ചൈന: മൃഗശാലയിലിരുന്ന് വസ്ത്രങ്ങൾ കഴുകുന്ന ചിമ്പാൻസിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിക്കൊണ്ടിരിക്കുന്നത്.  തെക്കുപടിഞ്ഞാറൻ ചൈനയിലെ മൃ​ഗശാലയിലാണ് സംഭവം. 18 വയസുള്ള ആൺചിമ്പാൻസിയായ യുഹുയിയാണ് ഒരു വെളുത്ത ടി-ഷർട്ട് ബ്രഷും ബാർ സോപ്പും ഉപയോഗിച്ച് കഴുകുന്നത്. 

കഴിഞ്ഞ ദിവസം താൻ വസ്ത്രം കഴുകുന്നത് യുഹുയി സൂക്ഷ്മമായി ശ്ര​ദ്ധിച്ചിരുന്നുവെന്ന് ചിമ്പൻസിയുടെ സൂക്ഷിപ്പുകാരിയായ സൂ പറയുന്നു. ''ഞാനവനെ ഒന്നും പഠിപ്പിച്ചിട്ടില്ല. പക്ഷെ ബ്രഷും സോപ്പും കിട്ടിയ ഉടൻ തന്നെ അവൻ വസ്ത്രങ്ങൾ കഴുകാൻ തുടങ്ങി. യഥാർത്ഥത്തിൽ ഞാൻ അത്ഭുതപ്പെട്ടു പോയി.'' സൂ വാർത്താ വെബ്‌സൈറ്റായ ഇസി‌എൻ‌എസിനോട് പറഞ്ഞു.

സാധാരണ മനുഷ്യർ ചെയ്യുന്നത് പോലെ ടീഷർട്ട് വെള്ളത്തിൽ മുക്കിയതിന് ശേഷം പുറത്തെടുത്ത് സോപ്പിട്ട്, കയ്യിൽ പിടിച്ച് കഴുകുന്നത് വളരെ വ്യക്തമായി വീഡിയോയിൽ കാണാം. അലക്കുക മാത്രമല്ല, പിഴിയുകയും ചെയ്യുന്നുണ്ട്. എന്തായാലും ചൈനയിലെ സമൂഹമാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞിരിക്കുന്നത്.