ഒരു ഹോട്ടലില്‍ കയറിയാല്‍ അവിടെ നിന്ന് ലഭിക്കുന്ന സേവനത്തില്‍ സംതൃപ്തരാണെങ്കില്‍ നമ്മള്‍ ജോലിക്കാര്‍ക്ക് ടിപ്പ് നല്‍കാറുണ്ട് അല്ലേ? ഈ ടിപ്പിനായി വയ്ക്കുന്ന പണം എത്രയെന്ന് തീരുമാനിക്കുന്നതും നമ്മള്‍ തന്നെയാണ്. അതിന് ന്യായമായും അവകാശിയാകേണ്ടത് സംതൃപ്തി തോന്നത്തക്ക തരത്തില്‍ നമുക്ക് സേവനം ലഭ്യമാക്കിയ തൊഴിലാളി തന്നെയാണ്.

എന്നാല്‍ യുഎസിലെ ടെന്നീസി എന്ന് പറയുന്ന സ്ഥലത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു കഥയാണ്. തനിക്ക് സന്തോഷം തോന്നിയതിനെ തുടര്‍ന്ന് അപരിചിതനായ സന്ദര്‍ശകന്‍ ഹോട്ടല്‍ ജീവനക്കാരിക്ക് ഭാരിച്ചൊരു തുക ടിപ്പായി നല്‍കി. പക്ഷേ, ഇത്രയധികം തുക അങ്ങനെയൊന്നും ജീവനക്കാരിക്ക് നല്‍കാനാകില്ലെന്ന് നിലപാട് എടുത്തിരിക്കുകയാണ് ഹോട്ടലുടമകള്‍. 

മെംഫിസിലെ 'ഡെന്നീസ്' എന്ന ഹോട്ടലില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി ജോലി ചെയ്യുന്നതാണ് ഷികിറ എഡ്വേര്‍ഡ്‌സ്. ഫെബ്രുവരി മാസത്തിലെ ഒരു ദിവസം. ഹോട്ടലിലേക്ക് സാധാരണയെത്തുന്ന സന്ദര്‍ശകരുടെ കൂട്ടത്തില്‍ അപരിചിതനായ ഒരാളുണ്ടായിരുന്നു. അദ്ദേഹം ഭക്ഷണം കഴിച്ച് തിരിച്ചുപോകുമ്പോള്‍ ഷികിറയ്ക്ക് സസന്തോഷം ഒരു ടിപ് നല്‍കി. ചില്ലറയൊന്നുമല്ല മൂന്ന് ലക്ഷം രൂപയാണ് ഷികിറയ്ക്ക് വേണ്ടി അദ്ദേഹം ഹോട്ടലുകാര്‍ക്ക് കൈമാറിയത്. 

 

 

എന്നാല്‍ സംഭവം നടന്ന് ഒരു മാസമായിട്ടും പണം നല്‍കാന്‍ ഹോട്ടലുടമകള്‍ തയ്യാറായില്ലെന്നാണ് ഷികിറ പറയുന്നത്. ഇത് ശരിയല്ലെന്നും തനിക്ക് അവകാശപ്പെട്ട പണം തനിക്ക് തന്നെ നല്‍കണമെന്നും ആവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് ഷികിറ. ഇതോടെ 'ഡെന്നീസ്' ഹോട്ടലും അതിന്റെ ഉടമസ്ഥരും വിവാദത്തിലുമായി. 

അപരിചിതനായ സന്ദര്‍ശകനെ കണ്ടെത്തി, അയാളോട് വീണ്ടും ഉറപ്പ് വാങ്ങി വരികയാണെങ്കില്‍ പണം നല്‍കാമെന്നാണ് ഇവര്‍ ഇപ്പോള്‍ പറയുന്നത്. ഇത്രയും വലിയൊരു തുക ആരും ടിപ്പായി നല്‍കുകയില്ലെന്നാണ് ഇവര്‍ വാദിക്കുന്നത്. ഒരുപക്ഷേ അബദ്ധത്തില്‍ എഴുതിപ്പോയതാണെങ്കില്‍ അത് അയാളുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണെന്നും ഇവര്‍ പറയുന്നു. എന്തായാലും ടെന്നീസിയിലാകെ ഈ കഥ പടര്‍ന്നിട്ടുണ്ട്. എന്നിട്ടും ഇതുവരേയും അപരിചിതനായ ആ സന്ദര്‍ശകന്‍ ഇതില്‍ ഇടപെടാന്‍ എത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.