ഇന്ത്യയില്‍ നിരോധനമുണ്ടെങ്കിലും മറ്റ് പല രാജ്യങ്ങളിലും ഇപ്പോഴും ജനപ്രീതിയുള്ള ആപ്പാണ് ടിക് ടോക്. ടിക് ടോക്കില്‍ ഇപ്പോഴും പല ചലഞ്ചുകളും നടക്കുന്നുമുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്ന ഒരു ചലഞ്ച് ആണ് 'ടേസ്റ്റ് ടെസ്റ്റ് ചലഞ്ച്'. പ്രശസ്തമായ പാനീയ ശൃംഖലയായ സ്റ്റാർബക്സിൽ പുതുതായി അവതരിപ്പിച്ച പാനീയവുമായി ബന്ധപ്പെട്ടാണ് ഈ ചലഞ്ച്.

സ്റ്റാർബക്സിലെ പുതിയ പാനീയത്തിൽ വാനില സിറപ്പും, കാരമൽ സിറപ്പും, വിപ്പ്ഡ് ക്രീമും ധാരാളം ചേർത്തിട്ടുണ്ട്. 19 വയസ്സുള്ള മെറിൻ ഷോർട്ട് ഈ ചലഞ്ച് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സ്റ്റാർബക്സിന്‍റെ ഒരു ഡ്രൈവ് ത്രൂ സ്റ്റാളിൽ എത്തിയ മെറിൻ പാനീയം വാങ്ങി കുടിച്ചു. ടിക് ടോക് ചെയ്തുകൊണ്ട് ലൈവ് ആയാണ് ചലഞ്ച് ചെയ്തത്. 

 

കുടിച്ചു നോക്കിയപ്പോൾ പ്രത്യേകിച്ച് ഒരു രുചിയും മെറിന് തോന്നിയില്ല. തുടര്‍ന്ന് മെറിന്‍ ഒരു കവിൾ കൂടി കുടിച്ചു നോക്കി. അപ്പോഴും ഒരു രുചിയും ഇല്ല. ഇതോടെ പേടിച്ചിരണ്ട മെറിൻ  "എനിക്കെന്താ രുചി അനുഭവപ്പെടാത്തത്? എനിക്ക് ഇനി കൊറോണ ആണോ?" എന്ന് ആശ്ചര്യപ്പെടുന്നതും വീഡിയോയില്‍ കാണാം. 

തുടര്‍ന്ന് ഒട്ടും താമസിക്കാതെ അമ്മയെ വിളിച്ച  മെറിന്‍ ഉടൻ കൊവിഡ് ടെസ്റ്റിന് വിധേയായി. ഫലം പോസിറ്റീവും.  രുചിയും മണവും നഷ്ടമാവുന്നതും കൊവിഡിന്‍റെ ലക്ഷണങ്ങളാകാമെന്ന് വിദഗ്ധര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെറിന്‍ ഹോം ക്വാറന്റൈനിലേക്ക് മാറുകയും ചെയ്തു. അസുഖം ഭേദപ്പെട്ട ശേഷം ബസ് ഫീഡിന് നൽകിയ അഭിമുഖത്തിൽ തനിക്കുണ്ടായ അനുഭവം മെറിന്‍ വിശദീകരിക്കുന്നുണ്ട്. കാരമൽ മഷീറ്റോയുടെ രുചിയാണ് താൻ പാനീയത്തിൽ നിന്നും പ്രതീക്ഷിച്ചത് എന്നാല്‍ ഒരു രുചിയും അനുഭവപ്പെടാതെ വന്നതോടെയാണ് സംശയം ഉണ്ടായത് എന്നും മെറിന്‍ പറയുന്നു. അന്നേ ദിവസം രാവിലെ മെറിന് മൂക്കടപ്പുണ്ടായിരുന്നു. പക്ഷേ തനിക്ക് പലപ്പോഴും ഉണ്ടാകാറുള്ള അലർജിയുടെ ഭാഗമാണ് ഇതെന്ന് കരുതി മെറിൻ അത് കാര്യമാക്കിയിരുന്നില്ല. 

 

Also Read: രുചിയും മണവും നഷ്ടപ്പെട്ടു; സവാളയും വെളുത്തുള്ളിയും പച്ചയ്ക്ക് കഴിക്കുന്ന യുവാവ്; വീഡിയോ വൈറല്‍...