ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ബാക്ടീരിയകള്‍ വളര്‍ന്ന് കോളനികളാകുമ്പോള്‍ വ്യത്യസ്തമായ നിറങ്ങളാണത്രേ ലഭിക്കുക. ഇതിന് അനുസരിച്ച് ആഭരണങ്ങളും വ്യത്യസ്തമായിരിക്കും.

ബാക്ടീരിയ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ മിക്കവരിലും ഒരു മോശം അനുഭവമാണുണ്ടാവുക. അധികവും രോഗങ്ങള്‍ക്കിടയാക്കുന്ന അണുബാധകളിലേക്ക് നയിക്കുന്ന രോഗാണുവെന്ന നിലയില്‍ തന്നെയാണ് നാം ബാക്ടീരിയകളെ മനസിലാക്കിയിട്ടുള്ളത് എന്നതിനാലാണിത്.

നമ്മുടെ ശരീരത്തിലും വിവിധയിനത്തില്‍ പെടുന്ന പലയിനം ബാക്ടീരിയകള്‍ ജീവിച്ചുവരുന്നുണ്ട്. ഇവ മുഴുവനായും നമുക്ക് ദോഷമുണ്ടാക്കുന്നവയല്ല. ചിലത് നിര്‍ദോഷമോ, ചിലത് നമുക്ക് പല ഗുണങ്ങളും നല്‍കുന്നതോ പോലുമാകാറുണ്ട്. ഇതിനുദാഹരണമാണ് വയറ്റിനകത്തെ ബാക്ടീരിയല്‍ സമൂഹം. ഇത് കൃത്യമായും പരിപാലിക്കപ്പെട്ടില്ലെങ്കില്‍ അത് ശരീരത്തെ മാത്രമല്ല, മനസിനെ വരെ പ്രതികൂലമായി ബാധിക്കും. 

എന്തായാലും ബാക്ടീരിയ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നെറ്റി ചുളിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഞെട്ടലുണ്ടാക്കുന്നൊരു സംഗതിയാണ് ഇനി പങ്കുവയ്ക്കുന്നത്. സ്വന്തം ശരീരാവയവങ്ങളില്‍ നിന്ന് ബാക്ടീരിയ ശേഖരിച്ച് അവയെ പ്രോസസ് ചെയ്തെടുത്ത് ഒരു യുവതി ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ്.

വളരെ വ്യത്യസ്തമായ ഈ പരീക്ഷണത്തിന് സ്കോട്ട്‍ലൻഡിലെ 'ഡണ്‍ഡീ യൂണിവേഴ്സിറ്റി', 'ജയിംസ് ഹട്ടണ്‍ ഇൻസ്റ്റിറ്റ്യൂട്ട്' എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരും സഹായം നല്‍കുന്നുണ്ട്. കോള്‍ ഫിറ്റ്സ്പാട്രിക് എന്ന യുവതി പ്രൊഫഷണല്‍ ജൂവലറി നിര്‍മ്മാതാവാണ്. പ്രകൃതിയെ പരമാവധി ഉപയോഗപ്പെടുത്തി ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന ബയോഡിസൈൻ മേഖലയിലും ശ്രദ്ധേയയാണ് ഇവര്‍. 

ഇതിനിടെയാണ് മനുഷ്യശരീരത്തില്‍ നിന്ന് ബാക്ടീരിയ ശേഖരിച്ച് അതുവച്ച് ആഭരണം നിര്‍മ്മിക്കുകയെന്ന ആശയത്തിലേക്ക് കോള്‍ എത്തുന്നത്. ഇതിനായി സ്വന്തം ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തന്നെ ബാക്ടീരിയ ശേഖരിച്ചു. ശേഷം ഇത് ചെടികളില്‍ നിന്ന് ശേഖരിച്ച ബാക്ടീരിയയ്ക്കൊപ്പം ശാസ്ത്രീയമായി വളരാൻ അനുവദിക്കും. ഇതിന് ലബോറട്ടറിയിലെന്ന പോലെയുള്ള സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 

ബാക്ടീരിയല്‍ കോളനി വളര്‍ച്ചയെത്തുമ്പോള്‍ ഇത് മിക്സ് ചെയ്ത് റബര്‍ മോള്‍ഡിലൊഴിച്ച് ഗ്ലോസ് വച്ച് സീല്‍ ചെയ്താണ് വിവിധ ഘടനകളുണ്ടാക്കുന്നത്. ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ബാക്ടീരിയകള്‍ വളര്‍ന്ന് കോളനികളാകുമ്പോള്‍ വ്യത്യസ്തമായ നിറങ്ങളാണത്രേ ലഭിക്കുക. ഇതിന് അനുസരിച്ച് ആഭരണങ്ങളും വ്യത്യസ്തമായിരിക്കും. ഈ മേഖലയില്‍ തന്നെ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണിപ്പോള്‍ കോള്‍. ഇവരുടെ വ്യത്യസ്തമായ ആശയം വലിയ രീതിയിലാണ് വാര്‍ത്താശ്രദ്ധ നേടുന്നത്. പുതിയ പരീക്ഷണങ്ങള്‍ക്കും ഗവേഷകര്‍ പിന്തുണയുമായി കൂടെത്തന്നെയുണ്ട്. 

Also Read:- മനുഷ്യന്‍റെ ശുക്ലം കൊണ്ട് ഇങ്ങനെയും പ്രയോജനമോ! വ്യത്യസ്തമായ ആശയം...