കൊറോണ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വൃദ്ധദമ്പതികളുടെ വീ‍ഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൊറോണ വൈറസ് ബാധിച്ചയാള്‍ കൊറോണ ബാധിച്ച തന്‍റെ ഭാര്യയ്ക്ക് ആഹാരവും വെള്ളവും നല്‍കുന്നതാണ് വീഡിയോ. 

ചൈനീസ് മാധ്യമമായ പീപ്പിള്‍സ് ഡെയ്‍ലിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ''ഞാന്‍ നിന്നെ അവസാനം വരെ ഓരോ ദിവസവും പ്രണയിക്കും: കൊറോണ വൈറസ് ബാധിച്ച 87 കാരനായ രോഗി, തൊട്ടടുത്തുള്ള വാര്‍ഡില്‍ കഴിയുന്ന കൊറോണ വൈറസ് ബാധിച്ച തന്‍റെ ഭാര്യയ്ക്ക് ഭക്ഷണവും വെള്ളവും നല്‍കി. നിങ്ങള്‍ ഉടന്‍ തിരിച്ചുവരും.'' എന്ന കുറിപ്പോടെയാണ് പീപ്പിള്‍സ് ഡെയ്‍ലി വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഇതുവരെ ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. ഇരുവര്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നുവെന്നാണ് ആളുകള്‍ കമന്‍റ് ചെയ്യുന്നത്. ''ഇതാണ് യഥാര്‍ത്ഥ പ്രണയം. പെട്ടന്ന് രോഗം ഭേദമാകാന്‍ പ്രാര്‍ത്ഥിക്കുന്നു'' - ഒരാള്‍ കുറിച്ചു. 'പ്രണയം ഈ വൈറസിനെ മറികടക്കുമെന്നാണ് ഞാന്‍ കരുതുന്നത്' - മറ്റൊരാള്‍ കുറിച്ചു.