അമിതവണ്ണവും വയറിന്‍റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പുമാണ് പലരുടെയും പ്രധാന പ്രശ്നം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ ഇതിനെ തടയാന്‍ കഴിയൂ. ശരീരഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് നല്ലൊരു ഡയറ്റാണ്. പിന്നെ മുടങ്ങാതെ വ്യായാമവും. 

ശരീരത്തില്‍ അടിഞ്ഞു കൂടുന്ന അമിത കൊഴുപ്പ് എരിച്ചു കളയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതില്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ആണ് ഏറ്റവും ബുദ്ധിമുട്ട്. എന്നാല്‍ തണുപ്പുകാലത്ത് (വിന്‍റര്‍) വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. 

ശരീരത്തില്‍ അടിഞ്ഞു കൂടുന്ന അമിത കൊഴുപ്പ് എരിച്ചു കളയാന്‍ 'വിറ്റാമിന്‍ എ'യ്ക്ക് കഴിവുണ്ടെന്നും 'ജേണല്‍ ഓഫ് മോളികുളാര്‍ മെറ്റബോളിസ'ത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 

ഇത്തരത്തില്‍ കഴിക്കാവുന്ന വിറ്റാമിന്‍ എ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

ഇലക്കറികളാണ് ഈ പട്ടികയിലെ ഒന്നാമന്‍. ചീര, ബ്രോക്കോളി തുടങ്ങിയവയിലൊക്കെ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും. 

രണ്ട്... 

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കാരറ്റ്. വിറ്റാമിന്‍ എ, കെ, പൊട്ടാസ്യം, ഫൈബര്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ കാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഫൈബര്‍ ധാരാളവും കലോറി വളരെ കുറഞ്ഞതുമായ കാരറ്റ് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

മൂന്ന്...

ചിക്കന്‍, മട്ടന്‍ എന്നിവയുടെ കരള്‍ കഴിക്കുന്നതും നല്ലതാണ്. ഇവയില്‍ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിരിക്കുന്നു. 

നാല്...

മത്സ്യം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന അമിത കൊഴുപ്പ് എരിച്ചു കളയാന്‍ ഇവ സഹായിക്കും. 

Also Read: ശരീരഭാരം കുറയ്ക്കാന്‍ പതിവായി കുടിക്കുന്നത് ഈ 'ഡ്രിങ്ക്'; തപ്‌സി പന്നു...