പണം തന്നെയാണ് ഇത്തരത്തിലുള്ള ഓണ്‍ലൈൻ വഞ്ചകരുടെ പ്രധാന ലക്ഷ്യം. എന്നാല്‍ പണത്തിന് വേണ്ടി ഇങ്ങനെ വഞ്ചിക്കുമ്പോള്‍ മറുഭാഗത്ത് ഇരിക്കുന്നവര്‍ സാമ്പത്തികമായി മാത്രമല്ല ചതിക്കപ്പെടുന്നതും- തകരുന്നതും.

ഓണ്‍ലൈൻ ചതിക്കുഴികളെ കുറിച്ച് നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. ഏത് രാജ്യത്തും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ണികളുണ്ട്. അതുപോലെ തന്നെ വ്യക്തികളും. പണം തന്നെയാണ് ഇത്തരത്തിലുള്ള ഓണ്‍ലൈൻ വഞ്ചകരുടെ പ്രധാന ലക്ഷ്യം. എന്നാല്‍ പണത്തിന് വേണ്ടി ഇങ്ങനെ വഞ്ചിക്കുമ്പോള്‍ മറുഭാഗത്ത് ഇരിക്കുന്നവര്‍ സാമ്പത്തികമായി മാത്രമല്ല ചതിക്കപ്പെടുന്നതും- തകരുന്നതും.

ഇതിനൊരു ഉദാഹരണമാവുകയാണ് ഒരു പ്രമുഖ നടന്‍റെ പേരില്‍ നടന്നൊരു തട്ടിപ്പ്. 'സ്ട്രേഞ്ചര്‍ തിംഗ്സ്' എന്ന നെറ്റ്ഫ്ളിക്സ് സീരീസിനെ കുറിച്ച് മിക്കവരും കേട്ടിരിക്കും. ഇതിലൂടെ പ്രശസ്തനായ ഓസ്ട്രേലിയൻ നടൻ മൊണ്ട്ഗോമെറിയുടെ പേരിലാണ് വമ്പൻ തട്ടിപ്പ് നടന്നത്.

എത്ര പണം പറ്റിച്ചു എന്നതല്ല, ഈ കേസിലെ പ്രധാന വിഷയം. മറുഭാഗത്ത് വഞ്ചിക്കപ്പെട്ട സ്ത്രീക്കുണ്ടായ നഷ്ടങ്ങളാണ് ഇതില്‍ ഏവരും എടുത്ത് പറയുന്നത്. ചെറിയ രീതിയില്‍ വേഷങ്ങളൊക്കെ ചെയ്യുന്ന നടിയും സംവിധായികയുമായ മെക്-കാലയാണ് ക്രൂരമായി വഞ്ചിക്കപ്പെട്ടത്.

ഇവരും ഭര്‍ത്താവും തമ്മില്‍ അസ്വാരസ്യങ്ങള്‍ പതിവായിരുന്നുവത്രേ. ഇതിനിടെയാണ് ഒരു സൈറ്റില്‍ വച്ച് മെക്-കാല, മൊണ്ട്ഗോമെറി എന്ന പേരിലെത്തിയ തട്ടിപ്പുകാരനെ പരിചയപ്പെടുന്നത്. ഇരുവരും പതിയെ ഓണ്‍ലൈനായി സംസാരിച്ചുതുടങ്ങി. 

മാസങ്ങളോളം ഇരുവരും സംസാരിച്ചു. ഇതിനിടെയൊന്നും ഇവര്‍ക്ക് ഇയാളെച്ചൊല്ലി യാതൊരു സംശയവുമുണ്ടായില്ല. നേരത്തെ ആരാധനയുള്ള നടനായതുകൊണ്ട് തന്നെ ഇയാളുമായി ഇവര്‍ എളുപ്പത്തില്‍ പ്രണയത്തിലുമായി. പ്രശസ്തനായത് കൊണ്ട് തങ്ങളുടെ പ്രണയബന്ധം രഹസ്യമായിരിക്കണമെന്ന് ഇയാള്‍ നിര്‍ദേശിച്ചപ്രകാരം ഇവര്‍ ഇക്കാര്യം ആരുമായും സംസാരിക്കുകയും ചെയ്തിരുന്നില്ല. 

