നിങ്ങൾക്ക് പഴയ പോലെ സെക്‌സിലേർപ്പെടുന്നത് ആസ്വദിക്കാനാവുന്നില്ല എങ്കിൽ, കാരണം ചിലപ്പോൾ കൂർക്കം വലി കൂടിയാവാം. 

40% പുരുഷന്മാരും 24% സ്ത്രീകളും ഉറക്കത്തിൽ കൂർക്കം (snoring) വലിക്കുന്നവരാണ് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. നിങ്ങൾ ഉറക്കത്തിൽ വല്ലാതെ കൂർക്കം വലിക്കുന്നു എന്നുള്ള പരാതി പങ്കാളിയിൽ നിന്ന് കേൾക്കുന്നുണ്ടോ? എങ്കിൽ വിഷമിക്കേണ്ട, ഇക്കാര്യത്തിൽ നിങ്ങൾ തനിച്ചല്ല. ഒരുപാട് പേർക്ക് ഇതേ പരാതി കേൾക്കാനുള്ള യോഗമുണ്ടാവുന്നുണ്ട്.

എന്നാൽ, കൂർക്കംവലി നിങ്ങളുടെ സെക്സ് ലൈഫിനെ(sex life) ബാധിക്കും എന്ന കാര്യം നിങ്ങൾക്കറിയാമോ? ജേർണൽ ഓഫ് സെക്ഷ്വൽ മെഡിസിൻ (Journal of Sexual Medicine) എന്ന മാസികയിൽ പ്രസിദ്ധപ്പെടുത്തപ്പെട്ട പഠനങ്ങൾ പ്രകാരം, ലൈംഗിക താത്‌പര്യക്കുറവ്, ലൈംഗിക ശേഷിക്കുറവ്, എന്നിവയ്ക്ക് പങ്കാളിയുടെ കൂർക്കം വലിയുമായി കാര്യമായ ബന്ധമുണ്ട്. കൂടെ കിടക്ക പങ്കിടുന്ന ഇണ, അർദ്ധ രാത്രി നിങ്ങളെ വിളിച്ചുണർത്തി ഹാളിലെ സോഫയിലെങ്ങാനും ചെന്ന് കിടന്നുറങ്ങാൻ പറഞ്ഞിട്ടുണ്ടെങ്കിൽ, അതിന് കാരണം ഉറക്കം പോയത് മാത്രമല്ലാതിരിക്കാനാണ് സാധ്യത. നിങ്ങളും നിങ്ങളുടെ പങ്കാളിയും തമ്മിലെ സെക്സിലുള്ള അടുപ്പം കുറഞ്ഞതായി അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് പഴയ പോലെ സെക്‌സിലേർപ്പെടുന്നത് ആസ്വദിക്കാനാവുന്നില്ല എങ്കിൽ, ഒപ്പം നിങ്ങൾ വല്ലാതെ കൂർക്കവും വലിക്കുന്നുണ്ടെങ്കിൽ, ആദ്യം പറഞ്ഞ രണ്ടിനുമുള്ള കാരണം ചിലപ്പോൾ ഈ കൂർക്കം വലി കൂടിയാവാം. 

എന്താണ് കൂർക്കം വലി? 

ഉറങ്ങുന്ന സമയത്ത് ശ്വാസോഛാസം ചെയ്യുമ്പോൾ വായുവിന് തടസമുണ്ടാകുന്ന അവസ്ഥയാണ് കൂർക്കംവലി എന്നറിയപ്പെടുന്നത്. കൂർക്കം വലിക്കുന്നവർക്ക്, ഉറക്കത്തിൽ ഉയർന്ന ശബ്ദത്തോടെ ശ്വാസനിശ്വാസം ചെയ്യേണ്ടി വരുന്നു. തൊണ്ടയിലുണ്ടാകുന്ന തടസ്സം മൂലം വായുവിന് നേരേ ശ്വാസകോശത്തിലേക്കു പ്രവേശിക്കുവാൻ സാധിക്കാതെ വരുമ്പോളാണ് ഇങ്ങനെ ഉച്ചത്തിലുള്ള ശബ്ദം ഉത്പാദിപ്പിക്കപ്പെടുക. ജലദോഷം, മൂക്കടപ്പ്, കുറുനാവ് തടയൽ, മൂക്കിന്റെ പാലത്തിനുള്ള തകരാറ്, തൊണ്ടയിലെ പേശികൾക്കുണ്ടാവുന്ന അയവ്, ടോൺസിലൈറ്റിസ് എന്നിങ്ങനെ പല കാരണങ്ങളാലും ഒരാൾ കൂർക്കം വലിക്കാം. സ്ത്രീകളിൽ പ്രായമേറുന്തോറും കൂർക്കം വലി കടന്നുവരാം. അതിനു പുറമെ ആർത്തവ വിരാമം, ഭാരക്കൂടുതൽ, ഗർഭം എന്നിവയും കൂർക്കംവലിക്ക് കാരണമാവാം. 

