വിവാഹ സമയത്ത് സൗന്ദര്യ സംരക്ഷണത്തിൽ മുഖചർമ്മത്തിന് നൽകുന്ന അതേ പ്രാധാന്യം ശരീരത്തിലെ മറ്റു ഭാഗങ്ങൾക്കും നൽകേണ്ടത് അത്യാവശ്യമാണ്. ഫാഷൻ മാറുന്നതിനനുരിച്ച് ബ്ലൗസുകളുടെയും വസ്ത്രങ്ങളുടെയും ഡിസൈനുകൾ മാറുന്നു.

വിവാഹത്തിരക്കിൽ, വധുവും ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് മുഖത്തിനും മുടിക്കുമല്ലേ? എന്നാൽ ആ ട്രെൻഡ് മാറുകയാണ്. ഇന്ന്, നെഞ്ചിലെ ഭാഗം , തോളുകൾ, പുറം, കൈകൾ എന്നിവിടങ്ങളിലെ ചർമ്മത്തിന് കൂടി പരിപൂർണ്ണ സംരക്ഷണം നൽകുക എന്നത് അത്യാവശ്യമായി മാറിയിരിക്കുന്നു. കാരണം, ഫാഷൻ മാറുന്നതിനനുരിച്ച് ബ്ലൗസുകളുടെയും വസ്ത്രങ്ങളുടെയും ഡിസൈനുകൾ മാറുന്നു. കൂടുതൽ ഭാഗങ്ങൾ പ്രദർശിപ്പിക്കുമ്പോൾ, അവിടെയുള്ള ചർമ്മം കൂടി തിളങ്ങേണ്ടത് നിർബന്ധമാണ്. ശരീരത്തിലെ തൊലി മൊത്തം ചർമ്മത്തിന്റെ 90% വരും. മുഖത്തിന് നൽകുന്ന പരിഗണനയുടെ ഒരംശം പോലും ശരീരത്തിന് നൽകാത്തത് ഒരു വലിയ പോരായ്മയാണ്.

ഫോട്ടോഷൂട്ടുകൾ നൽകുന്ന വെല്ലുവിളി

വിവാഹത്തിന് മുന്നോടിയായിട്ടുള്ള ഒന്നിലധികം ഔട്ട്‌ഡോർ ഫോട്ടോഷൂട്ടുകളും വെയിലിൽ നിന്നുള്ള ചൂടും ചർമ്മത്തിന് വലിയ ദോഷം ചെയ്യും. മുഖത്തെ ചർമ്മം മാത്രമല്ല, ശരീരഭാഗങ്ങളും സൂര്യരശ്മികളേറ്റ് കരുവാളിക്കാനും വരണ്ട് പോകാനും സാധ്യതയുണ്ട്. അതുകൊണ്ട്, ചർമ്മ സംരക്ഷണം എന്നത് ഇനി ഒരു ചോയ്‌സല്ല, ഒരു നിർബന്ധിത ദിനചര്യയാണ്.

എപ്പോഴാണ് തുടങ്ങേണ്ടത്?

വിവാഹത്തിന് ഏതാനും ആഴ്ചകൾക്ക് മുൻപ് മാത്രം തുടങ്ങിയാൽ തിളക്കം കിട്ടില്ല. ചർമ്മത്തിൽ മാറ്റങ്ങൾ പ്രകടമാകാനും, ഉൽപ്പന്നങ്ങൾ ഫലപ്രദമായി പ്രവർത്തിക്കാനും സമയം ആവശ്യമാണ്. അതുകൊണ്ട്, വിദഗ്ദ്ധർ പറയുന്നത് വിവാഹത്തിന് 3 മുതൽ 4 മാസം മുൻപ് തന്നെ ഈ ദിനചര്യകൾ തുടങ്ങണമെന്നാണ്. ഈ മുൻകരുതൽ എടുക്കുന്നതിലൂടെ, ചർമ്മത്തിന് അതിന്റെ കേടുപാടുകൾ പരിഹരിക്കാനും, ആരോഗ്യം വീണ്ടെടുക്കാനും ആവശ്യമായ സമയം ലഭിക്കും.

തിരക്കിനിടയിലെ പരിചരണം

ശരീര സംരക്ഷണം എന്നത് ചർമ്മത്തിലെ പാടുകളോ നിറവ്യത്യാസമോ തിരുത്താനുള്ള ശ്രമമായി കാണേണ്ടതില്ല. മറിച്ച്, വിവാഹത്തിരക്കിനിടയിൽ നിങ്ങൾക്ക് സ്വയം നൽകാൻ കഴിയുന്ന 'സെൽഫ് കെയർ' നിമിഷങ്ങളായി ഇതിനെ കാണണം.

സ്‌ട്രെസ് കുറയ്ക്കാം: ദിവസവും കുറച്ചു സമയം സ്വന്തം ശരീരത്തിന് വേണ്ടി മാറ്റിവെക്കുന്നത്, പ്ലാനിംഗിന്റെ ഭാഗമായുള്ള മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

ലളിതമായ വഴി: കൃത്യമായ എക്സ്ഫോളിയേഷൻ, ദിവസേനയുള്ള മോയിസ്ചറൈസേഷൻ, കൂടാതെ ഉബ്റ്റാൻസ്, മലായ് മാസ്കുകൾ, കോൾഡ്-പ്രസ്ഡ് ഓയിലുകൾ തുടങ്ങിയ പ്രകൃതിദത്ത പോഷകങ്ങൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ചർമ്മത്തിന് മൃദുത്വവും തിളക്കവും നൽകും.

മുഖത്തെ തിളക്കം മാത്രമല്ല, കഴുത്തിലും തോളുകളിലും കൈകളിലുമുള്ള ആരോഗ്യമുള്ള ചർമ്മത്തിന്റെ തിളക്കം കൂടി ചേരുമ്പോഴാണ് ഒരു വധുവിന്റെ ലുക്ക് പൂർണ്ണമാകുന്നത്. ഈ പുതിയ സൗന്ദര്യ സങ്കല്പം, ഓരോ വധുവിനും സ്വാഭാവികവും ഫോട്ടോയ്ക്ക് അനുയോജ്യവുമായ ഒരു തിളക്കം നൽകും എന്നതിൽ സംശയമില്ല.