ഭക്ഷണം കഴിക്കുന്നതിനിടെ ഇവര്‍ക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. സഹായത്തിനായി റെസ്റ്റോറന്റ് ജീവനക്കാര്‍ എമര്‍ജന്‍സി പൊലീസിനെ വിവരമറിയിച്ചു. എന്നാല്‍ എങ്ങോട്ടെങ്കിലും മാറ്റാന്‍ കഴിയുന്ന സാഹചര്യത്തിലായിരുന്നില്ല യുവതി

വിമാനത്തിലും ട്രെയിനിലുമെല്ലാം വച്ച് പ്രസവിച്ച എത്രയോ സംഭവങ്ങള്‍ നമ്മള്‍ വാര്‍ത്തകളിലൂടെ അറിഞ്ഞിട്ടുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വച്ച് പ്രസവവേദന വന്നാല്‍ പെട്ടെന്നൊന്നും ചെയ്യാനില്ല, എന്നതിനാലാകാം പ്രസവം അവിടെ വച്ച് തന്നെയാക്കാമെന്ന് കൂടെയുള്ളവര്‍ തീരുമാനിക്കുന്നത്. എന്നാല്‍ ഇത് അതില്‍ നിന്നെല്ലാം അല്‍പം വ്യത്യസ്തമാണ്. 

ഒരു റെസ്റ്റോറന്റിലാണ് സംഭവം. കാലിഫോര്‍ണിയയിലെ മദേരയിലുള്ള മെക്‌ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റില്‍ തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതി. കൂട്ടിന് ആരുമില്ലാതെയാണ് ഇവര്‍ റെസ്റ്റോറന്റിലെത്തിയത്.

ഭക്ഷണം കഴിക്കുന്നതിനിടെ ഇവര്‍ക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. സഹായത്തിനായി റെസ്റ്റോറന്റ് ജീവനക്കാര്‍ എമര്‍ജന്‍സി പൊലീസിനെ വിവരമറിയിച്ചു. എന്നാല്‍ എങ്ങോട്ടെങ്കിലും മാറ്റാന്‍ കഴിയുന്ന സാഹചര്യത്തിലായിരുന്നില്ല യുവതി. അപ്പോഴേക്കും ഡോക്ടര്‍മാരെയും കൂട്ടി പൊലീസ് പാഞ്ഞെത്തി. 

പിന്നെയെല്ലാം കണ്ണടച്ച് തുറക്കും മുമ്പ് കഴിഞ്ഞു. യുവതി ആരോഗ്യവാനായ ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവിച്ച്് വീണയുടനെ തന്നെ കുഞ്ഞിനെ കയ്യിലെടുത്തത് പൊലീസുദ്യോഗസ്ഥനാണ്. ഈ ചിത്രം സഹിതം പൊലീസുകാര്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

ചുരുങ്ങിയ സമയം കൊണ്ട് തന്നെ, ഫോട്ടോയും പോസ്റ്റും സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി. റെസ്‌റ്റോറന്റ് ജീവനക്കാരുടെയും പൊലീസിന്റെയും സഹായത്തെ പ്രകീര്‍ത്തിച്ചും ഒപ്പം കുഞ്ഞിനെ കയ്യിലെടുത്ത് വാത്സല്യത്തോടെ നോക്കുന്ന പൊലീസുദ്യോഗസ്ഥന് സലാം വെച്ചും നിരവധി പേരാണ് ഈ ഫോട്ടോ ഷെയര്‍ ചെയ്യുന്നത്.