പത്ത് വയസുള്ള മകള്‍ക്ക് ക്ലാസില്‍ പഠിക്കുന്ന ആണ്‍സുഹൃത്തുമായി വളരെ അടുപ്പമുള്ളതായി മനസ്സിലാക്കിയാല്‍ നിങ്ങളെന്ത് ചെയ്യണം? ശരീരത്തിന്റെ ആവശ്യങ്ങളെ പറ്റിയോ, അതിനെ എത്തരത്തിലെല്ലാം നോക്കിക്കാണണം എന്നതിനെ പറ്റിയോ ഒന്നും പത്തുവയസ്സുകാരിക്ക് ക്ലാസെടുക്കല്‍ സാധ്യമല്ലെന്നാണ് നമ്മള്‍ ആദ്യം തന്നെ ചിന്തിക്കുക. മറ്റെന്താണ് മാര്‍ഗം?

കൗമാരകാലത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരസ്പരം ആകര്‍ഷണം തോന്നുന്നത് വളരെ സ്വാഭാവികമാണ്. വെറുമൊരു ആകര്‍ഷണം എന്നുള്ളതില്‍ നിന്ന് ഇഷ്ടത്തിലേക്കും പ്രേമത്തിലേക്കുമെല്ലാം ബന്ധം വളരുന്നതിന് മുമ്പ് ഒരുപാട് കാര്യങ്ങള്‍ മാതാപിതാക്കള്‍ക്ക് ശ്രദ്ധിക്കേണ്ടതായി വരാം. ശാരീരികമായ കാര്യങ്ങളിലാണ് മിക്കവാറും മാതാപിതാക്കളും ഏറെ ജാഗ്രത പുലര്‍ത്താറ്. 

ശരീരത്തിന്റെ ആവശ്യങ്ങളെ കുറിച്ചും, അത്തരം ആവശ്യങ്ങള്‍ മുന്നില്‍ വരുമ്പോള്‍ അതിനെ ആരോഗ്യപരമായി എങ്ങനെയെല്ലാം നേരിടണമെന്നതിനെ കുറിച്ചുമെല്ലാം മാതാപിതാക്കള്‍ക്ക് തന്നെ കുട്ടികളോട് തുറന്ന് സംസാരിക്കാവുന്നതേയുള്ളൂ. എന്നാല്‍ ഇങ്ങനെയുള്ള വിഷയങ്ങളെ ഗൗരവപൂര്‍വ്വം കേള്‍ക്കാനും ഉള്‍ക്കൊള്ളാനുമൊന്നും പാകത വരാത്ത പ്രായത്തില്‍ അവര്‍ക്കുണ്ടാകുന്ന ബന്ധങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്. 

പത്ത് വയസുള്ള മകള്‍ക്ക് ക്ലാസില്‍ പഠിക്കുന്ന ആണ്‍സുഹൃത്തുമായി വളരെ അടുപ്പമുള്ളതായി മനസ്സിലാക്കിയാല്‍ നിങ്ങളെന്ത് ചെയ്യണം? ശരീരത്തിന്റെ ആവശ്യങ്ങളെ പറ്റിയോ, അതിനെ എത്തരത്തിലെല്ലാം നോക്കിക്കാണണം എന്നതിനെ പറ്റിയോ ഒന്നും പത്തുവയസ്സുകാരിക്ക് ക്ലാസെടുക്കല്‍ സാധ്യമല്ലെന്നാണ് നമ്മള്‍ ആദ്യം തന്നെ ചിന്തിക്കുക. മറ്റെന്താണ് മാര്‍ഗം?

കുഞ്ഞുങ്ങളെ കഴിയുന്നതും 'നെഗറ്റീവ്' മാനസികാവസ്ഥയിലെത്തിക്കാതെ അവരുടെ ബന്ധങ്ങളില്‍ മാതാപിതാക്കള്‍ ഇടപെടലുകള്‍ നടത്തണമെന്ന് തന്നെയാണ് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. പത്ത് വയസ്സുള്ള കുഞ്ഞാണെങ്കിലും ഈ ഇടപെടല്‍ അനിവാര്യം തന്നെ. 

'കുഞ്ഞുങ്ങള്‍ക്ക് ഒരാളോട് അടുപ്പം തോന്നിയാല്‍ പിന്നെ അയാളോടുകൂടി തന്നെ എപ്പോഴും ഇരിക്കാനാണ് അവര്‍ ആഗ്രഹിക്കുക. അത് ആണുങ്ങളോടായാലും പെണ്ണുങ്ങളോടായാലും, സമപ്രായക്കാരോട് ആയാലും അങ്ങനെ തന്നെ. ഒരുപക്ഷേ, അതില്‍ നമ്മള്‍ സംശയിക്കുന്നത് പോലെ ഒന്നുമുണ്ടായിരിക്കില്ല. അല്ലെങ്കില്‍ അത് അങ്ങനെ തന്നെയാകാനും മതി. അതിനാല്‍ ആദ്യം കുഞ്ഞിന് ഏത് രീതിയിലുള്ള ഇഷ്ടമാണെന്നാണ് മാതാപിതാക്കള്‍ മനസിലാക്കേണ്ടത്. വെറുതെയുള്ള സംസാരങ്ങളിലൂടെ വേണം ഇത് മനസ്സിലാക്കിയെടുക്കാന്‍. നമ്മള്‍ കരുതുന്നത് പോലെയുള്ള ബന്ധമാണെന്ന് മനസിലായാല്‍, പതിയെ കുഞ്ഞിനോട് സംസാരിച്ചുതുടങ്ങാം. അപകടകരമായ ഒരവസ്ഥയിലേക്കും കുഞ്ഞ് എത്താതിരിക്കാന്‍ എപ്പോഴും നമ്മുടെ മനസ് അവര്‍ക്കൊപ്പം സഞ്ചരിക്കേണ്ടതായിട്ടുണ്ട്. അവര്‍ക്ക് നമ്മുടെ സാമീപ്യം, ധൈര്യവും ആത്മവിശ്വാസവും പകരുകയും ചെയ്യും...'- മനശാസ്ത്ര വിദഗ്ധയായ ഡോ.രചന ഖന്ന പറയുന്നു. 

കുട്ടികളെ അലോസരപ്പെടുത്താതെ തന്നെ അവരുടെ ദൈനംദിന കാര്യങ്ങള്‍ ചോദിച്ചറിയാം. സുഹൃത്തുക്കളെ കുറിച്ച് അവരോടൊരിക്കലും മോശമായി പറയരുത്. അതേസമയം സൗഹൃദങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പൊതുവായി അവര്‍ക്ക് പറഞ്ഞുകൊടുക്കാം. ഇതില്‍ ശാരീരികമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉള്‍പ്പെടുത്താം. ബന്ധങ്ങളില്‍ നിന്ന് കുട്ടികളെ അകറ്റിനിര്‍ത്തുകയോ, അതിനെ വിലക്കുകയോ ചെയ്യുന്നത് ഒട്ടും ആരോഗ്യകരമാവില്ല എന്ന് തന്നെയാണ് ഡോ. രചന അഭിപ്രായപ്പെടുന്നത്. നിയന്ത്രണങ്ങള്‍ വയ്ക്കുന്നതിന് പകരം തുറന്ന സമീപരനത്തോടെ അവരുടെ സുഹൃത്തായി മാതാപിതാക്കള്‍ മാറുകയാണ് വേണ്ടതെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.