ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് യുഎസിലെ അരിസോണയില്‍ നിന്ന് വന്നൊരു വാര്‍ത്ത വലിയ ജനശ്രദ്ധ നേടിയിരുന്നു. മുമ്പ് ആരോ താമസിച്ച വീട്ടില്‍ പുതുതായി എത്തിയ വീട്ടുകാര്‍ ബാത്ത്‌റൂമിലെ കണ്ണാടിക്കപ്പുറത്ത് രഹസ്യമുറി കണ്ടെത്തിയെന്നായിരുന്നു ആ വാര്‍ത്ത. എന്ന് മാത്രമല്ല അവിടെ ഘടിപ്പിച്ചിരുന്ന കണ്ണാടി ഒരു 'ടു വേ മിറര്‍'ഉം ആയിരുന്നു. അതായത് കണ്ണാടിക്കിപ്പുറം നിന്ന് നോക്കിയാല്‍ കണ്ണാടിക്കപ്പുറത്തുള്ള സ്ഥലം കാണാവുന്നത് എന്നര്‍ത്ഥം. 

സമാനമായൊരു വാര്‍ത്തയാണിപ്പോള്‍ ന്യൂയോര്‍ക്കില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ താമസിക്കുന്ന സാമന്ത ഹാര്‍ട്‌സോ എന്ന യുവതി, തന്റെ വീട്ടിലെ ബാത്ത്‌റൂം കണ്ണാടിക്ക് പിന്നില്‍ കണ്ട അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് വീഡിയോ സഹിതം പ്രചരിക്കുന്നത്. 

ബാത്ത്‌റൂമിനകത്ത് കയറുമ്പോള്‍ എപ്പോഴും തുറസായ സ്ഥലങ്ങളിലുള്ളത് പോലെ കാറ്റ് വീശിക്കൊണ്ടിരിക്കുന്നു. ചിലപ്പോഴെല്ലാം കാറ്റത്ത് മുടി പാറുക പോലും ചെയ്യാറുണ്ടായിരുന്നുവെന്ന് സാമന്ത പറയുന്നു. അത്ര വലിയ ജനാലകളോ വെന്റിലേഷനോ ഇല്ലാത്ത ബാത്ത്‌റൂമിനകത്ത് എങ്ങനെയാണ് കാറ്റ് എത്തുന്നത് എന്ന സംശയം സാമന്തയെ കുഴക്കി. 

ഒടുവില്‍ ബാത്ത്‌റൂമിലെ കണ്ണാടി ഇളക്കിനോക്കാന്‍ അവര്‍ തീരുമാനിച്ചു. കണ്ണാടി മാറ്റിനോക്കിയപ്പോള്‍ കണ്ടത് ചെറിയ, ചതുരാകൃതിയിലുള്ള ഒരു ഓട്ടയാണ്. അത് തീര്‍ത്തും ഇരുട്ട് നിറഞ്ഞിരിക്കുന്ന ഒരിടത്തേക്കാണ് തുറക്കുന്നത്. അങ്ങനെ സാമന്ത സുഹൃത്തുക്കളുടെ സഹായത്തോടെ അതിനകത്ത് എന്താണെന്ന് കണ്ടെത്താന്‍ തീരുമാനിച്ചു. 

മാസ്‌കും ഗ്ലൗസുമണിഞ്ഞ്, സുരക്ഷിതത്വത്തിന് ഒരു ചുറ്റികയും കയ്യിലെടുത്ത് സാമന്ത ചതുരാകൃതിയിലുള്ള ഭാഗത്തുകൂടി അപ്പുറത്തേക്ക് കടന്നു. അത്ഭുതപ്പെടുത്തുന്ന കാഴ്ചയായിരുന്നു അവിടെ കണ്ടത്. ആരോ താമസിച്ചുകൊണ്ടിരുന്നുവെന്ന് തോന്നിപ്പിക്കുന്ന ഒരു അപ്പാര്‍ട്ട്‌മെന്റായിരുന്നു അവിടം. മുറികളും മറ്റുമെല്ലാം ഉണ്ട്. ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു അവിടം. വെള്ളക്കുപ്പികളും മറ്റ് കണ്ടതിനാള്‍ ആരോ അവിടെ ഉണ്ടായിരുന്നു എന്നത് വ്യക്തം. 

എന്തായാലും ഇത്ര രഹസ്യമായി ഒരു അപ്പാര്‍ട്ട്‌മെന്റ് തന്റെ ബാത്ത്‌റൂം കണ്ണാടിക്കപ്പുറം ഉണ്ടായിരുന്നുവെന്നത് സാമന്തയ്ക്ക് വിശ്വസിക്കാന്‍ പോലുമാകുന്നില്ല. പുതുതായി താമസത്തിനെടുക്കുന്ന വീടുകള്‍ വളരെ ശ്രദ്ധയോടെ പരിശോധിച്ച ശേഷം മാത്രമേ അങ്ങേട്ട് മാറാവൂ എന്ന ഓര്‍മ്മപ്പെടുത്തലാണ് സാമന്തയുടെ ഈ അനുഭവവും പങ്കുവയ്ക്കുന്നത്. 

സുഹൃത്തുക്കളുടെ സഹായത്തോടെ സാമന്ത നടത്തിയ ഈ അതിസാഹസികമായ കണ്ടെത്തല്‍ വീഡിയോ ആയി അവര്‍ തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഈ വീഡിയോ സഹിതമാണ് വാര്‍ത്തകള്‍ വൈറലാകുന്നത്. 

സാമന്തയുടെ വീഡിയോ കാണാം...

 

Also Read:- പുതിയ വീട്ടിലെ കണ്ണാടിയില്‍ സംശയം തോന്നി; ചുമര്‍ പൊളിച്ചുനോക്കിയപ്പോള്‍ കണ്ടത്...