ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, സ്മാർട്ട്ഫോണും അതിവേഗ ഇന്റർനെറ്റും കൈമുതലായുള്ള ജെൻ സി പുരാതനമായ ജ്യോതിഷത്തെ ഒരു പുതിയ രീതിയിൽ ഏറ്റെടുത്തിരിക്കുകയാണ്. ഇത് കേവലം ഭാഗ്യം നോക്കലല്ല, മറിച്ച് അവരുടെ ലൈഫ് സ്റ്റൈലിന്റെ ഭാഗമാണ്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, സമയം കണ്ടെത്താൻ പോലും ബുദ്ധിമുട്ടുന്ന യുവതലമുറ തങ്ങളെത്തന്നെ തിരിച്ചറിയാൻ ജ്യോതിഷത്തെ കൂട്ടുപിടിക്കുകയാണ്. പത്രത്തിലെ രാശിഫലങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ജ്യോതിഷം ഇന്ന് ഇൻസ്റ്റാഗ്രാം റീൽസുകളിലും ടിക് ടോക് വീഡിയോകളിലും സജീവമാണ്. 'ഇക്കണോമിക് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, കേവലം ഒരു വിശ്വാസം എന്നതിലുപരി ഒരു സാംസ്കാരിക പ്രതിഭാസമായി ജ്യോതിഷം മാറിയിരിക്കുന്നു.

എന്തുകൊണ്ടാണ് ജെൻ സി ജ്യോതിഷത്തിലേക്ക് ആകർഷിക്കപ്പെടുന്നത്?
സൂപ്പർസ്റ്റീഷൻ എന്നതിലുപരി എനർജി, ഓറ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു പഠനമായാണ് പുതിയ തലമുറ ഇതിനെ കാണുന്നത്. ഇതിന് പ്രധാനമായും നാല് കാരണങ്ങളാണുള്ളത്:
1. സ്വയം തിരിച്ചറിയാനുള്ള ഉപാധി
സോഷ്യൽ മീഡിയ സമ്മർദ്ദവും കടുത്ത മത്സരങ്ങളും നിറഞ്ഞ ലോകത്താണ് ജെൻ സി വളരുന്നത്. ഇവിടെ തങ്ങളുടെ വ്യക്തിത്വം കൃത്യമായി മനസ്സിലാക്കാൻ ജ്യോതിഷം അവരെ സഹായിക്കുന്നു. ജന്മനക്ഷത്രവും (Sun sign), ചന്ദ്രരാശിയും (Moon sign), ഉദയരാശിയും (Rising star) വിശകലനം ചെയ്യുന്നതിലൂടെ തങ്ങളുടെ പോരായ്മകളും കഴിവുകളും തിരിച്ചറിയാൻ സാധിക്കുന്നുവെന്ന് അവർ വിശ്വസിക്കുന്നു. പെരുമാറ്റരീതികളെക്കുറിച്ച് ഒരു ധാരണ ലഭിക്കാൻ ഇത് സഹായിക്കുന്നുവെന്ന് ഇക്കണോമിക് ടൈംസിലെ റിപ്പോർട്ടിൽ പറയുന്നു.

2. കമ്മ്യൂണിറ്റിയും ബന്ധങ്ങളും
ജ്യോതിഷം ഇന്ന് വ്യക്തിപരമായ ഒന്നല്ല, മറിച്ച് അതൊരു കൂട്ടായ്മയായി മാറിയിരിക്കുന്നു. "കാപ്രിക്കോൺ എനർജി" അല്ലെങ്കിൽ "സ്കോർപ്പിയോ ബിഹേവിയർ" തുടങ്ങിയ മീമുകൾ (Memes) പങ്കുവെക്കുന്നതിലൂടെ സമാന ചിന്താഗതിയുള്ളവരുമായി ബന്ധപ്പെടാൻ യുവാക്കൾക്ക് സാധിക്കുന്നു. ഡിജിറ്റൽ ലോകത്ത് തങ്ങൾ ഒറ്റയ്ക്കല്ല എന്ന തോന്നൽ ഇത് നൽകുന്നുവെന്നാണ് റിപ്പോർട്ട്.
3. സാങ്കേതികവിദ്യയുടെ സ്വാധീനം
സ്മാർട്ട്ഫോണുകളുടെ വരവോടെ ജ്യോതിഷം വിരൽത്തുമ്പിലെത്തി. 'കോ-സ്റ്റാർ' (Co-Star) പോലുള്ള ആപ്പുകൾ വ്യക്തിഗതമായ ചാർട്ടുകളും ദിനംപ്രതിയുള്ള വിവരങ്ങളും നൽകുന്നു. ടിക് ടോക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ആസ്ട്രോ-ഇൻഫ്ലുവൻസർമാർ ജ്യോതിഷ കാര്യങ്ങൾ ലളിതമായും രസകരമായും അവതരിപ്പിക്കുന്നു. ഇത് യുവാക്കളുടെ ഡിജിറ്റൽ സ്വഭാവവുമായി തികച്ചും ഒത്തുപോകുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്.

4. സർഗ്ഗാത്മകതയും ഫാഷനും
സ്വന്തം പേര് ബ്രാൻഡ് ചെയ്യാനും വസ്ത്രധാരണത്തിലും ഫാഷനിലും പോലും പ്രത്യേകതകൾ കൊണ്ടുവരാനും ജെൻ സി ജ്യോതിഷത്തെ ഉപയോഗിക്കുന്നു. ഓരോ രാശിക്കും അനുയോജ്യമായ സൗന്ദര്യ സങ്കൽപ്പങ്ങളും (Aesthetics) ലൈഫ് സ്റ്റൈലുകളും പിന്തുടരുന്നത് ഇവർക്കിടയിൽ ഒരു പുതിയ ഫാഷൻ ട്രെൻഡായി മാറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ജ്യോതിഷം എന്നത് ജെൻ സി തലമുറയെ സംബന്ധിച്ചിടത്തോളം വെറുമൊരു വിശ്വാസമല്ല, മറിച്ച് അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഈ ലോകത്ത് തങ്ങളെത്തന്നെ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയാണെന്ന് ഇക്കണോമിക് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു.

നക്ഷത്രങ്ങൾ വെറും ആകാശത്തെ ബിന്ദുക്കളല്ല, മറിച്ച് തങ്ങളുടെ ജീവിതത്തെയും സ്വഭാവത്തെയും മനസ്സിലാക്കാൻ സഹായിക്കുന്ന അടയാളങ്ങളാണെന്ന് അവർ കരുതുന്നു. പാരമ്പര്യത്തെയും ആധുനികതയെയും കൂട്ടിയിണക്കുന്ന ഈ 'ഡിജിറ്റൽ ആസ്ട്രോളജി' വരുംകാലത്തും യുവതലമുറയുടെ പ്രിയപ്പെട്ട വിഷയമായി തുടരുമെന്നാണ് റിപ്പോർട്ട്.


