വേദന കൂടി വരികയും അലക്സാണ്ടയുടെ കാഴ്ച കുറഞ്ഞ് വരികയും ചെയ്തുതുടങ്ങി. ഇടത് കണ്ണിലെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. മൂന്ന് തവണ ശസ്ത്രക്രിയക്ക് വിധേയയായെങ്കിലും അലക്സാണ്ട്രയ്ക്ക് കാഴ്ച തിരിച്ചുകിട്ടിയില്ല...

വാര്‍സോ: കൃഷ്ണമണിയില്‍ റ്റാറ്റൂ ചെയ്ത മോഡലിന്‍റെ കാഴ്ച നഷ്ടമായി. ഇടത് കണ്ണിന്‍റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടമാകുകയും വലത് കണ്ണിന്‍റേത് ഭാഗികമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പോളണ്ടിലെ വ്രോക്ലോയിലെ മോഡലായ അലക്സാണ്ട്ര സദോവ്സ്കയാണ് കാഴ്ച നഷ്ടമായത്. 

കണ്ണിലെ വെള്ള നിറമുള്ള ഭാഗത്ത് മഷി കുത്തിവച്ച് മറ്റൊരു നിറമാക്കുകയാണ് ചെയ്തത്. ഇതിന്‍റെ അനന്തരഫലം എന്തായിരിക്കുമെന്ന് പറയാനാകില്ല. പ്രാദേശിക റ്റാറ്റൂ കലാകാരനായ പിയോട്ടര്‍ ആണ് 25 കാരിയായ മോഡലിന് റ്റാറ്റൂ ചെയ്തത്. സാധാരണ വേദന മാത്രമേ ഉണ്ടാകൂ എന്നും വേദന വന്നാല്‍ വേദനസംഹാരികള്‍ കഴിച്ചാല്‍ മതിയെന്നുമാണ് അയാള്‍ അലക്സാണ്ട്രയോട് പറഞ്ഞിരുന്നത്. എന്നാല്‍ അലക്സാണ്ട്രയ്ക്ക് വേദന സഹിക്കാനാകുന്നില്ലെന്ന് അവള്‍ പറയുന്നുണ്ടായിരുന്നു. 

വേദന കൂടി വരികയും അലക്സാണ്ടയുടെ കാഴ്ച കുറഞ്ഞ് വരികയും ചെയ്തുതുടങ്ങി. ഇടത് കണ്ണിലെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. മൂന്ന് തവണ ശസ്ത്രക്രിയക്ക് വിധേയയായെങ്കിലും അലക്സാണ്ട്രയ്ക്ക് കാഴ്ച തിരിച്ചുകിട്ടിയില്ല. കണ്ണിലെ കോശങ്ങളിലേക്ക് മഷി പടര്‍ന്നതിനാല്‍ ഇനി കാഴ്ച തിരിച്ചുകിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. മാത്രമല്ല, സാവധാനം വലത് കണ്ണിന്‍റെ കാഴ്ച ശക്തിക്കൂടി ഇല്ലാതാകും. 

ഇതോടെ തനിക്ക് റ്റാറ്റൂ ചെയ്ത പിയോറ്ററിനെതിരെ അലക്സാണ്ട്ര കോടതിയെ സമീപിച്ചു. തനിക്ക് നഷ്ടപരിഹാരം വേണമെന്നും പിയോറ്ററിന് തക്കതായ ശിക്ഷ നല്‍കണമെന്നതുമാണ് അലക്സാണ്ട്രയുടെ ആവശ്യം. അതേസമയം പിയോറ്ററിന് കണ്ണില്‍ ടാറ്റൂ ചെയ്യാന്‍ അറിയില്ലായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ശരീരത്തില്‍ ഉപയോഗിക്കുന്ന മഷി കണ്ണില്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പിയോറ്റര്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.