കേപ്പ് ടൗണ്‍: ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ പുലിക്ക് മുന്നില്‍പ്പെട്ടുപോയ നിമിഷം പകര്‍ത്തിയ വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍മീഡിയ. തന്‍റെ ക്യാമറയ്ക്ക് മുന്നില്‍ മുഖാമുഖം വന്നുനിന്ന പുലി ഷീസിട്ട കാലുകള്‍ തൊട്ടുനോക്കുന്നതും മുന്നില്‍ നിന്ന് അലറുന്നതും വീഡിയോയില്‍ കാണാം. 

പാറയ്ക്ക് മുകളിലിരിക്കുന്ന പെണ്‍പുലിയുടെയും അതിന്‍റെ കുഞ്ഞിന്‍റെയും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയെയാണ് കുഞ്ഞ് ഫോട്ടോഗ്രാഫര്‍ക്ക് നേരെ വന്നത്. സൗത്ത് ആഫ്രിക്കയിലെ സബി സാന്‍റ്സ് എന്ന സംരക്ഷിത വനമേഖലയിലാണ് സംഭവം. 25കാരനായ ഫോട്ടോഗ്രാഫര്‍ നല്‍സണാണ് വീഡിയോ പകര്‍ത്തിയത്. 

'' ഞാന്‍ സഞ്ചാരികളുമായി പോകുകയായിരുന്നു. അതിനിടയിലാണ് പുലിയെയും കുഞ്ഞിനെയും കണ്ടത്. വീഡിയോ പകര്‍ത്തുന്നതിനിടയില്‍ 10 മാസം പ്രായമായ പുലിക്കുഞ്ഞ് എന്‍റെ നേരെ വന്നു. എന്‍റെ കാലില്‍ കിടക്കുന്ന ഷൂ എന്താണെന്ന് അറിയാനായിരുന്നു അതിന്‍റെ ശ്രമം. അണ്ണാനോ മറ്റോ ആണെന്ന് അത് കരുതിക്കാണും. ഓടാനോ മാറാനോ പോലും എനിക്ക് സമയമുണ്ടായിരുന്നില്ല. അതിന് മുമ്പില്‍ നിന്നുകൊടുക്കുക മാത്രമായിരുന്നു പോംവഴി. ആദ്യം അല്‍പ്പം പേടി തോന്നി'' - നെല്‍സണ്‍ പറഞ്ഞു.