദവുമായി അയാള്‍ നേരെ ഇവാന്റെയടുത്തേക്കാണ് എത്തിയത്. തുടര്‍ന്ന് പ്രതികാരം ചെയ്യണമെന്ന ആഗ്രഹം അറിയിച്ചു. ഇവാന്‍ കൂടെ വരാമെന്നുമേറ്റു. 

അങ്ങനെ ഇരുവരും കാമുകിയായിരുന്ന പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറി. ശേഷം അവളുടെ വീട്ടിലെ വിലപിടിപ്പുള്ള ഫ്‌ളോര്‍ (മരം കൊണ്ട് നിര്‍മ്മിച്ചത്) മെഷീന്‍ ഉപയോഗിച്ച് മുഴുവനായി ഇളക്കിമറിച്ചിട്ടു. പ്രണയമുണ്ടായിരുന്നപ്പോള്‍ അയാള്‍ നല്‍കിയ പണം കൊണ്ടാണത്രേ പെണ്‍കുട്ടി ഫ്‌ളോറിംഗ് ചെയ്തത്. പ്രണയനൈരാശ്യത്തില്‍ നിന്ന് ഉടലെടുത്ത ദേഷ്യത്തില്‍ അവ മുഴുവനും ആ ചെറുപ്പക്കാരന്‍ നശിപ്പിച്ചു. ഇതിന്റെ വീഡിയോ പിന്നീട് ഇവാന്‍ ടിക് ടോക്കിലൂടെ പങ്കുവയ്ക്കുകയായിരുന്നു. 

 

 

പ്രണയം നഷ്ടപ്പെട്ടതിലെ പ്രതികാരം തീര്‍ത്തതാണെന്ന അടിക്കുറിപ്പില്‍ വന്ന വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. തുടര്‍ന്ന് കാമുകിയായിരുന്ന പെണ്‍കുട്ടി ഇതെക്കുറിച്ച് ഇവാന്റെ സുഹൃത്തിനോട് വന്ന് ചോദിക്കുകയും ചെയ്തു. രോഷത്തോടെ അസഭ്യവാക്കുകള്‍ ചൊരിഞ്ഞ് അവള്‍ സംസാരിക്കുന്ന വീഡീയോയും ഇവാന്‍ ടിക് ടോക്കില്‍ പങ്കുവച്ചു. ഈ വീഡിയോയും വൈറലായി. 

 

 

കാമുകി 'തേച്ചു' എന്നതാണ് സത്യമെങ്കില്‍ ഇത്തരത്തിലുള്ള പ്രതികരണം നന്നായിപ്പോയി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അതേസമയം, ഇങ്ങനെയുള്ള വിഷയങ്ങളെ അല്‍പം കൂടി പാകതയോടെ സമീപിക്കേണ്ടുണ്ടെന്നും, അക്കാര്യത്തില്‍ യുവാവ് പരാജയപ്പെട്ടെന്നും ചൂണ്ടിക്കാട്ടി മറുവിഭാഗവും രംഗത്തെത്തി. എന്തായാലും വ്യത്യസ്തമായ പ്രതികാരം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി എന്നത് യാഥാര്‍ത്ഥ്യം.

Also Read:- വിവാഹത്തിന് മുമ്പേ കൗണ്‍സിലിംഗ് തേടേണ്ടവര്‍ ഇതാ ഇവരാണ്...