കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം 21 ദിവസത്തേക്ക് 'ലോക്ക്ഡൗണി'ലാകുമ്പോള്‍ വീടില്ലാത്ത ലക്ഷക്കണക്കിന് മനുഷ്യര്‍ തെരുവില്‍ അവശേഷിക്കുമോ എന്ന ആശങ്ക ബാക്കിയാവുകയാണ്. ഐക്യരാഷ്ട്രസഭയുടെ 2015ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏതാണ്ട് 18 ലക്ഷത്തിലധികം പേര്‍ക്ക് വീടില്ല. ഇതില്‍ 52 ശതമാനം പേരും നഗരങ്ങള്‍ കേന്ദ്രീകരിച്ച് കഴിയുന്നവരാണ്. 

ഇവരില്‍ തന്നെ വലിയൊരു വിഭാഗം പേരും കൂട്ടമായി ചേര്‍ന്നുതാമസിക്കുന്നവരാണ്. 2011ലെ സെന്‍സസ് പ്രകാരം ഏതാണ്ട് ഒരു കോടി 37 ലക്ഷം പേര്‍ നിയമവിരുദ്ധമായി താല്‍ക്കാലിക ഷെഡ്ഡുകള്‍ പോലുള്ളയിടങ്ങളില്‍ കഴിയുന്നവരാണ്. ഇവര്‍ക്ക് സ്വയം സുരക്ഷിതരാകാനുള്ള സാധ്യതയില്ലെന്ന് മാത്രമല്ല, സമൂഹവ്യാപനം വലിയ തോതില്‍ ഇവരിലൂടെ നടക്കുകയും ചെയ്‌തേക്കാം. 

ഇതിന് പുറമെയാണ് അടിസ്ഥാന സൗകര്യങ്ങളുടെ ദൗര്‍ലഭ്യം. ആവശ്യത്തിന് വെള്ളമില്ല, കക്കൂസില്ല, ഭക്ഷണം കൃത്യമല്ല, ചികിത്സയോ മരുന്നോ ഇല്ല എന്നിങ്ങനെ പോകുന്നു അടിസ്ഥാനവിഷയങ്ങളുടെ പട്ടിക. 

'രണ്ട് ദിവസത്തിലൊരിക്കല്‍ അടുത്ത തെരുവിലെ പൈപ്പില്‍ വെള്ളം വരും. അത് കുട്ടികളാണ് വന്ന് അറിയിക്കുന്നത്. അപ്പോള്‍ ഞങ്ങള്‍ പോയി, പാത്രങ്ങളില്‍ വെള്ളം പിടിച്ചുവയ്ക്കും. ഈ അവസ്ഥയില്‍ ഞങ്ങളെങ്ങനെയാണ് ഇടവിട്ട് കൈ കഴുകുന്നതും വൃത്തിയായി ജീവിക്കുന്നതും. ചെറിയ മക്കളൊക്കെയുള്ളവര്‍ ധാരാളമാണ് ഞങ്ങള്‍ക്കിടയില്‍. എനിക്ക് പോലും ചെറിയ കുഞ്ഞുണ്ട്. ഞങ്ങള്‍ എങ്ങനെയെങ്കിലും രക്ഷപ്പെട്ട് പോകുമെന്ന വിശ്വാസം മാത്രമേയുള്ളൂ. ഇതുവരെ സര്‍ക്കാര്‍ ഞങ്ങളോട് പ്രത്യേകിച്ചൊന്നും അറിയിച്ചിട്ടില്ല...'- കൊവിഡ് 19 പടര്‍ന്നുപിടിച്ച പശ്ചാത്തലത്തില്‍ ഒരു ദേശീയമാധ്യമത്തിന് വേണ്ടി ദില്ലിയിലെ തെരുവില്‍ കഴിയുന്ന പത്തൊമ്പതുകാരി പറഞ്ഞ വാക്കുകളാണിത്. 

ദില്ലിയില്‍ മാത്രമല്ല മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബെംഗലൂരു തുടങ്ങി രാജ്യത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ഇത്തരത്തില്‍ ആയിരക്കണക്കിന് പേരാണ് തുറന്ന തെരുവുകളില്‍ മാത്രം അന്തിയുറങ്ങുന്നത്. ഇവരുടെ കാര്യത്തില്‍ അടിയന്തരമായ നടപടികള്‍ കൈക്കൊള്ളണമെന്നാണ് സാമൂഹ്യവിദഗ്ധര്‍ ഒന്നടങ്കം മുന്നോട്ടുവയ്ക്കുന്ന ആവശ്യം. 

2015ലെയോ 2011ലെയോ കണക്കുകളല്ല നിലവിലെ സാഹചര്യത്തിലുള്ളത്. പോയ വര്‍ഷം മാത്രം ഇന്ത്യയില്‍ 11 സംസ്ഥാനങ്ങളാണ് പ്രളയം നേരിട്ടത്. അത്തരത്തിലുള്ള പ്രകൃതിദുരന്തങ്ങളില്‍ വീട് നഷ്ടപ്പെട്ടവരുടെ എണ്ണവും വളരെയേറെയാണ്. 

ഇതിനിടെ 'പ്രധാനമന്ത്രി ആവാസ് യോജന' പദ്ധതി പ്രകാരം 2022നകം ഭവനരഹിതര്‍ക്കായി ഒരു കോടി വീടുകള്‍ നിര്‍മ്മിച്ചുനല്‍കുമെന്ന പ്രഖ്യാപനം രാജ്യത്തിന് പ്രതീക്ഷകള്‍ നല്‍കിയിരുന്നുവെങ്കിലും ഭരണത്തിലിരുന്ന ആറ് വര്‍ഷത്തിനുള്ളില്‍ ആകെ 36 ശതമാനം വീടുകളുടെ പണി മാത്രമാണ് സര്‍ക്കാരിന് പൂര്‍ത്തിയാക്കാനായത്. പലയിടങ്ങളിലും അനുവദിച്ച വീടുകളുടെ നിര്‍മ്മാണം പോലും പൂര്‍ത്തിയാക്കിയിട്ടില്ല. 

കൊവിഡ് 19 പ്രതിരോധത്തിനുള്ള മികച്ച മാര്‍ഗമെന്ന നിലയ്ക്കാണ് 'ലോക്ക്ഡൗണ്‍' പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാവരും വീടുകളില്‍ തുടരുകയെന്ന നിബന്ധനയാണ് ഏറ്റവും പ്രധാനമായി ഇത് മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ വീടില്ലാത്തവര്‍ എവിടെ സുരക്ഷിതരായി തുടരണമെന്ന ചോദ്യം ഈ സാമൂഹിക പശ്ചാത്തലത്തില്‍ അവശേഷിക്കുക തന്നെയാണ്. ഫലപ്രദമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തുമെന്ന പ്രത്യാശയാണ് തെരുവുകള്‍ വീടുകളായി കണ്ട ഈ വലിയ വിഭാഗം ജനതയും പങ്കുവയ്ക്കുന്നത്.