തിരക്കുള്ള റോഡില്‍ വാഹനങ്ങള്‍ പാഞ്ഞുകൊണ്ടിരിക്കേ അതിനിടയില്‍ നാട്ടിലെങ്ങും കാണാത്ത മൃഗങ്ങളെ കണ്ടാലോ. ഏതോ ഫാന്റസി സിനിമയോ സ്വപ്നനമോ ആണെന്ന് ആദ്യം കരുതിയേക്കാം, അല്ലേ? എന്നാല്‍ സംഗതി സത്യമാണെന്ന് വന്നാലോ!

വാഹനങ്ങളെല്ലാം മൃഗങ്ങള്‍ക്ക് വേണ്ടി വേഗത കുറച്ച്, യാത്രക്കാരെല്ലാം കൗതുകത്തോടെ ഈ കാഴ്ച കണ്ട്‌പോയാലോ. അതെ, സംഭവം സത്യം തന്നെയാണ്. പാരീസില്‍ തിരക്കുള്ള നഗരവീഥിയില്‍ കഴിഞ്ഞ ദിവസം നടന്ന രസകരമായ സംഭവമാണിത്.

ടൗണില്‍ തമ്പടിച്ച സര്‍ക്കസുകാരുടെ കൂട്ടത്തില്‍ നിന്ന് അവരുടെ കണ്ണ് വെട്ടിച്ച് ഒരു സീബ്രയും രണ്ട് കുതിരകളും എങ്ങനെയോ പുറത്തുകടന്നു. എന്നിട്ട് നേരേ റോഡിലേക്ക്. അല്‍പം കഴിഞ്ഞപ്പോഴേക്ക് റോഡിലൂടെ ഓടിനടക്കുന്ന വന്യമൃഗങ്ങളെ ആളുകള്‍ കണ്ടുതുടങ്ങി. അതോടെ സംഗതി ആഘോഷമായി. വാഹനങ്ങളിലിരുന്ന് കൊണ്ട് തന്നെ ആളുകള്‍ ഇവയുടെ വീഡിയോ എടുക്കാനും മറ്റും ശ്രമിച്ചു. 
 
ഏതായാലും പതിനഞ്ച് മിനുറ്റ് നേരത്തെ കറക്കം കഴിഞ്ഞയുടന്‍ തന്നെ സര്‍ക്കസ് കമ്പനിക്കാര്‍ വന്ന് ഇവരെ തിരിച്ച് കൂട്ടിലേക്ക് തന്നെ പിടിച്ചുകൊണ്ടുപോയി. 

 
പകല്‍ സമയത്ത് തുറസ്സായ ഒരു പാര്‍ക്കിലും രാത്രിയില്‍ ഒരു ട്രെയിലറിലുമാണത്രേ ഇവയുടെ താമസം. ട്രെയിലറിന്റെ വാതിലടയ്ക്കാന്‍ ജീവനക്കാരന്‍ വിട്ടുപോയതോടെയാണ് ഇവര്‍ രക്ഷപ്പെട്ട് പുറത്തുകടന്നത്.