രാജസ്ഥാൻ: ഒറ്റയ്ക്ക് നിൽക്കുകയായിരുന്ന കരടിയെ ആക്രമിച്ചുകളയാം എന്ന് കരുതി അടുത്ത് ചെന്നതാണ് കടുവ. എന്നാൽ കടുവ പ്രതീക്ഷിച്ച കാര്യമല്ല പിന്നീട് സംഭവിച്ചത്. കടുവയ്ക്ക് മുന്നിൽ നെഞ്ച് വിരിച്ച് കരടി എഴുന്നേറ്റ് നിന്നു. എന്നാൽ പിന്തിരിയാൻ കൂട്ടാക്കാതെ നിന്ന കടുവയെ തുരത്തിയോടിക്കുന്നതാണ് പിന്നെക്കാണുന്നത്.

ആദ്യത്തെ കടുവ ഓടിച്ചെന്ന് നിൽക്കുന്നത് മറ്റൊരു കടുവയുടെ അടുത്താണ്. രണ്ട് കടുവകൾ ഉണ്ടെന്നറിഞ്ഞിട്ടും പിന്തിരിഞ്ഞോടാൻ കരടി തയ്യാറാകുന്നില്ല. രണ്ട്പേരെയും തുരത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് രാജസ്ഥാനിലെ രണ്‍തന്‍ബോറെ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള ഈ വിഡിയോ. 

രാജ്യസഭാ അംഗമായ പരിമള്‍ നത്വാനിയാണ് ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു മാസം മുന്‍പാണ് വിഡിയോ ആദ്യമായി സോഷ്യല്‍ മീഡിയയില്‍ വന്നത്. എംപി വിഡിയോ വീണ്ടും പങ്കുവെച്ചതോടെ കൂടുതല്‍ പേര്‍ വിഡിയോ ശ്രദ്ധിക്കുകയായിരുന്നു. ഒരു ദിവസം കൊണ്ട് 30,000ത്തില്‍  അധികം പേരാണ് വിഡിയോ കണ്ടത്.

കടുവകള്‍ കുഞ്ഞായതുകൊണ്ടാണ് തിരിച്ച് ആക്രമിക്കാതിരുന്നത് എന്നാണ് ചിലരുടെ കണ്ടെത്തല്‍. അടുത്ത തവണ വേട്ടക്കിറങ്ങുമ്പോള്‍ കടുവകൾക്ക് ഇതൊരു പാഠമായിരിക്കുമെന്നും ചിലര്‍ കമന്റ് ചെയ്യുന്നു. നിരവധി പേർ ഈ വീഡിയോയ്ക്ക് കമന്റ് ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.