ഏറ്റവും വേഗത്തില്‍ വളര്‍ന്ന ഒരു ആപ്പായിരുന്നു ടിക് ടോക്. ഒരുപക്ഷേ ഫേസ്ബുക്കിനും വാട്സ് ആപ്പിനും ശേഷം, യുവാക്കള്‍ ഏറ്റെടുത്ത ആപ്പാണെന്നും ടിക്ക് ടോക്കിനെ പറയാം. ആദ്യ പാദത്തില്‍ മാത്രം ഈ ആപ്പിലേക്ക് വന്നവരുടെ എണ്ണം 188 ദശലക്ഷം ആണ്. 70 ശതമാനമാണ് 2018 ആദ്യപാദത്തെ വച്ച് നോക്കുമ്പോള്‍ ഈ വളര്‍ച്ച. ഇതില്‍ തന്നെ 110 ദശലക്ഷം ആള്‍ക്കാര്‍ ആപ്പ് ആദ്യമായി ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവരാണ്. എന്നാല്‍ ഇപ്പോഴിതാ ടിക് ടോക്കിന് വിലക്കേര്‍പ്പെടുത്തുകയാണ്.  ഇന്നലെ മുതല്‍ ഗൂഗിളിന്‍റെ പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമല്ല.

ടിക്ക് ടോക്കില്‍ വീഡിയോ ചെയ്യാനും കാണാനും ഇഷ്ടപ്പെടുന്ന  നിരവധിപ്പേരാണ് മലയാളികള്‍ക്കിടയില്‍ തന്നെയുള്ളത്. എന്നാല്‍ പലപ്പോഴും ആപ്പും അതില്‍ ചെയ്യുന്ന വീഡിയോകളും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പരാതിയുയര്‍ന്നിരുന്നു. ടിക് ടോക് ചിത്രീകരണത്തിനിടെ നിരവധി അപകടങ്ങളും മരണങ്ങളും വരെ സംഭവിച്ചു. ഇതിനെതിരെ നിരവധി പരാതികളുയര്‍ന്നു. പരാതികളുടെ അടിസ്ഥാനത്തില്‍, കഴിഞ്ഞ ദിവസം മദ്രാസ് കോടതി ടിക്ക് ടോക്ക് പൂര്‍ണമായും നിരോധിക്കണമെന്ന് ഉത്തരവിട്ടു. 

കുട്ടികളില്‍ അശ്ലീലത പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു, കേന്ദ്ര സര്‍ക്കാരിനോട് ആപ്പ് നിരോധിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. കേന്ദ്രം ഇക്കാര്യങ്ങള്‍ വ്യക്തമാക്കി, ആപ്പിളിനും ഗൂഗിളിനും കത്തയച്ചു. തുടര്‍ന്നാണ് ഗൂഗിള്‍ ടിക് ടോക്കിന് വിലക്കേര്‍പ്പെടുത്തിയത്. ടിക് ടോക്കിന്‍റെ നിരോധനം ടിക് ടോക് അഡിക്റ്റഡായിട്ടുള്ളവര്‍ക്ക് വളരെ വലിയ ആഘാതമാണുണ്ടാക്കിയത്. ഇതിനെതിരെ നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

 

ശക്തമായ സ്വകാര്യത നിയമങ്ങളാണ് ആവശ്യമെന്നും അതിന് പകരം ഇന്‍റെർനെറ്റിനെ തന്നെ പിടിച്ചു കെട്ടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അഭിപ്രായമുയരുന്നുണ്ട്. ഗുജറാത്തിലെ പബ്ജി നിരോധനവും ഇപ്പോഴത്തെ ടിക് ടോക് നിരോധനവുമെല്ലാം ഇന്ത്യ ഇന്‍റർനെറ്റിന് മേൽ ചൈനീസ് മോഡൽ നിയന്ത്രണത്തിന്‍റെ പാതയിലേക്ക് നീങ്ങുന്നതിന്‍റെ സൂചനയായി കാണുന്നവരുണ്ട്.

ടിക് ടോക് നിരോധനം ഇത്രമേല്‍ വിഷമമുണ്ടാക്കുന്നത് എന്തുകൊണ്ട്?

ടിക് ടോക് പലര്‍ക്കും ഒരു മാനസിക പിരിമുറുക്കത്തിനുള്ള ഒരു മരുന്നായിരു ന്നു. തിരക്ക് പിടിച്ച ഈ ജീവിതത്തില്‍ ഒരല്‍പ്പം ആശ്വാസമായിരുന്നു ടിക് ടോക്. തന്‍റെ ഉള്ളില്‍ ഉറങ്ങി കിടന്നിരുന്ന കലാകാരിയെ/കലാകാരനെ സ്വയം തിരിച്ചറിയാനുളള ഒരു മാധ്യമം ആയിരുന്നു ഈ ആപ്പ്. പ്രായഭേദമന്യേ കൊച്ചുകുട്ടികളില്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുപോലെ ഇത് ഉപയോഗിച്ചിരുന്നു. പലര്‍ക്കും ഇത് നല്ലൊരു എന്‍റര്‍ടെയ്നറായിരുന്നു. മനസ്സിന് സന്തോഷം നല്‍കിയിരുന്നു. 

