ദില്ലി: ഇന്ത്യന്‍ വേഷം ധരിച്ചെത്തിയ യുവതിക്ക് സൗത്ത് ദില്ലിയെ റെസ്റ്റോറന്‍റില്‍ വിലക്ക്. പരമ്പരാഗത വേഷം ധരിച്ച് ഈ റെസ്റ്റോറന്‍റില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് ജീവനക്കാരന്‍ ഇവരെ അറിയിച്ചത്. 

ഗുരുഗ്രാമിലെ പത്വായി സീനിയര്‍ സ്കൂളിലെ പ്രിന്‍സിപ്പാളായ സംഗീത കെ നാഗിനെയാണ് കിലിന്‍ ആന്‍ ഇവി എന്ന റെസ്റ്റോറന്‍റിലെ ജീവനക്കാരന്‍ വിലക്കിയത്. 'എത്നിക് വേഷം ഞങ്ങള്‍ അനുവദിക്കില്ല' എന്ന് ഇയാള്‍ സംഗീതയോട് പറയുന്നതിന്‍റെ വീഡ‍ിയോ അവര്‍ ട്വീറ്ററില്‍ പോസ്റ്റ് ചെയ്തു. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ ഇതുവരെ കണ്ചത്. മാര്‍ച്ച് 10നാണ് ട്വീറ്റ് പുറത്തുവന്നത്. 

' പരമ്പരാഗത വേഷം അനുവദിക്കാത്തതിനാല്‍ പ്രവേശനം നിഷേധിച്ചു! ഇന്ത്യയിലെ ഒരു റെസ്റ്റോറന്‍റ് സ്മാര്‍ട്ട് കാഷ്വല്‍സ് മാത്രമാണ് അനുവദിക്കുന്നത്, പക്ഷേ ഇന്ത്യന്‍ വസ്ത്രങ്ങള്‍ അനുവദിക്കില്ല. ഇന്ത്യന്‍ ആണെന്നതില്‍ അഭിമാനിക്കാന്‍ വേറെന്ത് വേണം ? ഒരു നിലപാടെടുക്കൂ' - സംഗീത ട്വിറ്ററില്‍ കുറിച്ചു. 

അതേസമയം സംഭവത്തില്‍ കിലിന്‍ ആന്‍റ് ഇവിയുടെ ഡയറക്ടര്‍ സൗരഭ് ഖനിജോ ജീവനക്കാരന്‍റെ നടപടിയില്‍ മാപ്പ് പറഞ്ഞു. ''കിലിന്‍ ആന്‍ ഇവിയും ഓരോ ടീം അംഗങ്ങളും ഞാനും ഇന്ത്യാക്കാരെന്ന നിലയില്‍ അഭിമാനിക്കുന്നവരാണ്... '' അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ന് രാവിലെയാണ് തന്‍റെ ശ്രദ്ധയില്‍പ്പെട്ടതെന്നും അപ്പോള്‍ തന്നെ സംഗീതയോട് വ്യക്തിപരമായി മാപ്പ് ചോദിച്ചെന്നും അദ്ദേഹം കുറിച്ചു. 

വീഡിയോയില്‍ കാണുന്നയാള്‍ പുതിയ ജീവനക്കാരനാണെന്നും അതില്‍ പറയുന്നത് അദ്ദേഹത്തിന്‍റെ മാത്രം അഭിപ്രായമാണെന്നും സൗരഭ് കൂട്ടിച്ചേര്‍ത്തു. റെസ്റ്റോറന്‍റില്‍ ഡ്രസ് കോഡില്‍ നിബന്ധകളില്ല. തങ്ങളുടെ നയങ്ങള്‍ റെസ്റ്റോറന്‍റിന്‍റെ ഗേറ്റില്‍ തന്നെ എഴുതി വച്ചിട്ടുണ്ടെന്നും സൗരഭ് വ്യക്തമാക്കി. അതേസമയം റെസ്റ്റോറന്‍റിന്‍രെ ലൈസന്‍സ് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് ഷര്‍മിഷ്ട മുഖര്‍ജീ ദില്ലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.