ഇതിനിടെ ഭര്‍ത്താവുമായി പിരിയാൻ ഇയാള്‍ ഇവരോട് ആവശ്യപ്പെട്ടു. ആര്‍ക്കെങ്കിലും ഒരാള്‍ക്കൊപ്പമേ തുടരാനാകൂ എന്ന ഇവരുടെ പ്രതിസന്ധിയില്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കാൻ ഇയാള്‍ നിര്‍ദേശിക്കുകയായിരുന്നു. അങ്ങനെ മെക്-കാല വിവാഹമോചിതയുമായി. ഇതിനിടെ പതിയെ ഇയാള്‍ ഇവരോട് പണം ആവശ്യപ്പെട്ടുതുടങ്ങി. 

നേരത്തെ തന്നെ വിലപിടിപ്പുള്ള പല സമ്മാനങ്ങളും ഇവര്‍ ഇയാള്‍ക്ക് അയച്ചുനല്‍കിയിരുന്നുവത്രേ. ഇതിന് പുറമെയാണ് പണം ആവശ്യപ്പെട്ട് തുടങ്ങിയത്. ഏതാണ്ട് ഒമ്പത് ലക്ഷത്തിനടുത്ത് രൂപ ഇവര്‍ ഇയാള്‍ക്ക് നല്‍കി. എന്നാല്‍ മാസങ്ങളായിട്ടും തന്നെയൊന്ന് കാണാൻ ഇയാള്‍ കൂട്ടാക്കാതിരുന്നതോടെയാണ് ഇവര്‍ക്ക് സംശയമുണ്ടാകുന്നത്.സംസാരിച്ചുതുടങ്ങി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കാണമെന്ന് പറഞ്ഞിരുന്നുവെങ്കിലും ആ കൂടിക്കാഴ്ച നടന്നില്ല. പിന്നീട് സംശയം ശക്തമായതോടെ ഇവര്‍ പലവട്ടം ഇയാളെ കാണാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ ആ ശ്രമങ്ങളെല്ലാം പാളിയതോടെയാണ് താൻ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് ഇവര്‍ തിരിച്ചറിയുന്നത്. ഇതോടെ ഇയാളുമായുള്ള എല്ലാ ബന്ധവും ഇവര്‍ ഉപേക്ഷിച്ചു.

പിന്നീട് യൂട്യൂബ് വീഡിയോയിലൂടെയാണ് മെക്-കാല തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ച് തുറന്ന് പങ്കുവയ്ക്കുന്നത്. പ്രണയത്തിലാകുമ്പോള്‍ ആളുകള്‍ പലതും ചെയ്യാൻ തയ്യാറാകും- നമുക്ക് അബദ്ധമെന്ന് തോന്നുന്നതോ മണ്ടത്തരമെന്ന് തോന്നുന്നതോ ആയ കാര്യങ്ങള്‍ പോലും ചെയ്യും. തനിക്കും അത് സംഭവിച്ചു. ആരോടാണെങ്കിലും വളരെ പോസിറ്റീവായി മാത്രം ഇടപെടുന്ന തന്‍റെ സ്വഭാവവും, അതുപോലെ തന്നെ ഉപേക്ഷിക്കപ്പെടുമോ എന്ന തന്‍റെ അരക്ഷിതാവസ്ഥയും ഭയവുമാണ് വഞ്ചകൻ ചഷണം ചെയ്തതെന്ന് ഇവര്‍ വീഡിയോയിലൂടെ തന്‍റെ അനുഭവം വിശദീകരിച്ചുകൊണ്ട് പറഞ്ഞു. ഇതോടെയാണ് സംഭവം വാര്‍ത്തകളിലും ഇടം നേടിയിരിക്കുന്നത്. 

പ്രണയത്തില്‍ വഞ്ചിക്കപ്പെടുന്നത് വളരെ വേദനാജനകമാണെന്നും, കൂട്ടത്തില്‍ പ്രണയത്തിനായി കുടുംബത്തെ പോലും തകര്‍ത്തുകള‍ഞ്ഞു എന്നും സാമ്പത്തിക നഷ്ടത്തിലുപരി ഇതെല്ലാം എത്രമാത്രം- നികത്താനാകാത്ത നഷ്ടങ്ങളായി മാറിയെന്നുമെല്ലാം വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് പലരും കമന്‍റുകളായി കുറിച്ചിരിക്കുന്നു. 

Also Read:- കണ്ണില്ലാത്ത ക്രൂരതയില്‍ കണ്ണ് നഷ്ടപ്പെട്ട് ദേഹമാകെ പൊള്ളിയടര്‍ന്ന് നായ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo