ആഭരണങ്ങള്‍, എപ്പോഴും സ്ത്രീകളുടെ ദൗര്‍ബല്യമാണ്. സ്ത്രീകളുടെ മാത്രമല്ല, ഇന്നത്തെ കാലത്ത് പുരുഷന്മാരും നല്ല രീതിയിയില്‍ ഫാന്‍സി ആഭരണങ്ങള്‍ ഉപയോഗിക്കാറുണ്ട്. ത്രെഡ്, മുത്ത്, മെറ്റല്‍ ആഭരണങ്ങളാണ് അധികവും പുരുഷന്മാര്‍ തെരഞ്ഞെടുക്കാറുള്ളതെന്ന് മാത്രം. 

വിപണിയില്‍ വലിയ തോതിലുള്ള ഡിമാന്‍ഡുള്ളതിനാല്‍ത്തന്നെ എപ്പോഴും പുതിയ ട്രെന്‍ഡുകള്‍ പരീക്ഷിക്കപ്പെടുന്ന മേഖല കൂടിയാണിത്. 'കസ്റ്റമൈസ്' ചെയ്യാവുന്ന ആഭരണങ്ങളാണ് അടുത്ത കാലത്തായി ഏറെ സ്വീകരിക്കപ്പെടുന്നത്. ഉപഭോക്താവിന്റെ ഇഷ്ടാനുസരണം രൂപകല്‍പന ചെയ്യുന്നതിനെയാണ് 'കസ്റ്റമൈസ്' ചെയ്യുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. 

ചിലപ്പോഴെങ്കിലും നമ്മള്‍ പ്രതീക്ഷിക്കാത്ത തരം വസ്തുക്കളുപയോഗിച്ച് വരെ ഇത്തരത്തില്‍ 'ക്‌സറ്റമൈസ്ഡ്' ആഭരണങ്ങള്‍ ലഭ്യമാകാറുണ്ട്. എന്നാല്‍ ഇതല്‍പം കടന്ന കയ്യായിപ്പോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒട്ടാകെ ഉയര്‍ന്നിരിക്കുന്ന വാദം.

വേറൊന്നുമല്ല, മനുഷ്യന്റെ പല്ലുപയോഗിച്ചുണ്ടാക്കിയ ഒരു മോതിരത്തെപ്പറ്റിയാണ് പറയുന്നത്. അരിസോണ സ്വദേശിയായ യുവതിയാണ് വിചിത്രമായ മോതിരത്തിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. തന്റെ ഭാവിവരന്‍ സമ്മാനിച്ചതാണെന്ന് പറഞ്ഞായിരുന്നു മോതിരത്തിന്റെ ചിത്രം ഇവര്‍ പങ്കുവച്ചത്. എന്നാല്‍ പല്ല് കൊണ്ടുണ്ടാക്കിയ മോതിരത്തോട് കൗതുകത്തെക്കാളേറെ അവജ്ഞയോടെയാണ് മിക്കവരും പ്രതികരിച്ചത്. 

കാമുകന്റെ പല്ല് കൊണ്ടുള്ള മോതിരം പോലുമല്ല, മറ്റാരുടേയോ പല്ല് കൊണ്ട് ഉണ്ടാക്കിയതാണ്. ഇതൊരിക്കലും ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ലെന്നാണ് പലരും കമന്റ് ചെയ്യുന്നത്. എന്നാല്‍ ഞാന്‍ ഇത്തരത്തിലുള്ള ഒരാഭരണം ലഭിച്ചതില്‍ സന്തുഷ്ടയാണെന്നും ആ സന്തോഷം പങ്കുവയ്ക്കണമെന്ന് മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂവെന്നും യുവതി മറുപടി നല്‍കി. എന്തായാലും മോതിരവും, അതിന്റെ ശവപ്പെട്ടിയാകൃതിയിലുള്ള പെട്ടിയുമെല്ലാം ചുരുങ്ങിയ സമയത്തിനുള്ളില്‍ കയറി 'ഫേമസ്' ആയെന്ന് സാരം.