ഭക്ഷണം കഴിക്കുന്നതിലൂടെ വിരസത, നിരാശ, ദേഷ്യം തുടങ്ങിയ വൈകാരികപ്രശ്‌നങ്ങള്‍ തീര്‍ക്കുന്നവരുണ്ട്. ഇത് മനശാസ്ത്ര വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാണിക്കുന്ന കാര്യമാണ്. യഥാര്‍ത്ഥത്തില്‍ വിശപ്പ് അനുഭവപ്പെടുന്നതിന് പകരം വൈകാരിക പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ മനസ് ഉണ്ടാക്കുന്ന വിശപ്പാണിത്

കൊവിഡ് കാലമായതോടെ മിക്കവരും വീട്ടില്‍ തന്നെ ഇരുന്നാണ് ജോലി ചെയ്യുന്നത്. ജോലിസമയത്തിന് ശേഷവും പുറത്തെങ്ങും പോകാന്‍ അവസരമില്ലാത്തതിനാല്‍ സോഷ്യല്‍ മീഡിയകളിലും മറ്റ് വീഡിയോ പ്ലാറ്റ്‌ഫോമുകളിലുമെല്ലാമായി സമയം ചിലവിടുകയാണ് അധികപേരും. 

ഇത്തരത്തില്‍ ഒരേ സ്ഥലത്ത്, ഒരേ ശീലങ്ങളുമായി തുടരുമ്പോള്‍ സ്വാഭാവികമായും നമ്മളില്‍ വിരസത നിറയും. എന്നാല്‍ പലപ്പോഴും ഈ വിരസത നമ്മള്‍ സ്വയം തിരിച്ചറിയണമെന്നില്ല. വിവിധ രീതിയിലാകാം വിരസത പ്രകടമാകുന്നത്. ഇതില്‍ പ്രധാനപ്പെട്ടൊരു രീതിയെ കുറിച്ചാണിനി പറയുന്നത്. 

വെറുതെ മുറിയില്‍ ചടഞ്ഞിരുന്ന് സീരീസോ സിനിമയോ കാണുന്നതിനിടെ ഇടയ്ക്കിടെ അടുക്കളഭാഗത്ത് വന്ന് ഫ്രിഡ്ജ് തുറന്ന് നോക്കി പോകുന്ന ശീലമുണ്ടോ നിങ്ങളില്‍? എപ്പോഴും എന്തെങ്കിലുമൊക്കെ കഴിച്ചുകൊണ്ടിരിക്കുകയെന്ന ശീലത്തിലാണോ നിങ്ങള്‍? 


ഭക്ഷണം കഴിക്കുന്നതിലൂടെ വിരസത, നിരാശ, ദേഷ്യം തുടങ്ങിയ വൈകാരികപ്രശ്‌നങ്ങള്‍ തീര്‍ക്കുന്നവരുണ്ട്. ഇത് മനശാസ്ത്ര വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാണിക്കുന്ന കാര്യമാണ്. യഥാര്‍ത്ഥത്തില്‍ വിശപ്പ് അനുഭവപ്പെടുന്നതിന് പകരം വൈകാരിക പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ മനസ് ഉണ്ടാക്കുന്ന വിശപ്പാണിത്. 

ഇക്കൂട്ടത്തില്‍ നിങ്ങളുള്‍പ്പെടുമെങ്കില്‍ തീര്‍ച്ചയായും ഇപ്പോള്‍ വൈറലായ ഈ ട്വീറ്റും നിങ്ങള്‍ക്ക് മനസിലാക്കാവുന്നതേയുള്ളൂ. 'ralph' എന്ന ട്വിറ്റര്‍ യൂസറാണ് ആദ്യമായി ഈ ചിത്രം പങ്കുവച്ചത്. ധാരാളം ഭക്ഷണസാധനങ്ങളടങ്ങിയിരിക്കുന്ന ഫ്രിഡ്ജ് തുറന്നുവച്ചിരിക്കുന്നു. എന്നാല്‍ അതിനകത്ത് ഒരു തുണ്ട് കടലാസില്‍ ചെറിയൊരു കുറിപ്പുമുണ്ട്. 

'നിനക്ക് വിശക്കുന്നില്ല. നിനക്ക് ബോറടിച്ചിരിക്കുകയാണ്. ഡോറടിച്ച് ഒന്ന് പോകൂ..' എന്നാണ് കുറിപ്പിന്റെ ആശയം. അതായത്, ആദ്യമേ സൂചിപ്പിച്ചത് പോലെ നമ്മുടെ വിരസത നമ്മള്‍ തന്നെ തിരിച്ചറിയാതെ പോകുന്ന അവസ്ഥയില്‍ സ്വയം ഓരോര്‍മ്മപ്പെടുത്തല്‍ നടത്താമെന്ന തത്വമാണ് ചിത്രം പങ്കുവയ്ക്കുന്നത്. 

Scroll to load tweet…

സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധി പേരാണ് ട്വിറ്ററില്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. 'ഇത് എന്നെത്തന്നെ ഉദ്ദേശിച്ചുള്ളതാണ്' എന്ന കമന്റാണ് മിക്കവാറും പേരും പങ്കുവയ്ക്കുന്നത്. അതായത്, അത്രമാത്രം ആളുകള്‍ ഇതേ വിരസതയില്‍ തുടരുന്നുണ്ട് എന്ന് സാരം. നേരത്തേ ആരെങ്കിലും നോക്കിനില്‍ക്കെ ചെയ്തുകൊണ്ടിരിക്കുന്ന ജോലി പ്രശ്‌നത്തിലാകുന്നതിനെ കുറിച്ചും 'ralph' രസകരമായ ചിത്രം പങ്കുവച്ചിരുന്നു. ആ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ശ്രദ്ധ നേടിയിരുന്നു.

Also Read:- അടുക്കളയില്‍ ഈ സൗകര്യം വേണമെന്ന് നിങ്ങളാഗ്രഹിക്കുന്നുണ്ടോ? വൈറലായ ചിത്രം...