കുട്ടമശ്ശേരി സര്‍ക്കുലര്‍ കവലയില്‍ തീര്‍ത്തും അവിചാരിതമായി ഒരു ലോറി നിന്നുപോയതാണ് സംഭവം. അപകടസാധ്യതയുള്ള മേഖലയില്‍ ലോറി നിന്നുപോയതോടെ വാട്ട്സ് ആപ് കൂട്ടായ്മ രക്ഷയായി എത്തുകയായിരുന്നു. 

സോഷ്യല്‍ മീഡിയ ഉപയോഗത്തിന് ഗുണവും ദോഷവും ഒരുപോലെയുണ്ട്. നല്ലരീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ സോഷ്യല്‍ മീഡിയ ഒരുപാട് കാര്യങ്ങള്‍ക്ക് ഉപകരിക്കുകയും ഒരുപാട് മനുഷ്യര്‍ക്ക് സഹായവും പിന്തുണയുമാവുകയും ചെയ്യാം. ഇങ്ങനെയുള്ള പല വാര്‍ത്തകളും നമ്മള്‍ പതിവായി സോഷ്യല്‍ മീഡിയയിലൂടെ തന്നെ അറിയാറുമുണ്ട്. 

അത്തരത്തിലൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. അപ്രതീക്ഷിതമായി വന്നെത്തിയ പ്രതിസന്ധിയെ ഒരു വാട്ട്സ് ആപ് കൂട്ടായ്മ ഒന്നിച്ചുനിന്ന് പൊരുതി തോല്‍പിച്ചതിനെ കുറിച്ചാണ് പങ്കുവയ്ക്കാനുള്ളത്. എറണാകുളം കുട്ടമശ്ശേരിയിലാണ് സംഭവം. 

കുട്ടമശ്ശേരി സര്‍ക്കുലര്‍ കവലയില്‍ തീര്‍ത്തും അവിചാരിതമായി ഒരു ലോറി നിന്നുപോയതാണ് സംഭവം. അപകടസാധ്യതയുള്ള മേഖലയില്‍ ലോറി നിന്നുപോയതോടെ വാട്ട്സ് ആപ് കൂട്ടായ്മ രക്ഷയായി എത്തുകയായിരുന്നു. 

രാത്രി പത്ത് മണിയോടെയാണ് തിരക്കുള്ള റോഡിന് നടുവില്‍ വലിയ കണ്ടെയ്നര്‍ ലോറി നിന്നുപോയത്. മുമ്പ് അപകടങ്ങള്‍ പലതും സംഭവിച്ചിട്ടുള്ള വളവിലാണ് ലോറി നിന്നുപോയത്. റിഫ്ളക്ടറോ പാര്‍ക്കിംഗ് ലൈറ്റോ വച്ച് സൂചന നല്‍കിയാല്‍ പോലും അല്‍പം വേഗത കൂട്ടി ഇതുവഴി മറ്റ് വാഹനങ്ങളെത്തിയാല്‍ തന്നെ അപകടം നടന്നേക്കാമെന്ന അവസ്ഥ.

ഈ സാഹചര്യത്തില്‍ വാഹനങ്ങള്‍ നിയന്ത്രിക്കാനും കേടായ ലോറി ശരിയാക്കാനുമെല്ലാം നാട്ടിലെ വാട്ട്സ് ആപ് കൂട്ടായ്മയായ ബിഎന്‍കെ ഗ്രൂപ്പംഗങ്ങള്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു. നാട്ടുകാരനായ മെക്കാനിക്കും സഹായവുമായി എത്തി. അവിചാരിതമായി പണി കിട്ടി നിരാശപ്പെട്ടിരുന്ന കണ്ടെയ്നര്‍ ഡ്രൈവര്‍ക്ക് ഏറെ ആശ്വാസമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍. 

അങ്ങനെ ഏവരുടെയും കൂട്ടായ ശ്രമത്തില്‍ 12 മണിയോടെ ലോറി ശരിയാക്കി. എല്ലാം വീഡിയോയില്‍ പകര്‍ത്തി ഇവര്‍ വാട്ട്സ് ആപ്പില്‍ തന്നെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ലോറി ശരിയാക്കി കിട്ടിയതോടെ ഇതിന്‍റെ ഡ്രൈവര്‍ നാട്ടുകാര്‍ക്ക് നന്ദി അറിയിക്കുന്നതും വീഡിയോയിലുണ്ട്. അപ്രതീക്ഷിതമായ പ്രതിസന്ധികളില്‍ ഒന്നിച്ചുനിന്നാലുണ്ടാകുന്ന ഫലവും, അതിന്‍റെ സന്തോഷവുമെല്ലാം ഈവീഡിയോ കാണുമ്പോള്‍ അനുഭവപ്പെടും. എന്തുകൊണ്ടും മാതൃകയാക്കാവുന്ന പ്രവര്‍ത്തനം തന്നെയാണ് നാട്ടുകാരുടെ ഈ കൂട്ടായ്മ നടത്തിയത്. 

അവര്‍ പകര്‍ത്തിയ വീഡിയോ കാണാം...

Also Read:- റോഡില്‍ നിന്ന് 45 ലക്ഷം രൂപ അടങ്ങിയ ബാഗ് കിട്ടി; തിരികെ നല്‍കി ട്രാഫിക് പൊലീസുകാരൻ