2020 വര്‍ഷം തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഈ വര്‍ഷം ഏതാണ്ട് മുഴുവനായും നമ്മള്‍ കൊവിഡ് 19 എന്ന മഹാമാരിയോടുള്ള പോരാട്ടത്തിലായിരുന്നു. പുതുവര്‍ഷത്തിലെങ്കിലും ആശ്വാസകരമായ വാര്‍ത്തകള്‍ നമ്മെ തേടിയെത്തട്ടെയെന്നും സാധാരണ ജീവിതത്തിലേക്ക് നമുക്ക് തിരിച്ചുപോകാന്‍ കഴിയട്ടെയെന്നുമാണ് ഏവരും ആഗ്രഹിക്കുന്നത്. 

2020 ആദ്യപാദത്തില്‍ തന്നെ കൊവിഡ് മൂലം നമ്മള്‍ ലോക്ഡൗണിലേക്ക് കടന്നു. അന്നുവരെ ജീവിച്ചുവന്ന ചുറ്റുപാടുകള്‍ ആകെയും മാറിമറിയുന്ന അവസ്ഥയായിരുന്നു ലോക്ഡൗണ്‍ കാലത്ത് നാം കണ്ടത്. മാസ്‌ക് ധരിക്കുന്നതും സാമൂഹികാകലം പാലിക്കുന്നതും വീട്ടിനകത്ത് തന്നെ ഒതുങ്ങിക്കൂടുന്നതും ജോലി പോലും വീട്ടിനകത്തിരുന്ന് ചെയ്യുന്നതുമെല്ലാം നമ്മളെ സംബന്ധിച്ച് മുമ്പെങ്ങും പരിചയിച്ചിട്ടില്ലാത്ത വിധം പുതിയ രീതികളായിരുന്നു. 

ഇതോടെ സ്വാഭാവികമായും പല കാര്യങ്ങളിലും മാറ്റങ്ങള്‍ വന്നുതുടങ്ങി. കൊവിഡ് കാലത്തെ ജാഗ്രതയ്ക്ക് വേണ്ടി പല ശീലങ്ങളും നാം പൊളിച്ചെഴുതി. ഇതിനിടെ സൗകാര്യാര്‍ത്ഥം ചിലരെങ്കിലും അവരെക്കൊണ്ട് കഴിയുന്നത് പോലെ മാതൃകാപരമായ കണ്ടെത്തലുകളും നടത്തി. അത്തരത്തില്‍ കൊവിഡ് കാലത്ത് വൈറലായ സാധാരണക്കാരുടെ ചില 'ടെക്‌നോളജി'കളെ വീണ്ടും ഒന്നോര്‍ത്തെടുക്കുകയാണിപ്പോള്‍. 

സ്‌കൂളുകള്‍ തുറക്കാതെ, ക്ലാസുകളെല്ലാം ഓണ്‍ലൈന്‍ മുഖാന്തരമായതാണ് കൊവിഡ് കാലത്തെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഭംഗിയായി ചെയ്ത് തീര്‍ക്കാന്‍ അധ്യാപകരെല്ലാം അവരെക്കൊണ്ട് കഴിയുന്ന കാര്യങ്ങള്‍ ചെയ്തു. ഇക്കൂട്ടത്തില്‍ ഒരധ്യാപിക ചെയ്ത 'സൂത്രപ്പണി' സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഫ്രിഡ്ജിനകത്ത് ഉപയോഗിക്കുന്ന ട്രേയില്‍ ഫോണ്‍ വച്ച് അതിന് താഴെ പുസ്തകം വച്ച് പഠിപ്പിക്കുകയാണ് അധ്യാപിക. 

 


അതുപോലെ ഫോണ്‍ ഫിക്‌സ് ചെയ്ത് വയ്ക്കാന്‍ ഉപകരണങ്ങളില്ലാത്ത മറ്റൊരധ്യാപിക ഇതിനായി ചെയ്ത പൊടിക്കയ്യാണ് അടുത്തതായി വ്യാപക ശ്രദ്ധ നേടിയത്. 

 

 

സ്ട്രീറ്റ് ഭക്ഷണങ്ങള്‍ വാങ്ങിക്കഴിക്കുന്നത് കൊവിഡ് കാലത്ത് സുരക്ഷിതമല്ലെന്ന ചിന്ത ഏവരിലുമുണ്ടായിരുന്നു. ഈ ഭയം തെരുവോരക്കച്ചവടക്കാരുടെ നിത്യജീവിതത്തെ അതിഭയങ്കരമായ രീതിയിലാണ് ബാധിച്ചത്. നിങ്ങള്‍ക്ക് സുരക്ഷിതമായി ഭക്ഷണമൊരുക്കി നല്‍കാന്‍ ഞങ്ങളെക്കൊണ്ട് കഴിയുമെന്ന് തെളിയിച്ച പാനി പൂരി വില്‍പനക്കാരനായിരുന്നു അടുത്ത താരം. 'ഓട്ടോമാറ്റിക് മെഷീന്‍' സ്ഥാപിച്ചാണ് ഇദ്ദേഹം കയ്യടി നേടിയത്. 

 

 

അതുപോലെ തന്നെ, സാമൂഹികാകലം പാലിച്ചുകൊണ്ട് ആളുകള്‍ക്ക് പാല്‍ വിതരണം നടത്താന്‍ കച്ചവടക്കാരന്‍ കണ്ടെത്തിയ മാര്‍ഗവും വലിയ തോതില്‍ അംഗീകാരം നേടുകയുണ്ടായി. 

 


കറന്‍സികളിലൂടെ കൊറോണ വൈറസ് പടരുമെന്ന ആശങ്ക നിലനില്‍ക്കേ, തേപ്പുപെട്ടി ഉപയോഗിച്ച് നോട്ട് അണുവിമുക്തമാക്കുന്ന ബാങ്ക് ജീവനക്കാരനാണ് ഇക്കൂട്ടത്തില്‍ മറ്റൊരു താരം. 

 

 

ഇങ്ങനെ നാം അറിഞ്ഞവര്‍ തന്നെ നിരവധിയാണ്. നമ്മുടെ കാഴ്ചയില്‍ പതിയാതെ പോയ എത്രയോ പേര്‍ ഇനിയുമുണ്ടാകുമെന്നത് തീര്‍ച്ച. രസകരമായ ചെറിയ കാര്യങ്ങളാണെങ്കില്‍ പോലും അതിജീവനത്തിന്റെ മാതൃകകള്‍ എന്ന നിലയക്ക് വലിയ പ്രതീക്ഷകള്‍ തന്നെയാണ് ഇവരെല്ലാം പങ്കുവയ്ക്കുന്നത്. 

Also Read:- ലോക്ഡൗണും സെല്‍ഫ് ഐസൊലേഷനും നിങ്ങളെ ബാധിച്ചിട്ടുണ്ടോ?...