നഴ്‌സറി ക്ലാസുകളിലേക്ക് എത്തുന്ന കുട്ടികള്‍ മിക്കവാറും കുടുംബാന്തരീക്ഷത്തില്‍ നിന്ന് വിട്ടുപോരുന്നതിലുള്ള പലതരം പ്രശ്‌നങ്ങളിലായിരിക്കും. ഒന്നുകില്‍ അമ്മയില്ലാതെ പറ്റില്ല, അല്ലെങ്കില്‍ പുതിയ സ്ഥലത്തിനോടുള്ള അപരിചിതത്വം... അങ്ങനെയെന്തുമാകാം അവരുടെ പ്രശ്‌നങ്ങള്‍. 

എന്നാല്‍ അധ്യാപകര്‍ക്ക് ഒരു പരിധി വരെ ഈ പ്രശ്‌നങ്ങളെ മനസിലാക്കാനും പരിഹരിക്കാനുമെല്ലാം സാധിക്കും. അതിന് അവര്‍ തയ്യാറാകാത്ത പക്ഷം, കുട്ടികള്‍ക്ക് സ്‌കൂള്‍ എന്ന വ്യവസ്ഥയോട് തന്നെ വിമുഖത വന്നുപെടാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ സ്ഥിരമായി, സ്‌കൂളില്‍ പോകാന്‍ മടി കാണിക്കുന്ന എത്രയോ കുട്ടികളെ നമ്മള്‍ കണ്ടിട്ടുണ്ട്.  

നയപരമായ ഇടപെടലിലൂടെ കുട്ടികളിലുള്ള അപരിചിതത്വവും അരക്ഷിതമായ മാനസികാവസ്ഥയും മാറ്റാന്‍ അധ്യാപകര്‍ക്കാവും. അതിന് ഒരുത്തമ ഉദാഹരണമാണ് കഴിഞ്ഞ ഒരാഴ്ചയായി സമൂഹമാധ്യമങ്ങളില്‍ കറങ്ങിനടക്കുന്ന ഒരു വൈറല്‍ വീഡിയോ. സിംഗപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന 'ഡിപിഎസ് പ്രൈമറി ബ്ലോസംസ്' എന്ന നഴ്‌സറി സ്‌കൂളില്‍ നിന്നുള്ള വീഡിയോ ആണിത്.

കുട്ടികളെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങിനില്‍ക്കുന്ന അധ്യാപിക. കെട്ടിപ്പിടിച്ചും ഷേക്ക് ഹാന്‍ഡ് നല്‍കിയും കയ്യിലടിച്ചും ഡാന്‍സ് ചെയ്തും അവരെ വരവേല്‍ക്കാം. ഏത് രീതി വേണമെന്ന് കുട്ടികള്‍ക്ക് തന്നെ തീരുമാനിക്കാം. ഇതിനായി ചുവരില്‍ നാല് ചിത്രങ്ങളും പതിപ്പിച്ചിട്ടുണ്ട്. കെട്ടിപ്പിടുത്തം വേണ്ടവര്‍ക്ക് അത് സൂചിപ്പിക്കുന്ന ചിത്രത്തില്‍ തൊടാം. ഇതുപോലെ തന്നെ ഷേക്ക്ഹാന്‍ഡോ, ഡാന്‍സോ ഒക്കെ വേണ്ടവര്‍ക്ക് അതത് ചിത്രങ്ങളില്‍ തൊടാം ഇതിനനുസരിച്ച് അധ്യാപിക ഓരോ കുട്ടിയേയും സ്വീകരിക്കുന്നു. 

വീഡിയോ ഫേസ്ബുക്ക് പേജിലൂടെ സ്‌കൂള്‍ അധികൃതര്‍ തന്നെയാണ് പുറത്തുവിട്ടത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സംഗതി 'ക്ലിക്ക്' ആയി. ആറായിരത്തിയഞ്ഞൂറിലധികം ഷെയറാണ് വീഡിയോയ്ക്ക് ഇതിനോടകം ലഭിച്ചത്. അധ്യാപകരായാല്‍ ഇങ്ങനെ വേണം, ഇതാണ് മാതൃകാ നഴ്‌സറി സ്‌കൂള്‍... തുടങ്ങിയ കമന്റുകളും നിരവധി. 

വീഡിയോ കാണാം...