ദാമ്പത്യബന്ധത്തില്‍ ലൈംഗികതയ്ക്കുള്ള സ്ഥാനത്തെക്കുറിച്ച് പ്രത്യേകിച്ച് വിശദീകരിക്കേണ്ടതില്ല. പ്രത്യുല്‍പ്പാദനത്തിന് വേണ്ടി മാത്രമല്ല ദമ്പതികള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്. ശരീരത്തിനും മനസിനും ഒരുപോലെ ആരോഗ്യകരവും സുഖകരവുമായ നിലനില്‍പ് പ്രദാനം ചെയ്യുന്ന ഏറ്റവും അടിസ്ഥാന ഘടകമാണ് ലൈംഗികത.

പലപ്പോഴും ദമ്പതികള്‍ക്കിടയില്‍ ശാരീരികബന്ധം മുറിഞ്ഞുപോകുന്ന അവസ്ഥകളുണ്ടാകാറുണ്ട്. സാമ്പത്തികമോ വൈകാരികമോ ശാരീരികമോ അങ്ങനെ ഏതെങ്കിലും തരത്തിലുമുള്ള വ്യതിയാനങ്ങള്‍ മൂലം താല്‍ക്കാലികമായി ലൈംഗികതയോട് താല്‍പര്യം കുറഞ്ഞേക്കാം. എന്നാല്‍ അതും കടന്ന് പതിവായി വിരക്തി അനുഭവിക്കുന്നവരെ കുറിച്ചാണ് പറയുന്നത്.

'ഡെഡ് ബെഡ്‌റൂം' എന്ന സങ്കല്‍പം ഉണ്ടാകുന്നത് അവിടെ വച്ചാണ്. ശാസ്ത്രീയമായിത്തന്നെ ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന ഒരു വിശേഷണമാണിത്. വര്‍ഷത്തില്‍ ആറ് തവണയില്‍ കുറവ് മാത്രം ലൈംഗികബന്ധത്തിലേര്‍പ്പെട്ട ദമ്പതികളാണെങ്കില്‍ അവരുടെ ബന്ധത്തെ 'ഡെഡ് ബെഡ്‌റൂം' ബന്ധം എന്ന് പറയാം. ലൈംഗികതയെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് ഈ വിലയിരുത്തല്‍ ഉണ്ടാകുന്നത് എന്ന് മനസിലാക്കണം.

 

 

നേരത്തേ സൂചിപ്പിച്ചത് പോലെ സാമ്പത്തിക പ്രായസങ്ങളോ കുടുംബത്തിലെ മോശം അന്തരീക്ഷമോ ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളോ അല്ലെങ്കില്‍ ശാരീരികമായ പ്രശ്‌നങ്ങളോ ആകാം ഇതിന് കാരണമാകുന്നത്. താല്‍ക്കാലികമായി സംഭവിക്കുന്ന അകല്‍ച്ച പിന്നീട് പതിവാവുകയും, അത് തന്നെ ബന്ധത്തിന്റെ സ്ഥായിയായ സ്വഭാവമായി മാറുകയും ചെയ്യുന്നതാണിത്.

ഇത്തരം അസംതൃപ്തികള്‍ മിക്ക വ്യക്തികളേയും വീണ്ടും ബാധിക്കാറുണ്ട്. കൃത്യമായ ലൈംഗിക ജീവിതമില്ലാതാകുന്നത് പ്രധാനമായും മാനസികാരോഗ്യത്തെയാണ് ബാധിക്കുക. തീര്‍ച്ചയായും ഇത് ശ്രദ്ധ നല്‍കേണ്ട വിഷയം തന്നെയാണ്. ഒന്നുകില്‍ പങ്കാളികള്‍ പരസ്പരം ഇത് തിരിച്ചറിഞ്ഞ്, ചര്‍ച്ച ചെയ്യാന്‍ അവസരം സൃഷ്ടിക്കുക. എന്തുകൊണ്ട് നമുക്കിടയില്‍ അകല്‍ച്ചയുണ്ടാകുന്നു എന്നൊരു വിലയിരുത്തല്‍ ഇരുവര്‍ക്കും നടത്താം. പരമാവധി പങ്കാളിയെ കുറ്റപ്പെടുത്താതെ ഇടപെടാനാകണം ഈ ഘട്ടത്തില്‍ ഇരുവരും ജാഗ്രത പുലര്‍ത്തേണ്ടത്.

എപ്പോഴും പരസ്പരം കുറ്റപ്പെടുത്തുന്നത് വലിയ അളവില്‍ ദമ്പതികള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കാറുണ്ട്. ജോലിയില്‍ നിന്ന് അവധിയെടുത്തോ, വീട്ടില്‍ നിന്ന് മാറി ദൂരെയെവിടെയെങ്കിലും യാത്ര പോയിട്ടോ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ലൈംഗികതയെക്കുറിച്ച് ഈ ഘട്ടത്തില്‍ എന്ത് ചിന്തിക്കുന്നുവെന്നതും, ഇനിയെന്താണ് ആഗ്രഹിക്കുന്നതുമെല്ലാം അടങ്ങുന്ന വിശദമായ തുറന്ന ചര്‍ച്ചയാണ് ആവശ്യം.

 


രണ്ട് പേര്‍ക്കും തനിച്ചിരുന്ന് സംസാരിച്ച് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ലെന്ന് ബോധ്യപ്പെട്ടാല്‍ അതിനായി വിദഗ്ധരായ കൗണ്‍സിലര്‍മാരുടെ സഹായം തേടാവുന്നതാണ്. അതില്‍ യാതൊരു തരത്തിലുള്ള മടിയും നാണക്കേടും കരുതേണ്ടതുമില്ല. വിവാഹം കഴിഞ്ഞ ശേഷം എത്ര വര്‍ഷം കഴിഞ്ഞാലും അല്‍പമെങ്കിലും പുതുമയൊക്കെ ജീവിതത്തില്‍ നിര്‍ബന്ധപൂര്‍വ്വം നിലനിര്‍ത്താന്‍ ശ്രമിക്കേണ്ടതുണ്ട്. അത് വ്യക്തിപരമായി നിങ്ങളെ വളരെ പോസിറ്റീവായി സ്വാധീനിക്കുന്നതാണ്.