ബോളിവുഡ് സുന്ദരികളില്‍ ഏറ്റവുമധികം സാരി കളക്ഷന്‍ ഉള്ളത് ആര്‍ക്കാണെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ- വിദ്യാ ബാലന്. പൊതുചടങ്ങുകളിലാകട്ടെ അഭിമുഖങ്ങളിലാകട്ടെ സാരിയിലല്ലാതെ വിദ്യയെ കാണാറില്ല. വിദ്യയ്ക്ക് സാരിയോട് അത്രമാത്രം പ്രണയമുണ്ട്. 

ബോളിവുഡിന്‍റെ നിത്യഹരിത സൗന്ദര്യമായ രേഖക്ക് പിറകെ സാരിയെ ഇത്രത്തോളം മനോഹരമായി അണിയുന്ന മറ്റൊരു നടി ബോളിവുഡില്‍ ഇല്ലെന്ന് തന്നെ പറയാം. കാഞ്ചീപുരം മുതല്‍ സാധാരണ കോട്ടണ്‍, കൈത്തറി സാരികള്‍ വരെ അതിമനോഹരമായി അണിഞ്ഞെത്തുന്ന വിദ്യ ബോളിവുഡ് ഫാഷനിലേക്ക് സാരിയെ വീണ്ടും കൊണ്ടുവരികയായിരുന്നു.

സാരിയിലൂടെ തന്‍റേതായ ഒരു ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് കൂടി ബോളിവുഡിന് സമ്മാനിച്ചിരിക്കുകയാണ് ഇപ്പോള്‍ വിദ്യ. അടുത്തിടെ വിദ്യ അണിഞ്ഞ കറുപ്പ് സാരിയാണ് ഫാഷന്‍ ലോകത്തെ ഞെട്ടിച്ചത്. കറുപ്പ് സില്‍ക്ക് സാരിയോടൊപ്പം കറുപ്പ് ജാക്കറ്റിട്ടാണ് താരം തന്‍റെ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് പറഞ്ഞുവെയ്ക്കുന്നത്. സ്വര്‍ണ്ണ നിറത്തില്‍ ബോര്‍ഡറുളള സാരിയില്‍ അതീവസുന്ദരിയായിരുന്നു വിദ്യ. അതുപോലെ തന്നെ സ്വര്‍ണ്ണ നിറത്തിലുളള പൈപ്പിങ്ങും ജാക്കറ്റിലുണ്ടായിരുന്നു.