അപൂർവ്വവും വ്യത്യസ്തവുമായ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്. രണ്ട് അരയന്നങ്ങളാണ് ഈ ദൃശ്യങ്ങളിലുള്ളത്. ഒറ്റനോട്ടത്തിൽ ഇവർ തമ്മിൽ വഴക്കിടുകയാണോ എന്ന് തോന്നും. എന്നാൽ നോട്ടം ഒരു കുഞ്ഞ് അരയന്നത്തിലേക്ക് എത്തുമ്പോൾ തോന്നൽ തെറ്റിപ്പോയെന്ന് ബോധ്യപ്പെടും.‌

ഒരു അരയന്നത്തിന്റെ തലയിൽ മറ്റൊരെണ്ണം കൊത്തുന്ന രീതിയിൽ ചുണ്ടമർത്തി നിൽക്കുന്നതായിട്ടാണ് കാണുന്നത്. ഒപ്പം തലയിൽ നിന്ന് ഒലിച്ചിറങ്ങുന്ന രക്തനിറമുള്ള ദ്രാവകം കുഞ്ഞിന്റെ വായിലേക്കാണ് എത്തുന്നത്. പര്‍വീണ്‍  കാസ്‌വാന്‍ ഐഎഫ്എസാണ് അപൂര്‍വ്വമായ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

"

ഈ വിഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യത്തെക്കുറിച്ച് അദ്ദേഹം തന്നെ വിശദീകരിക്കുന്നുണ്ട്. രക്തത്തിന്റെ നിറത്തിൽ ഒലിച്ചിറങ്ങുന്നത് ക്രോപ് മിൽക്കാണെന്ന് പർവീൺ കാസ്വാൻ ട്വിറ്ററിൽ കുറിക്കുന്നു. പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നതാണ് ക്രോപ് മില്‍ക്ക്. ധാരാളം കൊഴുപ്പും ഇതില്‍ അടങ്ങിയിട്ടുണ്ട്. ദഹനത്തിന് മുന്‍പ് അന്നനാളത്തിന്റെ ഒരു ഭാഗത്ത് സൂക്ഷിക്കുന്ന ഭക്ഷണരൂപത്തിലുളള ദ്രാവകമാണ് ക്രോപ് മില്‍ക്ക്. കട്ടിയുളള ഭക്ഷണം കഴിക്കുന്നത് വരെ കുഞ്ഞുങ്ങള്‍ക്ക് തീറ്റ നല്‍കാന്‍ അമ്മ അരയന്നം അന്നനാളത്തില്‍ സൂക്ഷിക്കുന്നതാണ് ക്രോപ് മില്‍ക്കെന്ന് പര്‍വീണ്‍ കാസ്‌വാന്‍ വിവരിക്കുന്നു.

ഇവയുടെ തൊണ്ടയ്ക്ക് അരികിലുളള ഒരു അറയാണ് ക്രോപ്. ഈ അറയിൽ നിന്നാണ് ക്രോപ് മിൽക് ഉത്പാദിപ്പിക്കുന്നത്. അരയന്നം കഴിഞ്ഞാൽ പ്രാവിനാണ് ഇത്തരം പാൽ ഉത്പാദിപ്പിക്കാൻ സാധിക്കുകയുള്ളൂ. വളർച്ചയ്ക്കും പ്രതിരോധശേഷിക്കും വേണ്ട എല്ലാ ഘടകങ്ങളും ഈ പാലിൽ അടങ്ങിയിട്ടുണ്ടെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ.

ഏറ്റവും കൗതുകകരമായ വസ്തുത അനേകായിരം പക്ഷി വർ​ഗങ്ങളുള്ളതിൽ ചുരുക്കം പക്ഷികള്‍ക്ക് മാത്രമേ അവയുടെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രകൃതി ഈ സംവിധാനം ഒരുക്കിയിട്ടുള്ളൂ എന്നതാണ്. നിരവധി പേരാണ് വീഡിയോ കണ്ട് പ്രതികരണമറിയിച്ചിരിക്കുന്നത്.