ജോലിസ്ഥലത്തെ മടുപ്പ് പലരീതിയിലാണ് നമ്മളെ ബാധിക്കാറ്, അല്ലേ? ചിലപ്പോള്‍ അസുഖങ്ങളുടെ രൂപത്തിലാകാം. അല്ലെങ്കില്‍ മാനസികമായ പ്രശ്‌നങ്ങളാകാം. ഇതെല്ലാം പലപ്പോഴും നമ്മുടെ പെരുമാറ്റത്തിലും പ്രതിഫലിച്ചേക്കാം. എന്നാല്‍ ഇതുകൊണ്ടെല്ലാം ജോലി ചെയ്യുന്നത് തന്നെ അങ്ങ് നിര്‍ത്തിക്കളഞ്ഞാലോ!

ഹമ്പട, അങ്ങനെയൊരു കടുംകൈ ചെയ്യാന്‍ ഒരുവിധപ്പെട്ട മനുഷ്യരാരും ധൈര്യപ്പെടില്ല. അപ്പോള്‍ മൃഗങ്ങളോ? ഇതാ ചങ്കൂറ്റത്തോടെ ജോലി പുല്ല് പോലെ വലിച്ചെറിയാനൊരുങ്ങുകയാണ് ഒരു കുതിര. 

മെക്‌സിക്കോയിലെ ഒരു ക്ലബ്ബിലെ സവാരിക്കാരനാണ് താരം. സവാരിക്കായി ഇവിടെ വേറെയും കുതിരകളുണ്ട്. എന്നാല്‍ ജിങ്ജാങ് എന്ന ഈ കുതിരയ്ക്ക് മാത്രം ഒരു പ്രത്യേകതയുണ്ട്. ഈയടുത്തായി സവാരിക്കായി ആര് അടുത്തെത്തിയാലും ജിങ്ജാങ്, എടുത്തടിച്ച പോലെ നിലത്തുവീഴും. എന്നിട്ട് ചത്തത് പോലെ അനക്കമില്ലാതെ ഒരു കിടപ്പാണ്. ആദ്യമൊക്കെ പരിശിലകരും മറ്റ് ജീവനക്കാരും ഇത് കണ്ട് പേടിച്ചിരുന്നു. പിന്നീടാണ് ഇത് ജോലി ചെയ്യാതിരിക്കാനുള്ള ജിങ്ജാങിന്റെ സൂത്രമാണെന്ന് മനസിലായത്. 

ഇങ്ങനെയൊക്കെ അഭിനയിച്ച് തകര്‍ത്ത് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയാണെങ്കില്‍ അത്രയും സന്തോഷം എന്ന മട്ടിലാണ് ജിങ്ജാങിന്റെ പെരുമാറ്റം. കുതിരയുടെ ഈ സൂത്രപ്പണി കയ്യോടെ വീഡിയോ എടുത്തിരിക്കുകയാണ് പരിശീലകര്‍. തുടര്‍ന്ന് ഇവരിത് ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 

എന്തായാലും ഓസ്‌കാറ് വാങ്ങിക്കൊടുക്കേണ്ട അഭിനയമാണ് കുതിരയുടേതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അത്രയും 'ടൈമിംഗും' പ്രതിഭയുമുണ്ട് ജിങ്ജാങിനെന്നാണ് ഇവര്‍ പറയുന്നത്. സിനിമയില്‍ ഒരുകൈ നോക്കാമെന്ന് പറയുന്നവരും കുറവല്ല. 

വീഡിയോ കാണാം...