സൗന്ദര്യ സംരക്ഷണ ലോകത്ത് ഇപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വാക്കാണ് 'സ്ലഗ്ഗിംഗ്'. കേൾക്കുമ്പോൾ അല്പം വിചിത്രമായി തോന്നാമെങ്കിലും, തിളക്കമുള്ളതും ആരോഗ്യവുമുള്ള ചർമ്മം ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ലളിതമായ ഒരു വിദ്യയാണിത്. 

ചർമ്മം എപ്പോഴും ഈർപ്പമുള്ളതാക്കാനും തിളക്കം നിലനിർത്താനും സഹായിക്കുന്ന ഒരു പുതിയ കൊറിയൻ ബ്യൂട്ടി ട്രെൻഡാണ് 'സ്ലഗ്ഗിംഗ്'. പെട്രോളിയം ജെല്ലി മുഖത്ത് ഒരു ആവരണം പോലെ പുരട്ടുന്ന രീതിയാണിത്.

എന്താണ് സ്ലഗ്ഗിംഗ്?

രാത്രികാല ചർമ്മസംരക്ഷണത്തിന്റെ അവസാന ഘട്ടമായി മുഖത്ത് പെട്രോളിയം ജെല്ലി അല്ലെങ്കിൽ കട്ടിയുള്ള മോയിസ്ചറൈസറുകൾ പുരട്ടുന്നതിനെയാണ് സ്ലഗ്ഗിംഗ് എന്ന് വിളിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ മുഖം ഒരു 'സ്ലഗ്' (Slug - ഒച്ച്)പോലെ തിളങ്ങുന്നതിനാലാണ് ഈ പേര് വന്നത്.

ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

  • ഈർപ്പം നിലനിർത്തുന്നു : പെട്രോളിയം ജെല്ലി ചർമ്മത്തിന് മുകളിൽ ഒരു കവചം പോലെ പ്രവർത്തിക്കുന്നു. ഇത് ചർമ്മത്തിലെ ജലാംശം പുറത്തേക്ക് പോകാതെ തടയുകയും , ചർമ്മത്തെ ഉള്ളിൽ നിന്ന് ഈർപ്പമുള്ളതാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
  • സ്കിൻ ബാരിയർ സംരക്ഷണം: ചർമ്മത്തിന്റെ സ്വാഭാവികമായ പ്രതിരോധ പാളിയെ ശക്തിപ്പെടുത്താൻ ഇത് സഹായിക്കുന്നു. പ്രത്യേകിച്ച് വരണ്ട വായുവിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു.

സ്ലഗ്ഗിംഗ് ചെയ്യുന്ന രീതി:

  • മുഖം വൃത്തിയാക്കുക: മുഖത്തെ അഴുക്കും മേക്കപ്പും പൂർണ്ണമായും നീക്കം ചെയ്യാൻ ഡബിൾ ക്ലെൻസിംഗ് ചെയ്യുക.
  • ഹൈഡ്രേറ്റിംഗ് സിറം/മോയിസ്ചറൈസർ: ചർമ്മത്തിന് ഈർപ്പം നൽകുന്ന സിറമോ സാധാരണ ഉപയോഗിക്കുന്ന മോയിസ്ചറൈസറോ പുരട്ടുക.
  • പെട്രോളിയം ജെല്ലി: അവസാനമായി വളരെ നേർത്ത പാളിയായി പെട്രോളിയം ജെല്ലി മുഖത്ത് പുരട്ടുക.
  • കഴുകിക്കളയുക: പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ സൗമ്യമായ ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകുക.

ആർക്കൊക്കെ ഇത് ഗുണകരമാണ്?

  • അതിയായ വരണ്ട (Dry Skin) ചർമ്മമുള്ളവർക്ക് ഇത് മികച്ചതാണ്.
  • തണുപ്പുകാലത്ത് ചർമ്മം വിണ്ടുകീറുന്നത് തടയാൻ സഹായിക്കും.
  • എക്സിമ പോലെയുള്ള പ്രശ്നങ്ങളുള്ളവർക്കും ഇത് ഗുണം ചെയ്തേക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

  • മുഖക്കുരു വരാൻ സാധ്യതയുള്ളവരും എണ്ണമയമുള്ള ചർമ്മമുള്ളവരും ഇത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, പെട്രോളിയം ജെല്ലി ചർമ്മത്തിലെ സുഷിരങ്ങൾ അടയാൻ കാരണമായേക്കാം.
  • റെറ്റിനോൾ അല്ലെങ്കിൽ ആസിഡുകൾ (AHA/BHA) അടങ്ങിയ ഉൽപ്പന്നങ്ങൾ പുരട്ടിയ ശേഷം സ്ലഗ്ഗിംഗ് ചെയ്യുന്നത് ചർമ്മത്തിൽ അസ്വസ്ഥതകളുണ്ടാക്കാൻ സാധ്യതയുണ്ട്.
  • ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ സ്ലഗ്ഗിംഗ് ചെയ്യുന്നത് ചർമ്മത്തിന് ഭാരമായി തോന്നിയേക്കാം. വടക്കേ ഇന്ത്യയിലെ തണുപ്പുകാലം പോലെയുള്ള സാഹചര്യങ്ങളിലാണ് ഇത് കൂടുതൽ ഫലപ്രദം.

ചുരുക്കത്തിൽചർമ്മത്തെ ആഴത്തിൽ ഈർപ്പമുള്ളതാക്കാനും മൃദുവാക്കാനും കുറഞ്ഞ ചെലവിൽ ചെയ്യാവുന്ന ഒരു മികച്ച മാർഗമാണ് സ്ലഗ്ഗിംഗ്. എങ്കിലും നിങ്ങളുടെ ചർമ്മത്തിന്റെ സ്വഭാവം അറിഞ്ഞ് മാത്രം ഇത് പരീക്ഷിക്കുക.