കൂർക്കംവലിയും സെക്‌സും തമ്മിൽ

സിനിമയിലും മറ്റും കൂർക്കം വലിക്കുന്നവരെ കാണുമ്പൊൾ നമുക്ക് ചിരിവന്നേക്കാം. എന്നാൽ, രാത്രി കിടന്നുറങ്ങാൻ ശ്രമിക്കുമ്പോൾ, നിങ്ങൾ ഉറങ്ങും മുമ്പേ ഉറങ്ങി, തൊട്ടടുത്ത് കിടന്ന് യമഹ എഞ്ചിന്റെ ശബ്ദത്തിൽ കൂർക്കം വലിച്ചാൽ ചിലപ്പോൾ രാത്രി ഏറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നാലും നിങ്ങൾക്ക് ഉറങ്ങാൻ പറ്റണമെന്നില്ല. എത്ര ശ്രദ്ധ തിരിക്കാൻ ശ്രമിച്ചാലും ആ കൂർക്കം വലിയുടെ താളത്തിൽ തന്നെയാവും നമ്മുടെ മനസ്സിന്റെ ശ്രദ്ധ. അതുകാരണം ഉറങ്ങാൻ പറ്റില്ല. പകൽ മുഴുവൻ ജോലിചെയ്ത് ക്ഷീണിച്ച് വീട്ടിലെത്തി, ഒന്ന് ഉറങ്ങാൻ ശ്രമിക്കുമ്പോൾ അതിനു പറ്റുന്നില്ല എങ്കിൽ അതുണ്ടാക്കുക കടുത്ത മാനസിക സമ്മർദമാണ്. ഇതേ അവസ്ഥ നിത്യേന തുടർന്നാലോ? അത് മനസ്സിൽ വല്ലാത്ത ഈർഷ്യ പോലും ഉണ്ടാക്കിയേക്കാം. ഈ ഈർഷ്യകൾ ബിൽഡ് അപ്പ് ചെയ്തുവന്ന് ഒടുവിൽ നിങ്ങളും പങ്കാളിയും തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പം വരെ കുറയ്ക്കുന്ന സാഹചര്യമുണ്ടാക്കാം. പങ്കാളി കൂർക്കം വലിക്കുന്നത് മനഃപൂർവ്വമോ നിങ്ങളെ ബുദ്ധിമുട്ടിക്കണം എന്ന് കരുതിയോ അല്ലെങ്കിൽ പോലും, അതിന്റെ പേരിൽ ഒരു ദേഷ്യം അവരോട് ഉള്ളിന്റെയുള്ളിൽ ഉണ്ടായി എന്നുവരാം. അത് നയിക്കുക ലൈംഗിക താത്പര്യക്കുറവിലേക്കും, സെക്സ് ഇല്ലാത്ത ജീവിതത്തിലേക്കും ഒക്കെയാണ്. 

കൂർക്കംവലിയുടെ ഒരു പ്രധാന പാർശ്വഫലം, നിങ്ങളും പങ്കാളിയും രണ്ടു മുറിയിൽ കിടന്നുറങ്ങാൻ നിർബന്ധിതരാകും എന്നതുകൂടിയാണ്. അപ്പോൾ, പ്ലാൻ ചെയ്യാതെ, പെട്ടെന്നുള്ള പ്രേരണപ്പുറത്ത് കിടക്കയിൽവെച്ച്‌ പൊടുന്നനെ നടക്കാവുന്ന സെക്സ് എന്ന സാധ്യത പാടെ ഇല്ലാതാവും. പുലർവേളകളിൽ ഉറക്കമുണരുമ്പോൾ ഉണ്ടാകുന്ന ഡ്രൈവിന് പുറത്ത് നടക്കുന്ന മോർണിംഗ് സെക്‌സും നിങ്ങൾക്ക് മിസ് ചെയ്യേണ്ടി വരും. ഇങ്ങനെ അടുത്തടുത്തല്ലാതെ വെവ്വേറെ മുറികളിൽ വെവ്വേറെ കിടക്കകളിൽ കിടന്നുറങ്ങുന്നത്, പങ്കാളികൾക്കിടയിലെ സെക്ഷ്വൽ ഇന്റിമസിയും കുറച്ചേക്കും. ഇങ്ങനെ കൂർക്കംവലി കാരണം വെവ്വേറെ മുറികളിൽ ഉറങ്ങാൻ നിർബന്ധിതരാവുന്ന പങ്കാളികൾക്കിടയിൽ വിവാഹമോചന നിരക്കും കൂടുതലാണ് എന്നാണ് അമേരിക്കയിൽ നടന്ന ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.

കൂർക്കം വലി ചില കേസുകളിൽ മറ്റു പല ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണം കൂടി ആകാം എന്നതുകൊണ്ട് ഏതിനും ഒരു ഡോക്ടറുടെ കൺസൾട്ടേഷൻ ഇക്കാര്യത്തിൽ നല്ലതാണ്. പങ്കാളിയുമായുള്ള ബന്ധം വഷളാവുന്നതിനു മുമ്പ് കൂർക്കംവലിയുടെ കടുപ്പം ഒന്ന് കുറയ്ക്കാനുള്ള മാര്ഗങ്ങളും ഡോക്ടറുടെ ഉപദേശമനുസരിച്ച് പരീക്ഷിച്ചു നോക്കാവുന്നതാണ്.