Asianet News MalayalamAsianet News Malayalam

രേഖാമൂലം 'മരിച്ചു'; ജീവനോടെയുണ്ടെന്ന് കോടതിയില്‍ വാദിച്ച് മദ്ധ്യവയസ്‌ക

ഫ്രാന്‍സിലെ ലയോണ്‍ സ്വദേശിയാണ് അമ്പത്തിയെട്ടുകാരിയായ ജിയാന്‍ പോചെയ്ന്‍. ഇവര്‍ നേരത്തേ ഒരു ക്ലീനിംഗ് കമ്പനി നടത്തിയിരുന്നു. 2000ല്‍ ഒരു സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്ന് കമ്പനിയില്‍ നിന്ന് പറഞ്ഞുവിട്ട ഒരു ജീവനക്കാരി പിന്നീട് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് പോചെയ്‌നെതിരെ കേസ് ഫയല്‍ ചെയ്തു

woman says court that she is still alive after official records shows that she is dead
Author
Layon, First Published Jan 20, 2021, 3:34 PM IST

മരിച്ചെന്ന് രേഖാമൂലം ഉദ്യോഗസ്ഥര്‍ തീര്‍ച്ചപ്പെടുത്തിയ ഒരാള്‍ പിന്നീട് താന്‍ മരിച്ചിട്ടില്ലെന്ന് വാദിച്ച് കോടതിയിലെത്തുക. കേള്‍ക്കുമ്പോള്‍ അല്‍പം വിചിത്രമെന്ന് തന്നെ തോന്നിയേക്കാം. അതെ ഇതിത്തിരി വ്യത്യസ്തമായൊരു കഥയാണ്. 

വര്‍ഷങ്ങളോളം നീണ്ട നിയമപ്പോരിനൊടുവില്‍ വാദിയും പ്രതിയും കോടതിക്ക് പുറത്ത് നടത്തിയ നാടകമാണ്, ഒടുവില്‍ ഇങ്ങനെയൊരു വിചിത്രമായ സാഹചര്യത്തിലേക്ക് ഇരുവരേയും എത്തിച്ചിരിക്കുന്നത്.

ഫ്രാന്‍സിലെ ലയോണ്‍ സ്വദേശിയാണ് അമ്പത്തിയെട്ടുകാരിയായ ജിയാന്‍ പോചെയ്ന്‍. ഇവര്‍ നേരത്തേ ഒരു ക്ലീനിംഗ് കമ്പനി നടത്തിയിരുന്നു. 2000ല്‍ ഒരു സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്ന് കമ്പനിയില്‍ നിന്ന് പറഞ്ഞുവിട്ട ഒരു ജീവനക്കാരി പിന്നീട് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് പോചെയ്‌നെതിരെ കേസ് ഫയല്‍ ചെയ്തു. 

2004ലായിരുന്നു ആ കേസ് ഫയല്‍ ചെയ്യപ്പെട്ടത്. എന്നാല്‍ കമ്പനി പോചെയ്‌ന്റെ ഉടമസ്ഥതയില്‍ മാത്രമായിരുന്നില്ല എന്നതിനാലും, കേസ് പോചെയ്‌ന് എതിരെ മാത്രമായിരുന്നു എന്നതിനാലും അന്ന് പരാതിക്കാരിക്ക് നഷ്ടപരിഹാരം കിട്ടിയില്ല. 

പിന്നീട് ഇവര്‍ 2009ല്‍ വീണ്ടും പോചെയ്‌നെതിരെ കേസ് കൊടുത്തു. ഇക്കുറിയും പല കാരണങ്ങളാലും പോചെയ്‌നെതിരെ നടപടിയുണ്ടായില്ല. തുടര്‍ന്ന് 2016ല്‍ പോചെയ്ന്‍ മരിച്ചുപോയി എന്നും, അതിനാല്‍ അവരുടെ ഭര്‍ത്താവിന്റെയോ മകന്റെയോ പക്കല്‍ നിന്ന് താന്‍ നേരത്തേ ആവശ്യപ്പെട്ട നഷ്ടപരിഹാരം വാങ്ങിനല്‍കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ വീണ്ടും കോടതിയെ സമീപിച്ചു. 

ഈ പരാതി വിശ്വാസത്തിലെടുത്ത കോടതി പോചെയ്ന്‍ മരിച്ചതായി പരിഗണിച്ചു. തുടര്‍ന്ന് ഔദ്യോഗിക രേഖകളിലെല്ലാം പോചെയ്ന്‍ മരിച്ചുവെന്ന തരത്തില്‍ തിരുത്തലുകള്‍ നടത്തി. ഇതോടെ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങി പോചെയ്‌ന്റെ വ്യക്തിപരമായ രേഖകളെല്ലാം ഔദ്യോഗികമായി റദ്ദാക്കപ്പെട്ടു. 

അങ്ങനെയാണ് താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനുള്ള ബാധ്യതയില്‍ പോചെയ്‌നെത്തുന്നത്. തന്നില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കില്ലെന്ന് ഉറപ്പായപ്പോള്‍ താന്‍ മരിച്ചെന്ന് കാട്ടി ബന്ധുക്കളില്‍ നിന്ന് പണം വസൂലാക്കാനാണ് പരാതിക്കാരിയുടെ ശ്രമമെന്നാണ് പോചെയ്ന്‍ വാദിക്കുന്നത്. 

അതേസമയം മുമ്പ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമീപിച്ചപ്പോള്‍ താന്‍ മരിച്ചുപോയതായി പോചെയ്ന്‍ തന്നെ അഭിനയിച്ചതാണെന്നും അതിനെ തുടര്‍ന്നാണ് തന്റെ കക്ഷി ഇത്തരമൊരു പരാതി കോടതി മുമ്പാകെ എത്തിച്ചതെന്നുമാണ് പരാതിക്കാരിയുടെ അഭിഭാഷകന്‍ അറിയിക്കുന്നത്. ഈ ആരോപണങ്ങളെല്ലാം പോചെയ്ന്‍ നിഷേധിക്കുന്നുണ്ട്. 

ജീവിച്ചിരിക്കെ തന്നെ മരിച്ചുവെന്ന് രേഖപ്പെടുത്തപ്പെട്ട മദ്ധ്യവയസ്‌കയുടെ അനുഭവകഥ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ വ്യാപകശ്രദ്ധയാണ് ഈ സംഭവത്തിന് ലഭിച്ചത്. ആരുടെ ഭാഗത്താണ് പിഴവ് സംഭവിച്ചത്, ആര്‍ക്കാണ് നീതി ലഭ്യമാകേണ്ടത് തുടങ്ങിയ വിഷയങ്ങളില്‍ കാര്യമായ ചര്‍ച്ചകളും ഇപ്പോള്‍ നടക്കുന്നുണ്ട്.

Also Read:- ചുണ്ട് ഭംഗിയാക്കാന്‍ ചികിത്സയെടുത്തു; ഇനിയാര്‍ക്കും ഈ അവസ്ഥ വരരുതെന്ന് യുവതി...

Follow Us:
Download App:
  • android
  • ios