വീട്ടിലെ അടുക്കളയില്‍ ഒതുങ്ങി കൂടിയിരുന്ന ചേച്ചിമാര്‍ക്ക് താന്‍  എന്താണെന്നും  തന്‍റെ  ഉളളിലെ വാസനകളെ കണ്ടെത്താനുമുളള  ഒരു  വഴിയായിരുന്നു ടിക് ടോക്. കൊച്ചുമക്കളോടൊപ്പം ടിക് ടോക് ചെയ്യുന്ന അമ്മുമ്മയും അപ്പുപ്പനുമൊക്കെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു ടിക് ടോക് സമ്മാനിച്ചത്. ടിക് ടോക്കിലൂടെ മാത്രം സ്റ്റാര്‍ ആയാവരും നിരവധിപേരാണ്. അതുകൊണ്ട് തന്നെ ടിക് ടോക്കിന്‍റെ നിരോധനം  പലര്‍ക്കും ഒരു തീരനഷ്ടം തന്നെയാണ്.

ആർക്കും എളുപ്പത്തിൽ വീഡിയോ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്യാം എന്നതാണ് ടിക് ടോക്കിനെ പെട്ടന്ന് ജനപ്രിയമാക്കിയത്. യൂട്യൂബിലേക്കോ മറ്റ് വീഡിയോ പ്ലാറ്റ് ഫോമുകളിലേക്കോ ഒരു ദൃശ്യം അപ്ലോഡ് ചെയ്യേണ്ടതിന്‍റെ പകുതി ബുദ്ധിമുട്ട് പോലും ഇല്ല, കൂടെ വീഡിയോ എഡിറ്റ് ചെയ്യാനും മോടിപിടിപ്പിക്കാനുമാവശ്യമായ എല്ലാ സംവിധാനവും ടിക് ടോക്ക് ആപ്പിൽ തന്നെയുണ്ട് എന്നതും വളർച്ചയ്ക്ക് വളമായി. ടിക് ടോക് വഴി ലൈംഗീക ചൂഷണം നടക്കുന്നുവെന്ന പരാതികളും വ്യാപകമാണ് , കൊച്ചു കുട്ടികളിലേക്ക് വരെ അ‍ഡൾട്ട് കണ്ടന്‍റ് എത്തുന്നുവെന്നും ഇത് തടയാൻ പോലും ആപ്പിൽ മാർഗമില്ലെന്നതും യാഥാർത്ഥ്യമാണ്. 

യൂട്യൂബ് ബ്ലോക്ക് ചെയ്യും എന്ന് ഉറപ്പുള്ള സെക്സ്, മദ്യപാനം, കഞ്ചാവ് പുകയ്ക്കല്‍, അപകീർത്തിപ്പെടുത്തൽ തുടങ്ങി നിരവധി വിഡിയോകൾ ഈ ആപ്പില്‍ കാണാം. ചില ദൃശ്യങ്ങളെക്കുറിച്ച് ടിക്ടോക് മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും മുന്നറിയിപ്പുകൾ ചടങ്ങിന് മാത്രമാണ് എന്നതാണ് സത്യം. ഇത്തരം വിഡിയോകൾ റിപ്പോർട്ട് ചെയ്യാൻ ഉള്ള സംവിധാനം ടിക് ടോക്കിലുണ്ടെങ്കിലും അത് എളുപ്പത്തിൽ ലഭ്യമായ രീതിയിൽ അല്ല എന്നും പെട്ടന്ന കണ്ണിൽ പെടുന്ന സ്ഥലത്തല്ല എന്നും ആക്ഷേപമുണ്ട്.

ടിക് ടോക്കില്‍ എത്തിയ പല യുവതികളുടേയും ഫോട്ടോകളും വീഡിയോകളും പോണ്‍സൈറ്റുകളിലെത്തുന്നു എന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ഡിസംബറിൽ വലിയ വാർത്തയായിരുന്നു. തുടര്‍ന്നാണ്  ഇത് നിരോധിച്ചത്. എന്തു തന്നെയായാലും ഇത് കുറച്ചുപേര്‍ക്കെങ്കിലും തന്‍റെ ജീവിതത്തിലെ ഉണ്ടായിരുന്ന ഒരു  സന്തോഷം തല്ലിക്കെടുത്തുന്നതാണ്. ടിക് ടോക് നിരോധിച്ചതിലുളള തങ്ങളുടെ ദു:ഖം പോലും ടിക് ടോക് ചെയ്യുന്നവരുമുണ്ട്.