കാട്ടുപൂച്ചയെ കൂറ്റൻ പാമ്പ് വരിഞ്ഞു മുറുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. ജഗ്വാറണ്ടി അഥവാ ഐറ എന്നറിയപ്പെടുന്ന കാട്ടുപൂച്ചയെയാണ് ബൊവ കൺസ്ട്രിക്റ്റർ വിഭാഗത്തിൽ പെടുന്ന പാമ്പ് വരിഞ്ഞു മുറുക്കിയത്. 

വടക്കു പടിഞ്ഞാറൻ അർജന്റീനയിലെ ലാസ് ലജിറ്റാസ് എന്ന പട്ടണത്തിലാണ് സംഭവം. ശ്വാസം കിട്ടാതെ പിടയുന്ന കാട്ടുപൂച്ചയെ പ്രദേശവാസികളാണ് ആദ്യം കാണുന്നത്. പാമ്പിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ പൂച്ച ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. പാമ്പ് കൂടുതൽ ശക്തിയോടെ വീണ്ടും വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു. 

വിഷമില്ലാത്ത പാമ്പാണ് ബൊവ. അത് കൊണ്ട് തന്നെ സംഭവം കണ്ട ആളുകൾ പേടിക്കാതെ കാട്ടുപൂച്ചയെ ചുറ്റിയിരുന്ന പാമ്പിനെ വേർപെടുത്തുകയായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സോൾ റോജാസാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സമീപത്തുള്ള ദേശീയ പാർക്കുകളിൽ നിന്നാകാം ഇവർ ഇവിടെക്കെത്തിയതെന്നാണ് നിഗമനം. നിരവധി പേർ വീഡിയോ കണ്ട് കഴിഞ്ഞു.